ദേശം വിഭജിക്കപ്പെടുന്നു
ക്രി.മു. 1444
Biblica® Open Malayalam Contemporary Version™ (OMCV)
1 കനാൻദേശത്ത് ഇസ്രായേൽമക്കൾക്കു ലഭിച്ച അവകാശഭൂമി ഇതാണ്: എലെയാസാർ പുരോഹിതനും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രത്തലവന്മാരും ചേർന്ന് അവർക്കു വിഭജിച്ചുകൊടുത്തു. 2 യഹോവ മോശയിൽക്കൂടി കൽപ്പിച്ചതുപോലെ ഒൻപതരഗോത്രങ്ങൾക്ക് ഓഹരി ഭാഗിച്ചുകൊടുത്തത് നറുക്കിട്ടായിരുന്നു. 3 രണ്ടര ഗോത്രങ്ങൾക്കു മോശ യോർദാനു കിഴക്ക് അവരുടെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ലേവ്യർക്കു മറ്റുള്ളവരുടെ ഇടയിൽ ഓഹരി കൊടുത്തില്ല; 4 യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു. 5 യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ദേശം വിഭജിച്ചു.
രണ്ടര ഗോത്രങ്ങളുടെ അവകാശം
15 മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
16 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യഭാഗത്തുള്ള പട്ടണവുംമുതൽ മെദേബയ്ക്ക് അപ്പുറമുള്ള പീഠഭൂമിമുഴുവൻ; 17 ഹെശ്ബോനും അതിന്റെ പീഠഭൂമിയിലുള്ള എല്ലാ പട്ടണങ്ങളും ദീബോൻ, ബാമോത്ത്-ബാൽ, ബേത്-ബാൽ-മെയോൻ, 18 യാഹാസ്, കെദേമോത്ത്, മേഫാത്ത്, 19 കിര്യാത്തയീം, സിബ്മ, താഴ്വരയിലെ കുന്നിലുള്ള സേരത്ത്-ശഹർ, 20 ബേത്-പെയോർ, പിസ്ഗാചെരിവുകൾ, ബേത്-യെശീമോത്ത്, 21 ഇങ്ങനെ പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും, ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനുംതന്നെ. മോശ സീഹോനെയും അവനുമായി സഖ്യമുള്ള പ്രഭുക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിങ്ങനെ അവിടെ താമസിച്ച മിദ്യാന്യപ്രമാണികളെയും പരാജയപ്പെടുത്തിയിരുന്നു. 22 യുദ്ധത്തിൽ കൊന്നവരെക്കൂടാതെ ഇസ്രായേൽമക്കൾ ബെയോരിന്റെ മകനായ ബിലെയാം എന്ന ദേവപ്രശ്നംവെക്കുന്നവനെയും വാൾകൊണ്ടു കൊന്നു.
23 രൂബേന്യരുടെ അതിര് യോർദാന്റെ തീരമായിരുന്നു. ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു രൂബേന്യർക്കു കുലംകുലമായി കിട്ടിയ ഓഹരി.
24 മോശ ഗാദ്ഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
25 യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും; 26 ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും, 27 താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.
28 ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു ഗാദ്യർക്കു കുലംകുലമായി ലഭിച്ച ഓഹരി.
29 മോശ മനശ്ശെഗോത്രത്തിന്റെ പകുതിക്ക്, മനശ്ശെയുടെ പിൻഗാമികളുടെ കുടുംബത്തിന്റെ പകുതിക്ക്, കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
30 മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ; 31 ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും.
ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.
32 മോശ യെരീഹോവിനു കിഴക്ക് യോർദാനക്കരെ മോവാബ് സമതലപ്രദേശങ്ങളിൽവെച്ചു ഭാഗിച്ചുകൊടുത്ത ഓഹരി ഇവയായിരുന്നു. 33 എന്നാൽ ലേവിഗോത്രത്തിന് മോശ ഒരു അവകാശവും കൊടുത്തില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവതന്നെ, താൻ അവരോടു കൽപ്പിച്ചതുപോലെ, അവരുടെ ഓഹരി ആകുന്നു.
കാലേബിന്റെ അവകാശം
6 ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ. 7 യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി. 8 എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു. 9 അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട് നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു.
10 “യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു. 11 മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്. 12 അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
13 അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു; 14 അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ. 15 ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ.
അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.
13 യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു) 14 ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു. 15 അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. 16 അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. 17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
18 അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
19 അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.