ഭാഗം 5: ശേബാരാജ്ഞി ശലോമോനെ സന്ദർശിക്കുന്നു
ശലോമോന്റെ മഹത്ത്വവും ശേബാരാജ്ഞിയുടെ സന്ദർശനവും.
ക്രി.മു. 992
Biblica® Open Malayalam Contemporary Version™ (OMCV)
15 യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം: 16 ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി.
12 ദൈവാലയത്തിന്റെ പൂമുഖത്തിനുമുമ്പിൽ ശലോമോൻ നിർമിച്ചിരുന്ന യാഗപീഠത്തിന്മേൽ അദ്ദേഹം യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു. 13 മോശ കൽപ്പിച്ചതിൻപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും മൂന്നു വാർഷികത്തിരുനാളുകളിലും—പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ, ആഴ്ചകളുടെ പെരുന്നാൾ, കൂടാരപ്പെരുന്നാൾ—അതതുദിവസത്തേക്കുള്ള വിധികളനുസരിച്ചുള്ള യാഗങ്ങൾ അദ്ദേഹം അർപ്പിച്ചു. 14 തന്റെ പിതാവായ ദാവീദിന്റെ അനുശാസനമനുസരിച്ച് ശലോമോൻ പുരോഹിതഗണങ്ങളെ അവരുടെ ചുമതലകൾക്കു നിയോഗിച്ചു. ഓരോ ദിവസത്തേക്കുമുള്ള വിധികൾപ്രകാരം സ്തോത്രാർപ്പണശുശ്രൂഷകൾ നയിക്കാനും പുരോഹിതന്മാരെ സഹായിക്കാനുമായി ലേവ്യരെയും നിയോഗിച്ചു. അദ്ദേഹം ദ്വാരപാലകഗണങ്ങളെ വിവിധ കവാടങ്ങളിലെ കാവലിനു നിയോഗിച്ചു. ഇതെല്ലാം ദൈവപുരുഷനായ ദാവീദ് ആജ്ഞാപിച്ചിരുന്നതാണല്ലോ! 15 ഭണ്ഡാരകാര്യങ്ങൾ ഉൾപ്പെടെ യാതൊരു കാര്യത്തിലും പുരോഹിതന്മാരും ലേവ്യരും രാജകൽപ്പനയിൽനിന്നു വ്യതിചലിച്ചില്ല.
16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടനാൾമുതൽ അതിന്റെ പൂർത്തീകരണംവരെ ശലോമോന്റെ എല്ലാ ജോലികളും കൃത്യമായി നടന്നു. അങ്ങനെ യഹോവയുടെ ആലയം പൂർത്തിയായി.
25 ശലോമോൻ, യഹോവയ്ക്കായി നിർമിച്ച യാഗപീഠത്തിന്മേൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നിരുന്നതു കൂടാതെ യഹോവയുടെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിച്ചിരുന്നു. ഇപ്രകാരം, ശലോമോൻ യഹോവയുടെ ആലയത്തോടുള്ള കടപ്പാട് നിർവഹിച്ചുവന്നു.
26 ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു. 27 ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു. 28 അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.
17 അതിനുശേഷം ശലോമോൻ ഏദോം ദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെറിലേക്കും ഏലാത്തിലേക്കും പോയി.
14 ശലോമോൻ രാജാവിനു പ്രതിവർഷം ലഭിച്ചിരുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്ത് ആയിരുന്നു. 15 ഇതു കൂടാതെ വ്യാപാരികളിൽനിന്നും ചെറുകിടകച്ചവടക്കാരിൽനിന്നും ലഭിച്ചിരുന്ന നികുതിയും സകല അറബിരാജാക്കന്മാരിൽനിന്നും ദേശാധിപതികളിൽനിന്നും കപ്പമായി ലഭിച്ചിരുന്നവയും തന്റെ വരുമാനമായിരുന്നു.
16 അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽ വീതം സ്വർണം ചെലവായി. 17 അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മൂന്നു മിന്നാ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.
18 പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു മേൽത്തരമായ സ്വർണംകൊണ്ടു പൊതിഞ്ഞു. 19 സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു; സിംഹാസനത്തിന്റെ മുകൾഭാഗം ഗോളാകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു. 20 പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. 21 ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല. 22 കടലിൽ ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം ഉണ്ടായിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.
23 ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു. 24 ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ സർവലോകരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു. 25 അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു.
26 ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. 27 രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ ദേവദാരു സുലഭവുമാക്കിത്തീർത്തു. 28 ഈജിപ്റ്റിൽനിന്നും കുവേയിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു. 29 ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു.
26 ശലോമോന് പന്തീരായിരം കുതിരപ്പട്ടാളവും കുതിരകളെ കെട്ടുന്നതിന് നാലായിരം കുതിരലായങ്ങളും ഉണ്ടായിരുന്നു.
27 പ്രാദേശികഭരണാധിപന്മാർ ഓരോരുത്തരും താന്താങ്ങളുടെ തവണയനുസരിച്ചുള്ള മാസങ്ങളിൽ ശലോമോൻരാജാവിനുവേണ്ടിയും അദ്ദേഹത്തിന്റെ തീൻമേശയിങ്കലുള്ളവർക്കുവേണ്ടിയും ഭക്ഷ്യവിഭവങ്ങൾ യാതൊരുവിധ കുറവുംകൂടാതെ എത്തിച്ചുകൊടുത്തിരുന്നു. 28 രഥക്കുതിരകൾക്കും മറ്റുകുതിരകൾക്കും ആവശ്യമായ യവവും വൈക്കോലും അവരവരുടെ മുറപ്രകാരം അവ നിൽക്കുന്ന സ്ഥലങ്ങളിൽ അവർ എത്തിച്ചുകൊടുക്കുമായിരുന്നു.
34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.