ഭാഗം 5: പെസഹ സ്ഥാപിക്കപ്പെടുന്നു

ക്രി.മു. 1491

Biblica® Open Malayalam Contemporary Version™ (OMCV)

പുറപ്പാട് 12:1–20

1 യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു, 2 “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം. 3 ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം. 4 ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം. 5 നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം. 6 മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം. 7 പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം. 8 അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം. 9 തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. 10 രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം. 11 നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു!

12 “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. 13 നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.

14 “ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. 15 നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. 16 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്.

17 “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. 18 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 19 ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം. 20 പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.”