പൗലോസ് എഫേസ്യർക്ക് എഴുതുന്നു
എഫേസ്യരെ ക്രൈസ്തവ വിശ്വാസത്തിൽ ഉറപ്പിക്കാനായി പൗലോസ് അവർക്കുള്ള തന്റെ ലേഖനം എഴുതുന്നു. യെഹൂദേതരരെ മോശയുടെ ന്യായപ്രമാണത്തിനു വിധേയരാക്കാതെ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വിളിച്ചതിൽ വെളിപ്പെട്ട ദൈവത്തിന്റെ കരുണയെ അദ്ദേഹം അത്യന്തം ആവേശമുണർത്തുന്ന ഭാഷയിൽ വർണിക്കുന്നു. രക്ഷയുടെ അറിവു ലഭിച്ച എല്ലാവരിൽനിന്നും ആവശ്യപ്പെടുന്ന വിശുദ്ധിയും സ്ഥിരതയുള്ള ജീവിതരീതിയും അദ്ദേഹം അവരോട് ഊന്നിപ്പറയുന്നു.
ക്രി.പി. 61
Biblica® Open Malayalam Contemporary Version™ (OMCV)
പൗലോസ് എഫേസ്യരെ അഭിവാദ്യം ചെയ്യുന്നു
വ്യക്തിപരവും പൊതുവുമായ അഭിവാദ്യത്തിനുശേഷം, ദൈവം യെഹൂദേതരർക്കു നൽകിയ ആത്മികാനുഗ്രഹങ്ങൾക്കും, തന്റെ കരുണാപൂർവമായ ഉദ്ദേശ്യമനുസരിച്ച് അവരെ വിശുദ്ധരും കുറ്റമറ്റവരുമായ തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാകാൻ വിളിച്ചതിനും പൗലോസ് ആനന്ദത്തോടെ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്റെ മക്കളായി ദത്തെടുക്കപ്പെടാൻ അവർ മുൻകൂട്ടി നിയോഗിക്കപ്പെട്ടിരുന്നു. മോശയുടെ ന്യായപ്രമാണത്താലല്ല, ദൈവത്തിന്റെ സമൃദ്ധമായ കരുണയാൽ, ക്രിസ്തുവിന്റെ രക്തത്തിലൂടെ അവർ വീണ്ടെടുക്കപ്പെടുകയും അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും ചെയ്യുന്നു. ആത്മികകാര്യങ്ങളിലുള്ള ജ്ഞാനവും അത് ഉപയോഗിക്കാനുള്ള വിവേകവും ദൈവം അപ്പൊസ്തലന്മാർക്കു നൽകി. തന്റെ ഇഷ്ടത്തിന്റെ രഹസ്യവും (യെഹൂദേതരരെ യെഹൂദന്യായപ്രമാണത്തിനു വിധേയരാക്കാതെ തന്റെ സഭയിൽ പ്രവേശിപ്പിക്കുന്നത്), യെഹൂദരെയും യെഹൂദേതരരെയും യേശുക്രിസ്തുവിന്റെ കീഴിൽ ഒരൊറ്റ സഭയായി ഒന്നിച്ചുചേർക്കുന്ന പദ്ധതിയും അവർക്കു വെളിപ്പെടുത്തി. തന്റെ സ്വന്തം ഇഷ്ടത്തിന്റെ ഉദ്ദേശ്യമനുസരിച്ച്, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ മുൻകൂട്ടി നിയോഗിക്കപ്പെട്ട അഥവാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിശ്വാസികളായ യെഹൂദർ, അബ്രാഹാമിന്റെ ആത്മികമക്കൾക്കു വാഗ്ദാനം ചെയ്ത ആത്മികാവകാശം ക്രിസ്തുവിലൂടെ പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിൽ ആദ്യം വിശ്വസിച്ച അവർ, രക്ഷയുടെ അറിവ് ലോകത്തിനു നൽകിക്കൊണ്ട് അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി വർത്തിക്കേണ്ടവരായിരുന്നു. അപ്പൊസ്തലന്മാരിൽനിന്ന് സത്യവചനം കേട്ടപ്പോൾ യെഹൂദേതരരും അവിടത്തിൽ വിശ്വസിച്ചു. യെഹൂദരും ഇപ്പോൾ യെഹൂദേതരരും, വിലകൊടുത്തു നേടിയ സ്വർഗീയാവകാശത്തിലേക്ക് ഒരുമിച്ചു പ്രവേശിക്കുന്നതുവരെ, അവരുടെ നിത്യാവകാശത്തിന്റെ ഉറപ്പായി പിതാവ് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് ക്രിസ്തുവിലൂടെ നൽകപ്പെട്ടു; ഇത് ക്രിസ്തുവിന്റെ പുകഴ്ചയ്ക്കും മഹത്ത്വത്തിനുമായിട്ടാണ്.
1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്,
ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചവരായി എഫേസോസിൽ ഉള്ള വിശുദ്ധർക്ക്, എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. 7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. 8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ 9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. 10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.
11-12 സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു. 13 അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. 14 അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്.
അവർക്കു ജ്ഞാനപ്രകാശം ലഭിക്കാൻ പൗലോസ് പ്രാർഥിക്കുന്നു
അവരുടെ മാനസാന്തരത്തിനായി പൗലോസ് ദൈവത്തിനു നന്ദി അർപ്പിക്കുകയും, സത്യത്തിന്റെ അറിവിൽ അവർക്ക് കൂടുതൽ പ്രകാശം ലഭിക്കാനും സുവിശേഷത്തിന്റെ അനുഗ്രഹങ്ങളെയും അതിന്റെ മഹത്ത്വപൂർണനായ ഉപജ്ഞാതാവിനെയും ഏറ്റവും പൂർണമായി മനസ്സിലാക്കാനും പ്രാർഥിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുകയും ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും പരമോന്നത സ്ഥാനത്തേക്കും ഭരണാധികാരത്തിലേക്കും ഉയർത്തപ്പെടുകയും ചെയ്തു. സഭയുടെ നന്മയ്ക്കായി സകലതും അവിടത്തേക്കു കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നു. സഭ വിശേഷാൽ അവിടത്തെ ശരീരമായി കാണപ്പെടുന്നു; അവിടന്നാണ് അതിന്റെ പരമോന്നത ശിരസ്സ്. എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരെയും നിറയ്ക്കുന്നവനും എല്ലാവരിലും എല്ലാമായിരിക്കുന്നവനുമായ അവിടന്നിൽനിന്ന് സഭ അതിന്റെ ആത്മികവരങ്ങളുടെയും കൃപകളുടെയും പൂർണത സ്വീകരിക്കുന്നു.
15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ 16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു. 18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും 19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു. 20-21 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി. 22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു. 23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.
ന്യായപ്രമാണത്താലോ യോഗ്യതയാലോ അല്ല, വിശ്വാസത്തിലൂടെ രക്ഷിക്കപ്പെടുന്നു
എഫേസ്യരുടെ നന്ദി ഉണർത്താൻ, അവർ അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നപ്പോൾ അവരെ ജീവിപ്പിച്ച, അഥവാ തന്റെ കൃപയാൽ നിറച്ച, ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് പൗലോസ് അവരെ ഓർമിപ്പിക്കുന്നു. അവർ വിജാതീയരായിരുന്നപ്പോഴത്തെ സ്വഭാവവും പെരുമാറ്റവും അദ്ദേഹം വിവരിക്കുന്നു. തുടർന്ന്, മാനസാന്തരപ്പെട്ട യെഹൂദരുടെ പേരിൽ സംസാരിച്ചുകൊണ്ട്, അവരും മാനസാന്തരത്തിനുമുമ്പ് അതേ രീതിയിൽ ജീവിച്ചിരുന്നുവെന്നും, അങ്ങനെ യെഹൂദേതരരെപ്പോലെ അവരും സ്വഭാവത്താൽ കോപത്തിന്റെ മക്കളായിത്തീർന്നിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ ദൈവം തന്റെ വലിയ കരുണയിൽ, സൗജന്യമായ കൃപയാൽ, അവരുടെ രക്ഷയ്ക്കുള്ള മാർഗം ഒരുക്കുകയും അവരെ ജീവിപ്പിക്കുകയും ചെയ്തു: യെഹൂദരെയും യെഹൂദേതരരെയും പാപത്തിന്റെ മരണത്തിൽനിന്ന് നീതിയുടെ ജീവനിലേക്കു ക്രിസ്തുവിൽ ജീവിപ്പിച്ചു. അവരെ ഒരുമിച്ച് ഉയിർപ്പിക്കുകയും, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ അവരുടെ സ്വന്തം പുനരുത്ഥാനത്തിന്റെ മുന്നനുഭവവും അവിടത്തെ ഉന്നതീകരണത്തിലൂടെ അവിടന്നുവഴി അവർ സ്വർഗീയസ്ഥാനങ്ങളിൽ സ്വീകരിക്കപ്പെടുമെന്ന പ്രത്യാശയും നൽകുകയും ചെയ്തു. ഇതിലൂടെ ക്രിസ്തുയേശുവിലുള്ള തന്റെ കരുണയുടെയും ക്ഷമയുടെയും അതിരറ്റ സമ്പത്ത് ദൈവം പ്രകടമാക്കി. കാരണം ദൈവത്തിന്റെ കരുണയാൽ, വിശ്വാസത്തിലൂടെയാണ് അവർ രക്ഷിക്കപ്പെട്ടത്: മോശയുടെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലോ സ്വന്തം ഏതെങ്കിലും യോഗ്യതയാലോ അല്ല, “ആരും പ്രശംസിക്കാതിരിക്കേണ്ടതിന്,” ദൈവത്തിന്റെ സൗജന്യദാനത്താലും ഇഷ്ടത്താലുമാണ്. കാരണം അവർ അവിടത്തെ കൈപ്പണിയായിരുന്നു; സൽപ്രവൃത്തികൾക്കായി ക്രിസ്തുയേശുവിൽ അവിടന്ന് അവരെ സൃഷ്ടിച്ചു. തന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ആ പ്രവൃത്തികൾ ചെയ്യാനുള്ള ശക്തി അവർക്കുണ്ടാകണമെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചിരുന്നു.
1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
യെഹൂദരും യെഹൂദേതരരും ക്രിസ്തുവിൽ ഒരൊറ്റ സഭയാക്കപ്പെടുന്നു
യെഹൂദരുടെയും യെഹൂദേതരരുടെയും പതിതാവസ്ഥ വിവരിച്ചശേഷം, മാനസാന്തരത്തിനുമുമ്പ് തങ്ങൾക്കു ക്രിസ്തുവിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഓർക്കാൻ പൗലോസ് യെഹൂദേതരരോട് ആവശ്യപ്പെടുന്നു. യെഹൂദജനത്തിന്റെ പ്രത്യേകാവകാശങ്ങളിൽനിന്ന് അവർ പുറത്താക്കപ്പെട്ടിരുന്നു; അബ്രാഹാമിനോടു ചെയ്ത വാഗ്ദാനത്തിന്റെ ഉടമ്പടിയിൽ അവർക്കു പങ്കില്ലായിരുന്നു; പാപക്ഷമയെക്കുറിച്ചോ ആത്മാവിന്റെ അമർത്യതയെക്കുറിച്ചോ ഉറച്ച അടിസ്ഥാനമുള്ള പ്രത്യാശയില്ലാതെയും ലോകത്തിൽ ദൈവമില്ലാതെയും ആയിരുന്നു അവർ. എന്നാൽ ഇപ്പോൾ, ക്രിസ്തുവിലുള്ള വിശ്വാസത്താൽ, വാഗ്ദാനത്തിന്റെ ഉടമ്പടിയിൽനിന്ന് അകന്നിരുന്നവരെ ക്രിസ്തുവിന്റെ രക്തത്താൽ ദൈവം സമീപത്താക്കിയിരിക്കുന്നു. ക്രിസ്തു യെഹൂദർക്കും യെഹൂദേതരർക്കുംവേണ്ടി മരിച്ച് സമാധാനയാഗമായിത്തീർന്നു; ഇരു ജനവിഭാഗങ്ങളിലെയും വിശ്വാസികളെ ചേർത്ത് അവിടന്ന് ഒരൊറ്റ സഭ രൂപപ്പെടുത്തി. ജഡത്തിലുള്ള തന്റെ മരണത്താൽ, അവരെ വേർതിരിക്കുകയും അവർക്കിടയിൽ ശത്രുത സൃഷ്ടിക്കുകയും ചെയ്ത യെഹൂദചട്ടങ്ങളെ അവിടന്ന് നീക്കിക്കളഞ്ഞു. അവരെ ഇരുവരെയും തന്നിൽ ഒരൊറ്റ പുതിയ മനുഷ്യനായി, അഥവാ ഒരൊറ്റ പുതിയ ശരീരമായി, ഒന്നിപ്പിച്ച് അവർക്കിടയിൽ സമാധാനം സ്ഥാപിച്ചു. അങ്ങനെ, പാപം ഉളവാക്കിയ ദൈവവും മനുഷ്യനും തമ്മിലുള്ള ശത്രുതയെ കൊന്ന്, അഥവാ നശിപ്പിച്ച്, തന്റെ ശരീരത്തിന്റെ പ്രായശ്ചിത്തയാഗത്താൽ ഇരുവരെയും ദൈവത്തോടു നിരപ്പിക്കാനായിരുന്നു അവിടത്തെ ഉദ്ദേശ്യം. പുനരുത്ഥാനത്തിനുശേഷം, തന്റെ അപ്പൊസ്തലന്മാരിലൂടെ അവിടന്ന് യെഹൂദർക്കും യെഹൂദേതരർക്കും ഒരുപോലെ സമാധാനവും അനുരഞ്ജനവും പ്രസംഗിച്ചു; അവിടന്നിലൂടെ ഇരുകൂട്ടർക്കും ഒരേ പരിശുദ്ധാത്മാവിനാൽ ഒരേ പിതാവിന്റെ അടുക്കൽ പ്രവേശനമുണ്ട്. യെഹൂദേതരർ ഇനി അന്യരല്ല; അവർ യെഹൂദരോടു ചേർക്കപ്പെടുകയും അവിടത്തെ വിശുദ്ധജനത്തിനുള്ള അതേ പ്രത്യേകാവകാശങ്ങളിലേക്കു പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവർ അവിടത്തെ കുടുംബത്തിൽ, അഥവാ ദൃശ്യസഭയിൽ, ഉൾപ്പെടുന്നു. പഴയ വ്യവസ്ഥയിലെ പ്രവാചകന്മാരുടെയും പുതിയ വ്യവസ്ഥയിലെ അപ്പൊസ്തലന്മാരുടെയും ഉപദേശത്തിന്മേലാണ് അത് പണിയപ്പെട്ടിരിക്കുന്നത്. യേശുക്രിസ്തുതന്നെ മൂലക്കല്ലായി, യെഹൂദരെയും യെഹൂദേതരരെയും ഒരേ കെട്ടിടത്തിൽ ഒന്നിച്ചുചേർക്കുന്നു. അവിടത്തിൽ, യെഹൂദരും യെഹൂദേതരരും പരസ്പരം യോജിച്ചു ചേർന്ന ഈ കെട്ടിടം, പുതുതായി മാനസാന്തരപ്പെട്ടവർ കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ ദൈവത്തിനുള്ള വിശുദ്ധമന്ദിരമായി വളരുന്നു. ക്രിസ്തുവിലൂടെ അവിടത്തെ സഹോദരന്മാരായ അവർ, ദൈവത്തിന്റെ വാസസ്ഥലമാകാൻ ഒരുമിച്ചു പണിയപ്പെടുന്നു; അവിടത്തെ ആത്മാവ് അവരുടെ ഉള്ളിൽ വസിക്കുന്നു.
11 ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. 12 ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. 13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.
14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. 20 ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. 21 ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. 22 നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.