അവകാശനിയമം
ക്രി.മു. 1451
Biblica® Open Malayalam Contemporary Version™ (OMCV)
1 യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു. 2 അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ. 3 എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും. 4 ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
5 അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ. 6 സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം. 7 ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം. 8 ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്. 9 അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
10 അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. 11 സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു. 12 യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
വഴിപാടുകളുടെ നിയമങ്ങൾ
വഴിപാടുകളുടെ നിയമങ്ങളും മറ്റു കാര്യങ്ങളും.
1 യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 “ഇസ്രായേൽമക്കൾക്ക് ഈ കൽപ്പന നൽകി അവരോടു പറയുക: ‘എനിക്കു ഹൃദ്യസുഗന്ധമായി ദഹനയാഗമാകുന്ന വഴിപാടുകൾ യഥാസമയം അർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക’ 3 അവരോടു പറയുക: ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി അർപ്പിക്കുക. 4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം. 5 ഇടിച്ചുപിഴിഞ്ഞെടുത്ത ഒലിവെണ്ണ കാൽ ഹീൻ ചേർത്ത ഒരു ഓമെർ നേരിയമാവ് ഭോജനയാഗമായും അർപ്പിക്കണം. 6 ഇതു ഹൃദ്യസുഗന്ധമായി, യഹോവയ്ക്കു ദഹനയാഗമായി സീനായിമലയിൽവെച്ച് നിയമിക്കപ്പെട്ട, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം. 7 അതിന്റെ പാനീയയാഗം ഓരോ കുഞ്ഞാടിനുമൊപ്പം കാൽ ഹീൻ വീര്യമുള്ള പാനീയം ആയിരിക്കണം. യഹോവയ്ക്കുള്ള പാനീയയാഗം വിശുദ്ധമന്ദിരത്തിൽ ഒഴിക്കുക. 8 രാവിലെ നിങ്ങൾ അർപ്പിക്കുന്നവിധംതന്നെയുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കണം. ഇത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
9 “ ‘ശബ്ബത്തുദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടുകളെ, അതിന്റെ പാനീയയാഗത്തോടും, അതിന്റെ ഭോജനയാഗമായ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവോടുംകൂടെ അർപ്പിക്കണം. 10 എല്ലാ ശബ്ബത്തിനുമുള്ള ഹോമയാഗം ഇതുതന്നെ. നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേയുള്ളതാണ് ഇത്.
11 “ ‘എല്ലാമാസവും ഒന്നാംദിവസം ഊനമില്ലാത്ത രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവ ഹോമയാഗമായി യഹോവയ്ക്ക് അർപ്പിക്കുക. 12 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ എണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, 13 ഓരോ കുഞ്ഞാടിനോടുംകൂടെ എണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. ഇതു ഹോമയാഗത്തിനുവേണ്ടിയുള്ളതാണ്; യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കപ്പെടുന്ന ഹോമയാഗംതന്നെ. 14 അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീനും ഓരോ ആട്ടുകൊറ്റനും മൂന്നിലൊന്നു ഹീനും, ഓരോ കുഞ്ഞാടിനും കാൽ ഹീനും വീഞ്ഞ് ആയിരിക്കണം. വർഷത്തിലെ എല്ലാ അമാവാസിയിലും അർപ്പിക്കേണ്ട മാസംതോറുമുള്ള ദഹനയാഗം ഇതുതന്നെ. 15 പാനീയയാഗത്തോടുകൂടെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനുപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും യഹോവയ്ക്ക് അർപ്പിക്കണം.
16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം. 17 ഈ മാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം ഉണ്ടായിരിക്കണം; ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 18 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. 19 യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗം: ഊനമില്ലാത്ത രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഒരു ഹോമയാഗമായി അർപ്പിക്കണം. 20 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും 21 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും ഒരുക്കുക. 22 നിങ്ങൾക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗത്തിന് ഒരു കോലാടിനെയുംകൂടി അർപ്പിക്കണം. 23 പ്രഭാതത്തിൽ നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനുപുറമേയാണ് ഇവ ഒരുക്കേണ്ടത്. 24 ഇപ്രകാരം യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ദഹനയാഗത്തിന്റെ ഭോജനം ഏഴുദിവസത്തേക്ക് ദിനംപ്രതി ഒരുക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനുംപുറമേയാണ് ഇത് ഒരുക്കപ്പെടേണ്ടത്. 25 ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
26 “ ‘ആദ്യഫലം ശേഖരിക്കുന്ന ദിവസം, പുതിയ ധാന്യത്തിന്റെ ഒരു ഭോജനയാഗം ആഴ്ചകളുടെ പെരുന്നാളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. 27 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി രണ്ടു കാളക്കിടാവും ഒരു ആട്ടുകൊറ്റനും ഒരുവയസ്സു പ്രായമുള്ള ഏഴ് ആണാട്ടിൻകുട്ടിയും ഹോമയാഗമായി അർപ്പിക്കണം. 28 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും 29 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം. 30 നിനക്കു പ്രായശ്ചിത്തം വരുത്താനായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക. 31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനുംപുറമേ ഇവ അവയുടെ പാനീയയാഗങ്ങളോടുകൂടെ ഒരുക്കുക. മൃഗങ്ങൾ ഊനമില്ലാത്തവ ആയിരിക്കണം.