വഴിപാടുകളുടെ നിയമങ്ങൾ (continued)

വഴിപാടുകളുടെ നിയമങ്ങളും മറ്റു കാര്യങ്ങളും.

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

സംഖ്യ 29

1 “ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം. 2 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം. 3 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ, 4 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം. 5 നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക. 6 ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.

7 “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം. 8 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക. 9 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും 10 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം. 11 പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

12 “ ‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം. 13 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം. 14 പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും 15 ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം. 16 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

17 “ ‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. 18 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 19 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

20 “ ‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. 21 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 22 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

23 “ ‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. 24 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 25 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

26 “ ‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം. 27 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 28 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

29 “ ‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. 30 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

32 “ ‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം. 33 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 34 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.

35 “ ‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. 36 യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം. 37 കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം. 38 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.

39 “ ‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’ ”

40 യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.

നേർച്ചകളുടെ നിയമം

സംഖ്യ 30

1 ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: “യഹോവ കൽപ്പിച്ചത് ഇതാണ്: 2 ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.

3 “തന്റെ പിതാവിന്റെ ഭവനത്തിൽത്തന്നെ താമസിക്കുന്ന ഒരു യുവതി യഹോവയ്ക്ക് ഒരു നേർച്ചനേരുകയും ഒരു വ്രതം നിശ്ചയിക്കുകയും 4 അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും. 5 എന്നാൽ അവളുടെ പിതാവ് അതേക്കുറിച്ചു കേൾക്കുമ്പോൾ അദ്ദേഹം അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളിലും വ്രതത്തിലും ഒന്നും നിലനിൽക്കുകയില്ല; അവളുടെ പിതാവ് അവളെ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.

6 “ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും 7 അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ട് അവളോടൊന്നും മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും വ്രതങ്ങളും നിലനിൽക്കും. 8 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.

9 “ഒരു വിധവയോ വിവാഹമോചനം ചെയ്യപ്പെട്ടവളായ ഒരു സ്ത്രീയോ നേരുന്ന നേർച്ചയും വ്രതവും അവളുടെമേൽ നിലനിൽക്കും.

10 “ഭർത്താവിന്റെകൂടെ ജീവിക്കുന്ന ഒരു സ്ത്രീ ഒരു നേർച്ചനേരുകയും വ്രതത്തിനു ശപഥംചെയ്യുകയും 11 അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ടും, അവളോടൊന്നും പറയാതിരിക്കുകയും അവളെ വിലക്കാതിരിക്കുകയും ചെയ്താൽ അവളുടെ സകലനേർച്ചകളും വ്രതത്തിനു ചെയ്ത ശപഥവും നിലനിൽക്കും. 12 എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും. 13 ആത്മതപനം ചെയ്യാനുള്ള നേർച്ചയോ വ്രതമോ സ്ഥിരപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ അവളുടെ ഭർത്താവിന് അധികാരമുണ്ട്. 14 എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു. 15 എന്നാൽ, അവയെക്കുറിച്ച് കേട്ട് കുറെക്കാലം കഴിഞ്ഞ് അദ്ദേഹം അത് ദുർബലപ്പെടുത്തിയാൽ ആ മനുഷ്യൻതന്നെയായിരിക്കും അവളുടെ തെറ്റിന് ഉത്തരവാദി.”

16 ഒരു പുരുഷനും അയാളുടെ ഭാര്യയുംതമ്മിലും ഒരു പിതാവും തന്റെ വീട്ടിൽത്തന്നെ താമസിക്കുന്ന യുവതിയായ പുത്രിയുംതമ്മിലും ഉള്ള ബന്ധങ്ങൾ സംബന്ധിച്ച് യഹോവ മോശയ്ക്കു നൽകിയ നിബന്ധനകൾ ഇവയാണ്.