ഭാഗം 2: ദേശത്തിന്റെ പൊതുവായ വിഭജനം

കീഴടക്കലുകളുടെ സംഗ്രഹം

ക്രി.മു. 1444

Biblica® Open Malayalam Contemporary Version™ (OMCV)

യോശുവ 12:1–13:14

1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:

2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു.

അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.

3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.

4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.

6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.

7-8 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു.

ആ രാജാക്കന്മാർ ഇവരാകുന്നു:

9 യെരീഹോരാജാവ് ഒന്ന്

ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന്

10 ജെറുശലേംരാജാവ് ഒന്ന്

ഹെബ്രോൻരാജാവ് ഒന്ന്

11 യർമൂത്തുരാജാവ്, ഒന്ന്

ലാഖീശുരാജാവ് ഒന്ന്

12 എഗ്ലോൻരാജാവ് ഒന്ന്

ഗേസെർരാജാവ് ഒന്ന്

13 ദെബീർരാജാവ് ഒന്ന്

ഗേദെർരാജാവ് ഒന്ന്

14 ഹോർമാരാജാവ് ഒന്ന്

അരാദുരാജാവ് ഒന്ന്

15 ലിബ്നാരാജാവ് ഒന്ന്

അദുല്ലാംരാജാവ് ഒന്ന്

16 മക്കേദാരാജാവ് ഒന്ന്

ബേഥേൽരാജാവ് ഒന്ന്

17 തപ്പൂഹരാജാവ് ഒന്ന്

ഹേഫെർരാജാവ് ഒന്ന്

18 അഫേക്കുരാജാവ് ഒന്ന്

ശാരോൻരാജാവ് ഒന്ന്

19 മാദോൻരാജാവ് ഒന്ന്

ഹാസോർരാജാവ് ഒന്ന്

20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന്

അക്ശാഫുരാജാവ് ഒന്ന്

21 താനാക്കുരാജാവ് ഒന്ന്

മെഗിദ്ദോരാജാവ് ഒന്ന്

22 കേദേശുരാജാവ് ഒന്ന്

കർമേലിലെ യൊക്നെയാംരാജാവ് ഒന്ന്

23 ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന്

ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്

24 തിർസാരാജാവ് ഒന്ന്.

ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.

13:1 യോശുവ വൃദ്ധനായപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു. ഇനിയും വളരെയധികം ദേശം കൈവശമാക്കാനുമുണ്ട്.

2-3 “ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്:

“ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ

എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം; 4 തെക്ക്;

സീദോന്യരുടെ ആരമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;

5 ഗിബാല്യരുടെ മേഖലയും ലെബാനോൻ മുഴുവനും കിഴക്ക്;

ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ബാൽ-ഗാദുമുതൽ ലെബോ-ഹമാത്തുവരെയുള്ള ദേശം ഈ ഭൂപ്രദേശമാകുന്നു.

6 “ലെബാനോൻമുതൽ മിസ്രെഫോത്ത്-മയീംവരെയുള്ള പർവതമേഖലകളിലെ നിവാസികളായ സീദോന്യരെ മുഴുവൻ ഞാൻതന്നെ ഇസ്രായേലിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും. ഞാൻ നിന്നോടു നിർദേശിച്ചതുപോലെ ഈ ഭൂപ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശമായിക്കൊടുക്കണം. 7 ഒൻപതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി അതു ഭാഗിച്ചുകൊടുക്കണം.”

8 മനശ്ശെയുടെ മറ്റേപകുതിക്കും രൂബേന്യർക്കും ഗാദ്യർക്കും യഹോവയുടെ ദാസനായ മോശ വിഭജിച്ചുകൊടുത്തതനുസരിച്ച് യോർദാന് കിഴക്കുള്ള ഭൂപ്രദേശത്ത് ഓഹരി ലഭിച്ചു.

9 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും, 10 അമ്മോന്യരുടെ അതിരുവരെ ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;

11 ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും— 12 അസ്തരോത്തിലും എദ്രെയിലും ഭരിച്ചിരുന്നവനും മല്ലന്മാരിൽ അവസാനത്തെ ആളായി ശേഷിച്ചവരിൽ ഒരുത്തനുമായ ബാശാനിലെ ഓഗിന്റെ രാജ്യംമുഴുവനും ഉൾപ്പെട്ടിരുന്നു. മോശ ഇവരെ തോൽപ്പിച്ചു ദേശം കൈവശമാക്കിയിരുന്നു. 13 എന്നാൽ ഇസ്രായേൽമക്കൾ ഗെശൂര്യരെയും മയഖാത്യരെയും ഓടിച്ചുകളഞ്ഞില്ല. അവർ തുടർന്നും ഇന്നുവരെ ഇസ്രായേല്യരുടെ ഇടയിൽ താമസിച്ചുവരുന്നു.

14 മോശ ലേവിഗോത്രത്തിന് ഒരു അവകാശവും കൊടുത്തില്ല; ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കുള്ള ദഹനയാഗങ്ങൾ, താൻ അവരോടു വാഗ്ദാനംചെയ്തതുപോലെ അവർക്കുള്ള ഓഹരി ആകുന്നു.