ഇസ്രായേൽരാജ്യം
ഇസ്രായേലിന്മേലുള്ള യോരാമിന്റെ ഭരണം തുടരുന്നു
ശമര്യയിലെ ഉപരോധവും ക്ഷാമവും
ശമര്യയുടെ ഉപരോധവും ക്ഷാമവും പെട്ടെന്നുള്ള വിടുതലും.
ക്രി.മു. 887
Biblica® Open Malayalam Contemporary Version™ (OMCV)
24 കുറച്ചുനാൾ കഴിഞ്ഞ് അരാംരാജാവായ ബെൻ-ഹദദ് തന്റെ മുഴുവൻ സൈന്യത്തെയും ഒരുമിച്ചുകൂട്ടി ശമര്യയ്ക്കെതിരേവന്ന് ആ പട്ടണം വളഞ്ഞു. 25 ശമര്യാപട്ടണത്തിൽ മഹാക്ഷാമമുണ്ടായി. ഒരു കഴുതത്തലയ്ക്ക് എൺപതു വെള്ളിക്കാശും കാൽകബ് പയറിന്റെതോടിന് അഞ്ചു വെള്ളിക്കാശും വില കയറുമാറ് ഉപരോധം നീണ്ടുനിന്നു.
26 ഇസ്രായേൽരാജാവ് മതിലിന്മേൽക്കൂടി നടന്നുപോകുമ്പോൾ ഒരു സ്ത്രീ അദ്ദേഹത്തോട്: “യജമാനനായ രാജാവേ! രക്ഷിക്കണമേ!” എന്നു നിലവിളിച്ചു.
27 “യഹോവ നിങ്ങളെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെ നിങ്ങളെ രക്ഷിക്കും? മെതിക്കളത്തിൽനിന്നോ? മുന്തിരിച്ചക്കിൽനിന്നോ?” എന്ന് രാജാവു ചോദിച്ചു. 28 പിന്നീട് അദ്ദേഹം: “എന്താണു നിന്റെ സങ്കടം?” എന്നന്വേഷിച്ചു.
അവൾ മറുപടി പറഞ്ഞു: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കിന്ന് അവനെ തിന്നാം; നാളെ നമുക്ക് എന്റെ മകനെ പാകപ്പെടുത്തി തിന്നാം!’ എന്നു പറഞ്ഞു. 29 അങ്ങനെ ഞങ്ങൾ എന്റെ മകനെ അറത്തു വേവിച്ചുതിന്നു. അടുത്തദിവസം ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കവനെ പാകമാക്കാം’ എന്നു പറഞ്ഞു. എന്നാൽ അവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.”
30 ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. അദ്ദേഹം മതിലിന്മേൽക്കൂടി നടന്നുപോകുകയായിരുന്നു. അദ്ദേഹം ചാക്കുശീലയാണ് അടിവസ്ത്രമായി ധരിച്ചിരിക്കുന്നതെന്ന് ജനങ്ങൾ കണ്ടു. 31 “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ കഴുത്തിനുമുകളിൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ!” എന്നു രാജാവു പറഞ്ഞു.
32 ആ സമയം എലീശാ തന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. പട്ടണനേതാക്കന്മാരും അദ്ദേഹത്തോടൊപ്പം ഇരുന്നിരുന്നു. രാജാവു തന്റെ ദൂതനെ മുൻപേ അയച്ചു. എന്നാൽ അയാൾ വന്നെത്തുന്നതിനുമുമ്പേ എലീശാ പട്ടണനേതാക്കന്മാരോട്: “ഈ കൊലപാതകി എന്റെ തല അറക്കാനായി ഒരുവനെ അയച്ചിരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ? നോക്കൂ, ആ ദൂതൻ വരുമ്പോൾ കതക് അടച്ചേക്കുക, അത് അവനെതിരേ അടഞ്ഞുതന്നെ കിടക്കട്ടെ! അവന്റെ യജമാനന്റെ കാലടിശബ്ദവും അവന്റെ പിന്നിൽ ഉണ്ടല്ലോ?” എന്നു പറഞ്ഞു. 33 എലീശാ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ദൂതൻ അദ്ദേഹത്തിന്റെ അടുക്കലെത്തി.
“ഈ വിപത്ത് യഹോവയിൽനിന്ന് വന്നു; ഞാൻ എന്തിന് ഇനി യഹോവയ്ക്കായി കാത്തിരിക്കണം?” എന്നു രാജാവു പറഞ്ഞു.
7:1 അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാടു കേൾക്കുക; നാളെ ഈ നേരത്ത് ശമര്യാപട്ടണകവാടത്തിൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെടുമെന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
2 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവപുരുഷനോട്: “നോക്കൂ, യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാൽത്തന്നെയും ഇതു സാധ്യമാകുമോ?” എന്നു ചോദിച്ചു.
“നിന്റെ കണ്ണുകൊണ്ട് നീ അതു കാണും; എങ്കിലും നീ അതു ഭക്ഷിക്കുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു.
3 അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു? 4 ‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.”
5 സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. 6 രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. 7 അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി.
8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു.
9 പിന്നെ അവർ പരസ്പരം: “നാം ഈ ചെയ്യുന്നതു ശരിയല്ല. ഇന്ന് നല്ല വാർത്തയുള്ള ദിവസമാണ്. നാമത് നമുക്കുമാത്രമായി സൂക്ഷിച്ച് പ്രഭാതംവരെ ഈ വാർത്ത ആരെയും അറിയിക്കാതെ കാത്തിരുന്നാൽ നമുക്കു ശിക്ഷയുണ്ടാകും. അതിനാൽ നമുക്കുപോയി രാജകൊട്ടാരത്തിൽ വിവരം അറിയിക്കാം” എന്നു പറഞ്ഞു.
10 അങ്ങനെ അവർ ചെന്ന് നഗരകവാടത്തിൽ കാവൽനിൽക്കുന്നവരെ വിളിച്ച് അവരോടു പറഞ്ഞു: “ഞങ്ങൾ അരാമ്യരുടെ പാളയത്തിൽ പോയിരുന്നു; അവിടെ ആരുമില്ലായിരുന്നു. ഒരു മനുഷ്യന്റെയും ശബ്ദം കേൾക്കാനില്ല. കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടേ നിൽക്കുന്നു. കൂടാരങ്ങളും അതേപടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.” 11 കാവൽക്കാർ ഈ വാർത്ത വിളിച്ചുപറഞ്ഞു. രാജകൊട്ടാരത്തിൽ അതിനെപ്പറ്റി അറിവുകൊടുത്തു.
12 രാജാവ് രാത്രിയിൽത്തന്നെ എഴുന്നേറ്റ് തന്റെ കാര്യസ്ഥന്മാരോടു പറഞ്ഞു: “അരാമ്യർ നമുക്കെതിരേ ആസൂത്രണം ചെയ്തിരിക്കുന്നതെന്തെന്നു ഞാൻ പറയാം; നാം പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതിനാൽ അവർ പാളയം വിട്ട് വയലിൽപ്പോയി ഒളിച്ചിരിക്കുകയാണ്. ‘അവർ പട്ടണത്തിൽനിന്ന് പുറത്തുവരും; അപ്പോൾ നമുക്കവരെ ജീവനോടെ പിടിക്കാം; നഗരത്തിൽ പ്രവേശിക്കുകയും ചെയ്യാം’ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.”
13 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ പറഞ്ഞു: “പട്ടണത്തിൽ ശേഷിപ്പിച്ചിരിക്കുന്നതിൽ അഞ്ചു കുതിരകളുമായി ചിലരെ നമുക്ക് അയച്ചുനോക്കാം. നാശത്തിലായിരിക്കുന്ന ഈ എല്ലാ ഇസ്രായേല്യർക്കും വരുന്ന ഗതിതന്നെയാണല്ലോ അവർക്കും വരുന്നത്. അതുകൊണ്ട് നമുക്ക് അവരെ അയച്ച് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാം.”
14 അങ്ങനെ അവർ രണ്ടുരഥങ്ങളെയും അവയുടെ കുതിരകളെയും തെരഞ്ഞെടുത്തു. രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു. “പോയി, എന്താണു സംഭവിച്ചതെന്ന് കണ്ടുപിടിക്കുക!” എന്ന് അദ്ദേഹം അവരോടു കൽപ്പിച്ചു. 15 അവർ അരാമ്യരെ യോർദാൻവരെയും പിൻതുടർന്നു. അമാര്യർ പരിഭ്രാന്തരായി പാഞ്ഞുപോകുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിൽ ചിതറിക്കിടന്നിരുന്നു. ആ ദൂതന്മാർ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു. 16 അപ്പോൾ ജനം ഇറങ്ങിച്ചെന്ന് അരാമ്യപാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ അരുളിച്ചെയ്തതുപോലെ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെട്ടു.
17 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന അതേ സൈനികോദ്യോഗസ്ഥനെയായിരുന്നു നഗരവാതിൽ കാക്കാൻ നിയോഗിച്ചിരുന്നത്. ജനം അയാളെ ചവിട്ടിമെതിച്ചുകളഞ്ഞു. രാജാവു തന്റെ ഭവനത്തിലേക്കു വന്നപ്പോൾ ദൈവപുരുഷൻ പ്രവചിച്ചതുപോലെ അയാൾ മരിച്ചുപോയി. 18 “നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതിൽക്കൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിന് രണ്ടുസേയാ യവവും വിൽക്കും,” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു.
19 അപ്പോൾ, “യഹോവ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാലും അതു സാധ്യമാണോ?” എന്ന് ആ ഉദ്യോഗസ്ഥൻ ദൈവപുരുഷനോടു ചോദിച്ചിരുന്നു. “നിന്റെ സ്വന്തംകണ്ണുകൊണ്ട് നീ അതു കാണും; എന്നാൽ നീ അതു ഭക്ഷിക്കുകയില്ല” എന്നു ദൈവപുരുഷൻ അയാളോടു മറുപടിയും പറഞ്ഞിരുന്നു. 20 അപ്രകാരംതന്നെ അയാൾക്കു സംഭവിച്ചു. ജനം നഗരകവാടത്തിൽവെച്ച് അയാളെ ചവിട്ടിമെതിച്ചതിനാൽ അയാൾ മരിച്ചുപോയി.
8:1 താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ സ്ത്രീയോട് എലീശാ: “നീ കുടുംബസഹിതം പോയി സാധ്യമായ ഏതെങ്കിലും സ്ഥലത്തു പരദേശവാസം ചെയ്യുക; യഹോവ നാട്ടിൽ ഒരു ക്ഷാമം വരുത്താൻപോകുന്നു. അത് ഏഴുവർഷം നീണ്ടുനിൽക്കും” എന്നു പറഞ്ഞു. 2 ദൈവപുരുഷൻ പറഞ്ഞതുപോലെ അവൾ ചെയ്തു. അവളും കുടുംബവും പുറപ്പെട്ട് ഫെലിസ്ത്യദേശത്തു ചെന്നു. അവർ ഏഴുവർഷം അവിടെ താമസിച്ചു.
3 ഏഴുവർഷം കഴിഞ്ഞപ്പോൾ അവൾ ഫെലിസ്ത്യദേശത്തുനിന്നു തിരിച്ചുവന്നു. അവൾ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുത്തെത്തി. 4 അപ്പോൾ രാജാവ് ദൈവപുരുഷന്റെ പരിചാരകനായ ഗേഹസിയോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എലീശാ ചെയ്ത സകല അത്ഭുതകാര്യങ്ങളെക്കുറിച്ചും എന്നോടു പറയുക,” എന്ന് അദ്ദേഹം ഗേഹസിയോടു കൽപ്പിച്ചു. 5 എലീശാ മരിച്ചവനെ ജീവിപ്പിച്ച വിവരം ഗേഹസി രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, എലീശാ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ ആ സ്ത്രീ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുക്കൽവന്നു.
അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ആ സ്ത്രീ ഇവളാണ്; എലീശാ പുനർജീവിപ്പിച്ച കുട്ടി ഇവനുമാകുന്നു” എന്നു പറഞ്ഞു. 6 ആ സംഭവത്തെക്കുറിച്ചു രാജാവ് അവളോടു ചോദിച്ചപ്പോൾ അവൾ സംഭവം വിവരിച്ചു.
അതിനുശേഷം രാജാവ് അവളുടെ കാര്യത്തിന് ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു, അയാളോട്: “അവൾക്കുണ്ടായിരുന്നതെല്ലാം, അവൾ ദേശം വിട്ടനാൾമുതൽ ഇന്നുവരെയുള്ള ആദായമുൾപ്പെടെ അവൾക്കു കൊടുക്കണം” എന്നു കൽപ്പിച്ചു.