ഏഴാമത്തെ കാഹളം: സഭ ആനന്ദിക്കുന്നു
ഏഴാമത്തെ കാഹളം മുഴങ്ങുന്നു. 1260 വർഷത്തിന്റെ അവസാനത്തിൽ സാക്ഷികൾ നേടാനിരിക്കുന്ന വിജയം പ്രതീക്ഷിച്ച് സാർവത്രികസഭ ആനന്ദിക്കുന്നു.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
15 ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ,
“ലോകഭരണം നമ്മുടെ കർത്താവിനും
അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു;
അവിടന്ന് എന്നെന്നേക്കും ഭരിക്കും”
എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി. 16 ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:
17 “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ
സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ
ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
18 രാജ്യങ്ങൾ ക്രുദ്ധിച്ചു;
അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു.
മരിച്ചവരെ ന്യായംവിധിക്കാനും;
അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും
അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും
ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും
ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”
മഹാസർപ്പം സഭയെ പീഡിപ്പിക്കുന്നു
ചെറിയ ചുരുളിന്റെ രണ്ടാം വിഭാഗം. ഒരു ആൺകുഞ്ഞിനെ വേദനയോടെ പ്രസവിക്കുകയും ഏഴ് തലയും പത്ത് കൊമ്പുമുള്ള ഒരു മഹാസർപ്പത്താൽ മരുഭൂമിയിലേക്ക് ഓടിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പ്രതീകങ്ങളിലൂടെ, സത്യസന്ധരും വിശ്വസ്തരുമായ ക്രിസ്ത്യാനികളെ ജനിപ്പിക്കുന്ന ക്രിസ്തുവിന്റെ സഭയെ, ഈ ലോകത്തിലേക്ക് ആദ്യം തിന്മ കൊണ്ടുവന്ന ദുരാത്മാവ് പീഡിപ്പിക്കുന്നതിനെക്കുറിച്ച് ഇത് പ്രവചിക്കുന്നു. ഈ പോരാട്ടവും 606 മുതൽ 1866 വരെ 1260 വർഷം നീണ്ടുനിൽക്കുന്നു.
19 അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു; ആലയത്തിനുള്ളിൽ ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ദൃശ്യമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
12:1 സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം. 2 അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു. 3 അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി. 4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു. 5 “സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു. 6 സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.
7 അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി. 8 എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു. 9 ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
10 ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു:
“ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും
രാജ്യവും
തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു.
നമ്മുടെ സഹോദരങ്ങളെക്കുറിച്ച്
ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി,
താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
11 അവർ കുഞ്ഞാടിന്റെ രക്തവും
തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം
അവനെ ജയിച്ചു;
അവസാനശ്വാസംവരെ
അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
12 അതുകൊണ്ട്, സ്വർഗവും
സ്വർഗവാസികളുമായവരേ, ആനന്ദിക്കുക!
എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം!
തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്,
പിശാച് ഉഗ്രകോപത്തോടെ
നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
13 ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു. 14 മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു. 15 സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. 16 എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു. 17 മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.
ദുരാത്മാവിന്റെ പ്രതിനിധി റോമിന്റെ അധികാരശക്തിയാണ്
ചെറിയ ചുരുളിന്റെ മൂന്നാം വിഭാഗം. ദൈവത്തിന്റെ സത്യസഭയെ 1260 വർഷം പീഡിപ്പിച്ച ദുരാത്മാവിന്റെ പ്രതിനിധിയെ, റോമിന്റെ അധികാരശക്തിക്കുമാത്രം യോജിക്കുന്ന അടയാളങ്ങളിലൂടെ ഇത് വിവരിക്കുന്നു.
1 അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി. 3 മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു. 4 മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.
5 അഹന്തനിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു. 6 ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു. 7 വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവനു ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവനു നൽകപ്പെട്ടു. 8 ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.
9 ചെവിയുള്ളവർ കേൾക്കട്ടെ.
10 “ബന്ധനത്തിനായി വിധിക്കപ്പെട്ടവർ
ബന്ധനത്തിലേക്കു പോകുന്നു.
വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ
വാളിനാൽ വധിക്കപ്പെടുന്നു.”
ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.
റോമിലെ സഭയുടെ ആത്മികഭരണം
ചെറിയ ചുരുളിന്റെ നാലാം വിഭാഗം. 1260 വർഷക്കാലത്ത് യൂറോപ്പിലെ ലൗകിക അധികാരശക്തികൾ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്ത റോമിലെ സഭയുടെ ആത്മികഭരണത്തെ ഇത് ചിത്രീകരിക്കുന്നു.
11 ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു; 12 അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു. 13 മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. 14 മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. 15 മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു. 16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു. 17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു.
18 ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.