യെഹൂദേതരരെക്കുറിച്ചുള്ള രഹസ്യം പൗലോസിനു വെളിപ്പെടുത്തപ്പെടുന്നു
മോശയുടെ ന്യായപ്രമാണത്തിനു വിധേയരാകാതെതന്നെ യെഹൂദേതരർ യെഹൂദർക്കുള്ള അതേ പ്രത്യേകാവകാശങ്ങളിലേക്കു പ്രവേശിപ്പിക്കപ്പെടുന്നുവെന്നു വാദിച്ചതിനാലാണ് താൻ ഇപ്പോൾ തടവനുഭവിക്കുന്നതെന്ന് പൗലോസ് ഉറപ്പിച്ചു പറയുന്നു. അവർക്കുവേണ്ടി തനിക്കു നൽകപ്പെട്ട കൃപയുടെ കാര്യവിചാരകത്വത്തെക്കുറിച്ച് അവർ കേട്ടിരുന്നതിനാൽ അവർക്ക് ഇതു സംശയിക്കാനാവില്ലായിരുന്നു. താൻ മുമ്പേ അവരോടു പറഞ്ഞതുപോലെ (എഫേസ്യർ 1:9–10; 2:11–22), ദൈവം ഈ ഉപദേശം അദ്ദേഹത്തിനു നേരിട്ടു വെളിപ്പെടുത്തിയിരുന്നു: സുവിശേഷത്തിലൂടെ യെഹൂദേതരർ യെഹൂദരോടൊപ്പം കൂട്ടവകാശികളും ഒരേ ശരീരത്തിൽ ചേർക്കപ്പെട്ടവരും ക്രിസ്തുവിനെക്കുറിച്ചുള്ള അവിടത്തെ വാഗ്ദാനത്തിൽ കൂട്ടുപങ്കാളികളും ആകണം എന്നതായിരുന്നു അത്. ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതി പ്രസംഗിക്കേണ്ടതിന്, കൃപയുടെ സൗജന്യദാനത്തിന്റെ ശക്തമായ പ്രവർത്തനത്താൽ അദ്ദേഹം ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനാക്കപ്പെട്ടു. അങ്ങനെ, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ സകല മനുഷ്യരെയും രക്ഷയിലേക്കു കൊണ്ടുവരുന്ന രഹസ്യം മനസ്സിലാക്കാൻ യെഹൂദർക്കും യെഹൂദേതരർക്കും മതിയായ പ്രകാശം ലഭിക്കും. മറ്റു വ്യവസ്ഥകളെപ്പോലെ ഇതും ലോകസ്ഥാപനംമുതൽ യേശുക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടത്, അഥവാ രൂപപ്പെട്ടത്, ആയിരുന്നെങ്കിലും ദൈവം ഇതുവരെ അതു മറച്ചുവെച്ചിരുന്നു. അങ്ങനെ, ക്രമേണ വെളിപ്പെടുന്ന ദൈവത്തിന്റെ ബഹുവിധ ജ്ഞാനം, സഭയോടുള്ള അവിടത്തെ ഇടപെടലുകളിലൂടെ ദൂതാത്മാക്കൾക്ക് അറിയപ്പെടാനും ഇടയാകും. ക്രിസ്തുയേശുവിൽ അവിടന്ന് ഏർപ്പെടുത്തിയ ബാഹ്യക്രമം അഥവാ ക്രമീകരണം അനുസരിച്ചാണിത്. ക്രിസ്തുയേശുവിലൂടെ നമുക്കു സ്വതന്ത്രമായി പ്രാർഥിക്കാനും, നമ്മുടെ പ്രാർഥന കേൾക്കപ്പെടുമെന്നു വിശ്വാസത്താൽ പൂർണ ഉറപ്പോടെ ദൈവസന്നിധിയിൽ പ്രവേശിക്കാനും കഴിയും.
ക്രി.പി. 61
Biblica® Open Malayalam Contemporary Version™ (OMCV)
1 അതുകൊണ്ട്, പൗലോസ് എന്ന ഞാൻ യെഹൂദേതരരായ നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ തടവുകാരനായിരിക്കുന്നു.
2 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ ഏൽപ്പിച്ച ദൈവകൃപയുടെ കാര്യവിചാരകത്വം എന്തെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 3 ഞാൻ മുമ്പേതന്നെ ചുരുക്കത്തിൽ എഴുതിയിട്ടുള്ളതുപോലെ, വെളിപ്പാടിനാൽ എനിക്ക് ആ രഹസ്യം അറിയാൻ കഴിഞ്ഞു. 4 ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും. 5 ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. 6 സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം.
7 ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു. 8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും 9 സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്. 10-11 ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു. 12 ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം.
എഫേസ്യരുടെ ശക്തിക്കായി പൗലോസ് പ്രാർഥിക്കുന്നു
തങ്ങൾക്കുവേണ്ടി താൻ സഹിക്കുന്ന കഷ്ടങ്ങൾ നിമിത്തം ധൈര്യം കെടരുതെന്ന് പൗലോസ് എഫേസ്യരോട് അപേക്ഷിക്കുന്നു; കാരണം ഇവ അവരുടെ മഹത്ത്വത്തിന്, അഥവാ നന്മയ്ക്ക്, ഉള്ളവയാണ്; തന്റെ വിശ്വസ്തതയും, അവരെക്കുറിച്ചു തനിക്കു വെളിപ്പെടുത്തപ്പെട്ട ഉപദേശത്തിന്റെ സത്യത്തിലുള്ള തന്റെ ഉറച്ച ബോധ്യവും അവ തെളിയിക്കുന്നു. അവർ ധൈര്യം കെടാതിരിക്കാനായി, ഭൂമിയിലെ സകലവിശ്വാസികൾക്കും സ്വർഗത്തിലെ ആത്മാക്കൾക്കും പേരു ലഭിക്കുന്ന ദൈവത്തോട് പൗലോസ് അവർക്കുവേണ്ടി പ്രാർഥിക്കുന്നു. തന്റെ സൗജന്യകരുണയുടെ സമ്പന്നതയ്ക്കൊത്തവിധം അവർ തങ്ങളുടെ അകത്തെ മനുഷ്യനിൽ, അഥവാ ആത്മാവിൽ, തന്റെ പരിശുദ്ധാത്മാവിനാൽ ശക്തിയോടെ ബലപ്പെടാൻ ദൈവം അവർക്കു വരം നൽകണമെന്ന് അദ്ദേഹം പ്രാർഥിക്കുന്നു; അങ്ങനെ ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയും അടിസ്ഥാനമിട്ടും, ഭൂമിയിലെങ്ങും വ്യാപിച്ച് സ്വർഗംവരെ എത്തുന്നതും, പരിമിതമായ അറിവിനെ കവിയുന്ന ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹത്തിന്മേൽ സ്ഥാപിതവുമായ ക്രൈസ്തവ ആലയത്തിന്റെ, അഥവാ സഭയുടെ, അനന്തമായ അളവുകൾ ഗ്രഹിക്കാൻ അവർക്കു കഴിയേണ്ടതിനും, ദൈവത്തിന്റെ സകല ആത്മീയവരങ്ങളാലും അവർ നിറയേണ്ടതിനുംതന്നെ. തങ്ങൾക്കു നൽകപ്പെട്ട ആത്മീയവരങ്ങളിലൂടെ തങ്ങളിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ വീര്യമുള്ള ശക്തി മുമ്പേ അറിഞ്ഞിരുന്ന എഫേസ്യരുടെ വിശ്വാസം ബലപ്പെടുത്താൻ, അദ്ദേഹം ഉദാത്തമായ ഒരു സ്തുതിഗീതത്തോടെ അവസാനിപ്പിക്കുന്നു.
13 അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു.
14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ 15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു. 16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും, 17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും, 18-19 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.
20 എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന് 21 സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
ഒരു ശരീരം, ഒരു ആത്മാവ്, ഒരു കർത്താവ്
തന്റെ പ്രബോധനം അനുസരിക്കാൻ എഫേസ്യരെ പ്രേരിപ്പിക്കുന്നതിനായി, താൻ ഇപ്പോൾ അവർക്കുവേണ്ടി കർത്താവിന്റെ തടവുകാരനായിരിക്കുന്നുവെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു: ചങ്ങലകളിലായിരിക്കുന്ന അദ്ദേഹം സ്വതന്ത്രരായിരിക്കുന്നവരോട്, തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഉന്നതമായ വിശേഷാവകാശങ്ങൾക്കു യോഗ്യരായി ജീവിക്കാൻ ആഹ്വാനം ചെയ്യുന്നു. കീഴടങ്ങലോടും സൗമ്യതയോടും ക്ഷമയോടുംകൂടെ പരസ്പരം സഹിച്ചുകൊണ്ട് അവർ അങ്ങനെ ജീവിക്കണം; സമാധാനത്തിന്റെ ബന്ധത്തിൽ അവരെ ഒന്നിപ്പിക്കുന്ന ഒരേ ആത്മാവിനാൽ വീണ്ടും ജനിച്ച് നയിക്കപ്പെടുന്നവർക്കു യോജിച്ച ഐക്യം അവർ കാത്തുസൂക്ഷിക്കേണ്ടതിനാണിത്. കാരണം ക്രിസ്തുവിന്റെ സുവിശേഷത്തിൽ വിഭജനമില്ല. ഒരു ശരീരം, അഥവാ ക്രിസ്തുവിന്റെ സഭ; ആ ശരീരത്തിന് ജീവൻ നൽകുന്ന ഒരു പരിശുദ്ധാത്മാവ്; നിത്യജീവന്റെ ഒരു പ്രത്യാശ; ആ ശരീരത്തിന്റെ ശിരസ്സായ ഒരു കർത്താവ്; ഒരു മതവ്യവസ്ഥയും രക്ഷയ്ക്കുള്ള ഒരു വ്യവസ്ഥയും; പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ഒരു സ്നാനം; എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും വ്യാപിച്ചിരിക്കുന്നവനും തന്റെ ആത്മാവിലൂടെ എല്ലാവരിലും വസിക്കുന്നവനുമായ, യെഹൂദരുടെയും യെഹൂദേതരരുടെയും പിതാവായ ഒരു ദൈവം—ഇവയാണുള്ളത്.
1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്. 2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക. 3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക. 4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്, 5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും 6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.
സഭയ്ക്ക് ക്രിസ്തു ദാനമായി നൽകിയ ശുശ്രൂഷാപദവികൾ
ആത്മീയാനുഗ്രഹങ്ങളിൽ സകലമനുഷ്യരെയും തുല്യരാക്കുന്ന അതേ ദൈവംതന്നെ, ദാവീദിന്റെ വാക്കുകൾക്കൊത്തവിധം (സങ്കീർത്തനം 68:18), ഓരോ മനുഷ്യനും താൻ പ്രാപിച്ച വരങ്ങളുടെ ഉപയോഗത്തിനും സ്വഭാവത്തിനും ചേർന്ന ശുശ്രൂഷാസ്ഥാനങ്ങൾ നൽകിയിരിക്കുന്നു എന്നു പൗലോസ് കാണിക്കുന്നു. അവിടന്ന് ആരോഹണംചെയ്തു എന്ന ഈ വചനം, അവിടന്ന് ആദ്യം ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു സൂചിപ്പിക്കുന്നു: അവിടന്ന് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് കല്ലറയിൽ കിടക്കാൻ വിധേയനായി; ഇറങ്ങിവന്ന് തന്നെത്തന്നെ താഴ്ത്തിയവൻതന്നെയാണ് അത്യുന്നതസ്വർഗത്തിലേക്ക് ആരോഹണംചെയ്ത ദിവ്യവ്യക്തി; അങ്ങനെ അവിടന്ന് സകല അനുഗ്രഹങ്ങളുടെയും ഉറവയായിത്തീർന്ന്, യെഹൂദരെയും യെഹൂദേതരരെയും അവരുടെ വ്യത്യസ്ത ധർമങ്ങൾക്കൊത്തവിധം തന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങളാലും കൃപകളാലും നിറയ്ക്കേണ്ടതിനുതന്നെ. യെഹൂദരും യെഹൂദേതരരും എല്ലാവരും ക്രൈസ്തവ വിശ്വാസത്തിലേക്കു പരിവർത്തനംചെയ്യപ്പെട്ട് ദൈവപുത്രന്റെ മനുഷ്യാവതാരത്തെയും പ്രായശ്ചിത്തത്തെയും കുറിച്ചുള്ള സത്യപരിജ്ഞാനത്തിൽ എത്തുന്നതുവരെ, സഭ ഒരു ശരീരമെന്ന നിലയിൽ പൂർണമനുഷ്യന്റെ പക്വതയിലേക്ക്, ആത്മീയവളർച്ചയുടെ പൂർണ അളവിലേക്ക്, ക്രിസ്തുവിന്റെ വരങ്ങളുടെ സകലസമ്പൂർണതയും ലഭിച്ചതായി വളരുന്നതുവരെ, അതിന്റെ പടുത്തുയർത്തലിനും പൂർണതയ്ക്കുമായി അവിടന്ന് സഭയിൽ വിവിധ ശുശ്രൂഷാസ്ഥാനങ്ങൾ സ്ഥാപിച്ചിരിക്കുന്നു. അതുകൊണ്ട്, തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും, യെഹൂദാചാരവാദികളായ ഉപദേഷ്ടാക്കളുടെ ചതിയാലും കൗശലമുള്ള കുടിലതന്ത്രങ്ങളാലും എളുപ്പം വഴിതെറ്റിക്കപ്പെടാതിരിക്കാനും, സുവിശേഷം പഠിപ്പിക്കുന്ന സ്നേഹത്തിലും ഉപവിയിലും അതിന്റെ ഉപദേശങ്ങൾ മുറുകെപ്പിടിക്കാനും അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു; അങ്ങനെ, ശിരസ്സായ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി അവർ വളരേണ്ടതിനുതന്നെ. അവിടന്നിലൂടെ ക്രിസ്ത്യാനികളുടെ ശരീരം മുഴുവനും ഒരേ സഭയായി യോജിപ്പിക്കപ്പെടുന്നു; ഓരോ അവയവവും അതതിന്റെ ശുശ്രൂഷയ്ക്കോ സ്ഥാനത്തിനോ ചേർന്നവിധം ഒരുക്കപ്പെടുന്നു; മനുഷ്യശരീരത്തെപ്പോലെ, അതിലെ ഓരോ അവയവത്തിന്റെയും ആത്മീയധർമങ്ങളുടെ ശരിയായ ഉപയോഗത്താൽ അതു പക്വതയിലേക്കു വളരുന്നു.
7 എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.
8 “അവിടന്ന് ആരോഹണംചെയ്തപ്പോൾ
അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി
മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,”
എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ. 9 “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ? 10 ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്. 11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.
പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതുക്കപ്പെടുക
ക്രിസ്തീയവിശ്വാസത്തിലേക്കു വന്നിട്ടില്ലാത്ത യെഹൂദേതരരുടെ ഇടയിൽ അവരുടെ മനസ്സിന്റെ ഭോഷത്തത്തിലും അന്ധകാരത്തിലും സാധാരണമായിരിക്കുന്ന ദുർഗുണങ്ങൾ ഉപേക്ഷിക്കാൻ ക്രിസ്തുവിന്റെ നാമത്തിലും അധികാരത്താലും പൗലോസ് എഫേസ്യരോട് കൽപ്പിക്കുന്നു. ഹൃദയകാഠിന്യവും ശാഠ്യവും നിമിത്തം ഇവർ സത്യമതത്തിന്റെ തത്ത്വങ്ങളിൽനിന്ന് അകറ്റപ്പെട്ടവരും ആത്മാവിലെ ദൈവികജീവൻ നഷ്ടപ്പെട്ടവരുമാണ്; ലജ്ജാബോധമെല്ലാം നഷ്ടപ്പെട്ട അവർ അത്യന്തം അധഃപതിച്ച ജീവിതത്തിനും അശുദ്ധിക്കും തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തിരുന്നു. എന്നാൽ ക്രിസ്തുമതത്തിന്റെ ഉപദേശങ്ങൾ കേട്ട് സ്വീകരിച്ചവർ അതിനെക്കാൾ നല്ല കാര്യങ്ങളാണ് പഠിച്ചിരിക്കുന്നത്. ജഡമോഹങ്ങളാൽ പ്രവൃത്തികൾ നിയന്ത്രിക്കപ്പെടുന്ന, വിശ്വാസപരിവർത്തനം സംഭവിക്കാത്തതും പ്രകൃതിസഹജവും ജന്തുസഹജവുമായ സ്വഭാവം എന്ന പഴയ മനുഷ്യനെ ഉരിഞ്ഞുകളയാനും, മനസ്സിന്റെ മുഴുവൻ മനോഭാവത്തിലും ശേഷികളിലും പുതുക്കപ്പെടാനും അവരോട് ആവശ്യപ്പെടുന്നു. അങ്ങനെ അവർ നീതിയിലും യഥാർഥ വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയിൽ വീണ്ടും സൃഷ്ടിക്കപ്പെട്ട പുതിയ സൃഷ്ടികളായിത്തീരണം.
17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്. 18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു. 19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.
20-21 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ. 22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട് 23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്, 24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.
വ്യാജം, കോപം, മോഷണം, അശ്ലീലസംസാരം എന്നിവയ്ക്കെതിരെ
ഇങ്ങനെ പുതുക്കപ്പെട്ടവരോട്, അവരുടെ ചില വിജാതീയ തത്ത്വചിന്തകർ അംഗീകരിച്ചിരുന്ന വ്യാജവും ഒഴിഞ്ഞുമാറലും എന്ന പാപം ഉപേക്ഷിക്കാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. തങ്ങളെത്തന്നെ ഒരു ശരീരമായി കരുതാനും ഒരു അവയവം മറ്റൊന്നിനെ വഞ്ചിക്കാൻ അനുവദിക്കാതിരിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെടുന്നു. കോപത്തിനെതിരെയും, വിശേഷിച്ച് വിദ്വേഷം ഉണർത്തുകയും പാപത്തിലേക്കു പ്രലോഭിപ്പിക്കാൻ പിശാചിന് അവസരം നൽകുകയും ചെയ്യുന്ന വിധത്തിൽ കോപം മനസ്സിൽ വളർത്തുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ഒരു പങ്ക് ദരിദ്രർക്കു നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ റബ്ബിമാർ ഭാഗികമായി അനുവദിച്ചിരുന്ന മോഷണം അദ്ദേഹം വിലക്കുന്നു; ആവശ്യത്തിലിരിക്കുന്നവനു കൊടുക്കാൻ എന്തെങ്കിലും ഉണ്ടാകേണ്ടതിന് സത്യസന്ധമായി പ്രവർത്തിക്കാനും അധ്വാനിക്കാനും അദ്ദേഹം അവരോട് കൽപ്പിക്കുന്നു. അവർ എല്ലാ അശുദ്ധസംസാരവും ഒഴിവാക്കുകയും തങ്ങൾ സംസാരിക്കുന്നവർക്ക് കൃപ പകരാനും അവരെ ആത്മികമായി വളർത്താനും ലക്ഷ്യമിട്ട് സംസാരിക്കുകയും വേണം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ തങ്ങളിൽനിന്ന് അകറ്റിക്കളയുന്ന വിധത്തിൽ അവർ അവിടത്തെ ദുഃഖിപ്പിക്കരുത്; കാരണം, നിത്യമരണത്തിൽനിന്നുള്ള വീണ്ടെടുപ്പിന്റെ ദിവസംവരെ അവരുടെ ആത്മാക്കളിലുള്ള അവിടത്തെ സ്വാധീനത്താൽ അവർ അടയാളപ്പെടുത്തപ്പെട്ടവരാണ്, അഥവാ മുദ്രയിടപ്പെട്ടവരാണ്.
25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ. 26 “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്; 27 പിശാചിന് അവസരം കൊടുക്കരുത്. 28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.
29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്. 30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്.