ഭാഗം 6: പത്ത് ബാധകൾ സമാപിക്കുന്നു
ഒൻപതാം ബാധ: മൂന്നുദിവസത്തെ ഇരുട്ട്
ക്രി.മു. 1491
Biblica® Open Malayalam Contemporary Version™ (OMCV)
21 അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. 22 അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. 23 ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24 അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു.
25 അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. 26 ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.”
27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല.
പത്താം ബാധ: ആദ്യജാതർ കൊല്ലപ്പെടുന്നു
ആദ്യജാതരുടെ മരണത്തെക്കുറിച്ചുള്ള ഭീഷണി
1 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഫറവോന്റെയും ഈജിപ്റ്റിന്റെയുംമേൽ ഒരു ബാധകൂടി വരുത്തും. അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ സകലരെയും പുറത്താക്കും. 2 പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.” 3 യഹോവ ഈജിപ്റ്റുകാർക്ക് ഇസ്രായേൽജനത്തോടു കരുണതോന്നിപ്പിച്ചു. മോശ ഈജിപ്റ്റിൽ, ഫറവോന്റെ ഉദ്യോഗസ്ഥന്മാർക്കും ഈജിപ്റ്റിലെ ജനതയ്ക്കും സമാരാധ്യനായിരുന്നു.
4 മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും. 5 സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും. 6 മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും. 7 എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും. 8 താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു.
28 ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു.
29 അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
9 യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. 10 മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല.
പെസഹ ഭക്ഷിക്കപ്പെടുന്നു
21 ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. 22 ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. 23 യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.
24 “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. 25 യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. 26 ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, 27 ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. 28 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
ആദ്യജാതർ കൊല്ലപ്പെടുന്നു
29 അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു. 30 ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.