ഭാഗം 6: അഹസ്യാവിന്റെ ഭരണം

യെഹൂദാരാജ്യം

ക്രി.മു. 884

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 8:25

25 ഇസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെഹൂദ്യയിൽ രാജാവായി.

2 ദിനവൃത്താന്തം 22:1–7

1 അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.

2 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.

3 മാതാവിന്റെ ദുഷ്‌പ്രേരണമൂലം അഹസ്യാവും ആഹാബുഭവനത്തിന്റെ വഴികളിൽത്തന്നെ ജീവിച്ചു. 4 തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു. 5 ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. 6 രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി.

ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.

7 യോരാമിന്റെ അടുക്കലേക്കുള്ള അഹസ്യാവിന്റെ സന്ദർശനം, ദൈവം അദ്ദേഹത്തിന്റെ നാശത്തിന് കാരണമാക്കിത്തീർന്നു. അഹസ്യാവ് അവിടെ എത്തിയപ്പോൾ ആഹാബു ഭവനത്തെ നിശ്ശേഷം നശിപ്പിക്കാനായി യഹോവ അഭിഷേകംചെയ്ത് അയച്ചവനും നിംശിയുടെ മകനുമായ യേഹുവിനെ നേരിടാൻ അദ്ദേഹവും യോരാമിനോടുകൂടെ പോയി.

2 രാജാക്കന്മാർ 9:27

27 സംഭവിച്ചതെന്താണെന്ന് യെഹൂദാരാജാവായ അഹസ്യാവ് കണ്ടപ്പോൾ ബേത്ത്-ഹഗ്ഗാനുനേരേയുള്ള വഴിയിലൂടെ ഓടി. “അവനെയും വെട്ടിക്കളയുക,” എന്ന് യേഹു കൽപ്പിച്ചു. അവർ അയാളെ യിബ്ലെയാമിനു സമീപം ഗൂരിലേക്കുള്ള കയറ്റത്തിൽവെച്ച് രഥത്തിൽവെച്ചുതന്നെ വെട്ടി. എന്നാൽ അഹസ്യാവ് മെഗിദ്ദോവിലേക്കു രക്ഷപ്പെട്ടു. അവിടെവെച്ചു മരിക്കുകയും ചെയ്തു.

2 ദിനവൃത്താന്തം 22:8–9

8 ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു. 9 അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.

2 രാജാക്കന്മാർ 9:28–29

28 അഹസ്യാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തെ രഥത്തിൽത്തന്നെ ജെറുശലേമിലേക്കു കൊണ്ടുപോകുകയും ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ അടുക്കലുള്ള സ്വന്തം കല്ലറയിൽ അടക്കംചെയ്യുകയും ചെയ്തു. 29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാമാണ്ടിൽ അഹസ്യാവ് യെഹൂദ്യയിൽ രാജാവായിത്തീർന്നിരുന്നു.

2 രാജാക്കന്മാർ 8:26–29

26 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഇസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളായിരുന്നു. 27 ആഹാബിന്റെ ഭവനത്തോട് അഹസ്യാവ് വിവാഹംവഴി ബന്ധപ്പെട്ടിരുന്നതിനാൽ ആ ഭവനം ചെയ്തിരുന്നതുപോലെ അദ്ദേഹവും ആഹാബുഗൃഹത്തിന്റെ വഴികളിൽ ജീവിക്കുകയും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.

28-29 അഹസ്യാവ് ഗിലെയാദിലെ രാമോത്തിൽ ആഹാബിന്റെ മകൻ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ പോയി; അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. അതിനാൽ യോരാംരാജാവ്, അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്ക് അരാമ്യർ ഏൽപ്പിച്ച മുറിവുകൾ ചികിത്സിക്കാനായി യെസ്രീലിലേക്കു മടങ്ങി.

ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.

ഇസ്രായേൽരാജ്യം ക്രി.മു. 885

ഇസ്രായേലിന്മേലുള്ള യോരാമിന്റെ ഭരണം അവസാനിക്കുന്നു

ഹസായേലിന്റെ ഗൂഢാലോചന

2 രാജാക്കന്മാർ 8:7–15

7 എലീശാ ദമസ്കോസിലേക്കുപോയി. അരാംരാജാവായ ബെൻ-ഹദദ് അന്ന് രോഗിയായിരുന്നു. “ദൈവപുരുഷൻ അവിടെ വന്നെത്തിയിട്ടുണ്ട്,” എന്നു കേട്ടപ്പോൾ 8 രാജാവ് ഹസായേലിനോട്: “നിന്റെ പക്കൽ ഒരു സമ്മാനം എടുത്തുകൊണ്ടുപോയി ദൈവപുരുഷനെ കാണുക; ഈ രോഗം മാറി എനിക്ക് സൗഖ്യം ലഭിക്കുമോ എന്ന് അദ്ദേഹംമുഖേന യഹോവയോട് അരുളപ്പാടു ചോദിക്കുക” എന്നു കൽപ്പിച്ചു.

9 അങ്ങനെ ഹസായേൽ എലീശയെ കാണുന്നതിനു പുറപ്പെട്ടു. ദമസ്കോസിലെ സകലവിശിഷ്ട വസ്തുക്കളിൽനിന്ന് നാൽപ്പത് ഒട്ടകച്ചുമടുകൾ അദ്ദേഹത്തിനു കാഴ്ചയായി ഹസായേൽ കൊണ്ടുപോയിരുന്നു. അദ്ദേഹം ചെന്ന് എലീശയുടെമുമ്പിൽ നിന്ന്: “അങ്ങയുടെ മകനും അരാംരാജാവുമായ ബെൻ-ഹദദ് എന്നെ അയച്ചിരിക്കുന്നു. ‘താൻ ഈ രോഗത്തിൽനിന്നു വിമുക്തനാകുമോ,’ എന്ന് അങ്ങയോടു ചോദിക്കാനും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.”

10 “ ‘നീ തീർച്ചയായും സുഖംപ്രാപിക്കും’ എന്നു നീ ചെന്ന് അദ്ദേഹത്തോടു പറയുക; എന്നാൽ അദ്ദേഹം നിശ്ചയമായും മരിക്കുമെന്നും യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” 11 ഹസായേലിനു ലജ്ജതോന്നുന്നതുവരെ എലീശാ അയാളെ കണ്ണുപറിക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അതിനുശേഷം ദൈവപുരുഷൻ കരയാൻ തുടങ്ങി.

12 “യജമാനൻ കരയുന്നതെന്തിന്?” ഹസായേൽ ചോദിച്ചു.

“നീ ഇസ്രായേലിനു ചെയ്യാൻപോകുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടുതന്നെ. നീ അവരുടെ കെട്ടുറപ്പുള്ള പട്ടണങ്ങളെ തീയിൽ ദഹിപ്പിക്കും; അവരുടെ യുവാക്കളെ വാൾകൊണ്ടു കൊല്ലുകയും ശിശുക്കളെ നിലത്തടിച്ചു ചിതറിക്കുകയും അവരുടെ ഗർഭിണികളെ പിളർക്കുകയും ചെയ്യും.”

13 “വെറും ഒരു നായായിരിക്കുന്ന അടിയന് ഇത്തരം സാഹസകൃത്യങ്ങൾ ചെയ്യാൻ എങ്ങനെ കഴിയും?” എന്നു ഹസായേൽ ചോദിച്ചു.

“നീ അരാംരാജാവായിത്തീരുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു,” എന്ന് എലീശാ മറുപടികൊടുത്തു.

14 അതിനുശേഷം ഹസായേൽ എലീശയെ വിട്ട് തന്റെ യജമാനന്റെ അടുത്തേക്കുപോയി. “എലീശാ നിന്നോട് എന്തു പറഞ്ഞു?” എന്ന് ബെൻ-ഹദദ് ചോദിച്ചപ്പോൾ, “അങ്ങുവേഗത്തിൽ സുഖംപ്രാപിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് ഹസായേൽ മറുപടി നൽകി. 15 പിറ്റേദിവസം ഹസായേൽ ഒരു പുതപ്പെടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ രാജാവു മരിക്കാനിടയായി. അതിനുശേഷം ഹസായേൽ അദ്ദേഹത്തിനുപകരം രാജാവായി.