എബ്രായ അടിമകളെ തിരികെ പിടിക്കുന്നു

ബാബേല്യർ മടങ്ങിപ്പോകുമ്പോൾ എബ്രായ അടിമകളെ തിരികെ പിടിക്കുന്നു.

ക്രി.മു. 589

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 34:11–22

11 എന്നാൽ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റി അവർ സ്വതന്ത്രരാക്കിയ ദാസന്മാരെയും ദാസിമാരെയും തിരികെ വിളിച്ച് അവരെ വീണ്ടും അടിമകളാക്കി.

12 അപ്പോൾ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി: 13 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പൂർവികരെ അടിമദേശമായ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ ഞാൻ അവരോട് ഒരു ഉടമ്പടിചെയ്തു. 14 ‘നിനക്കു വിലയ്ക്കു വിൽക്കപ്പെട്ട ഓരോ എബ്രായദാസരും ആറുവർഷം നിങ്ങളെ സേവിച്ചതിനുശേഷം, ഏഴാംവർഷത്തിൽ നിങ്ങൾ അയാളെ വിട്ടയയ്ക്കണം; നിങ്ങൾ അവരെ സ്വതന്ത്രരായി വിട്ടയയ്ക്കണം.’ എന്നാൽ നിങ്ങളുടെ പൂർവികർ എന്നെ അനുസരിക്കുകയോ എന്റെ വചനത്തിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല. 15 അടുത്തകാലത്ത് നിങ്ങൾ പശ്ചാത്തപിച്ച് എന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്തു: നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്വന്തം ജനത്തിനു സ്വാതന്ത്ര്യം പ്രസിദ്ധമാക്കി. എന്റെ നാമം വഹിക്കുന്ന ആലയത്തിൽവെച്ച് നിങ്ങൾ ഉടമ്പടിയും ചെയ്തു. 16 എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് എന്റെ നാമം അശുദ്ധമാക്കി; ഓരോരുത്തനും അവരവരുടെ ഹിതപ്രകാരം നിങ്ങൾ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്ന ദാസനെയും ദാസിയെയും തിരികെ വിളിപ്പിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും അവരെ ബലപ്രയോഗത്തിലൂടെ അടിമകളാക്കിയിരിക്കുന്നു.

17 “അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ജനത്തിനു വിമോചനം പ്രസിദ്ധമാക്കണമെന്നുള്ള എന്റെ വചനം അനുസരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു ‘വിമോചനം,’ പ്രസിദ്ധമാക്കുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു—വാളിലേക്കും മഹാമാരിയിലേക്കും ക്ഷാമത്തിലേക്കും വീഴുന്നതിനുള്ള ഒരു വിമോചനംതന്നെ. ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഒരു ഭീതി വിഷയമാക്കിത്തീർക്കും. 18 എന്റെ ഉടമ്പടി ലംഘിക്കുകയും എന്റെമുമ്പാകെ ചെയ്ത ഉടമ്പടിയുടെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവരെ, അവർ ഏതൊരു കാളക്കിടാവിനെ രണ്ടു ഖണ്ഡമായി പിളർന്ന് അതിനു മധ്യേകൂടി കടന്നുപോയോ, ആ കിടാവിനെപ്പോലെ ഞാൻ അവരോട് ഇടപെടും. 19 യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥമേധാവിമാരെയും പുരോഹിതന്മാരെയും പിളർക്കപ്പെട്ട കാളക്കിടാവിന്റെ ഖണ്ഡങ്ങളിലൂടെ നടന്ന ദേശത്തെ സകലജനങ്ങളെയും, 20 ഞാൻ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.

21 “യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടു പിൻവാങ്ങിയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏൽപ്പിക്കും. 22 ഇതാ, ഞാൻ ആജ്ഞ കൊടുക്കാൻ പോകുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരെ ഞാൻ ഈ നഗരത്തിലേക്കു തിരികെവരുത്തും. അവർ അതിനെതിരേ യുദ്ധംചെയ്ത് അതിനെ പിടിച്ചടക്കി തീവെച്ചു ചുട്ടുകളയും. ഞാൻ യെഹൂദാനഗരങ്ങളെ ആൾപ്പാർപ്പില്ലാത്ത ഒരു ശൂന്യസ്ഥലമാക്കും.”

യിരെമ്യാവിനെ വീണ്ടും തടവിലാക്കുന്നു

യിരെമ്യാവ് ജെറുശലേമിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും വീണ്ടും തടവിലാക്കപ്പെടുകയും ചെയ്യുന്നു.

യിരെമ്യാവ് 37:11–21

11 ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ, 12 യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര. 13 എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു.

14 എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു. 15 അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു.

16 അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി. 17 അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു.

“ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു.

18 യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്? 19 ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ? 20 എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.”

21 അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.

യിരെമ്യാവ് തന്റെ പ്രവചനങ്ങൾ രാജാവിനോട് ആവർത്തിക്കുന്നു ക്രി.മു. 588

രാജാവ് തന്നോട് അഭ്യർഥിക്കുമ്പോൾ യിരെമ്യാവ് തന്റെ മുൻപ്രവചനങ്ങൾ ആവർത്തിക്കുന്നു.

യിരെമ്യാവ് 21

1 സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്: 2 “ബാബേൽരാജാവായ നെബൂഖദ്നേസർ നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”

3 എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക, 4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും. 5 ഞാൻതന്നെയും നീട്ടിയ ഭുജംകൊണ്ടും ബലവത്തായ കരംകൊണ്ടും ഉഗ്രകോപത്തോടും മഹാക്രോധത്തോടുംകൂടി നിങ്ങൾക്കെതിരേ യുദ്ധംചെയ്യും. 6 ഈ നഗരത്തിലെ നിവാസികളെ— മനുഷ്യരെയും മൃഗങ്ങളെയും—ഞാൻ സംഹരിക്കും. അവർ ഒരു മഹാമാരിയാൽ മരിക്കും. 7 അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’

8 “നീ ഇതുംകൂടി ഈ ജനത്തോടു പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെമുമ്പിൽ വെക്കുന്നു. 9 ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ പുറത്തുപോയി നിങ്ങളെ ഉപരോധിക്കുന്ന ബാബേല്യർക്കു കീഴ്പ്പെടുന്നവർ ജീവനോടെ ശേഷിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും. 10 ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’

11 “അതിനുശേഷം നീ യെഹൂദയിലെ രാജകുടുംബത്തോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക. 12 ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം

ആർക്കും കെടുത്താൻ കഴിയാത്തവിധം

എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്,

പ്രഭാതംതോറും ന്യായം പരിപാലിക്കുകയും

കവർച്ചയ്ക്കിരയായവരെ

പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.

13 ഈ താഴ്വരയ്ക്കുമീതേ,

പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന

ജെറുശലേമേ, ഞാൻ നിനക്കെതിരാണ്—

എന്ന് യഹോവ അരുളിച്ചെയ്യുന്നു—

“ആർ ഞങ്ങളുടെനേരേ വരും?

ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.

14 നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും,

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും

ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’ ”