യിരെമ്യാവിനെ തടവിലാക്കുന്നു (continued)
ക്രി.മു. 589
Biblica® Open Malayalam Contemporary Version™ (OMCV)
1 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി: 2 “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു. 3 ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’ 4 ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്: 5 ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
6 “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും. 7 ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും. 8 അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും. 9 ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’
10 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി, 11 ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്,
“ ‘ “സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്വിൻ,
യഹോവ നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,”
എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു.
12 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും. 13 മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്.
14 “ ‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്.
15 “ ‘ആ നാളുകളിലും ആ കാലത്തും
ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും.
അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
16 ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും,
ജെറുശലേം സുരക്ഷിതരായി ജീവിക്കും.
യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ,
എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
17 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല, 18 ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’ ”
19 യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി: 20 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, 21 എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം. 22 ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ”
23 യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി: 24 “ ‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല. 25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ, 26 ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”
ബാബേല്യർ ജെറുശലേമിന്റെ ഉപരോധം പിൻവലിക്കുന്നു
ബാബേല്യർ ജെറുശലേമിന്റെ ഉപരോധം പിൻവലിച്ച് ഈജിപ്റ്റുരാജാവായ ഫറവോൻ ഹോഫ്റയ്ക്കെതിരേ പടനീങ്ങുന്നു.
5 ഈ ഘട്ടത്തിൽ ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടിരുന്നു; അവരെക്കുറിച്ചുള്ള വാർത്ത ജെറുശലേമിന് ഉപരോധം ഏർപ്പെടുത്തിയിരുന്ന ബാബേല്യർ കേട്ടപ്പോൾ അവർ ജെറുശലേമിൽനിന്നു പിൻവാങ്ങി.
ഫെലിസ്ത്യരുടെയും ഈജിപ്റ്റുകാരുടെയും നാശം മുൻകൂട്ടി പ്രവചിക്കുന്നു
1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു;
അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും.
അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും
നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും.
മനുഷ്യർ നിലവിളിക്കും,
ദേശവാസികളൊക്കെയും വിലപിക്കും;
3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും
ശത്രുരഥങ്ങളുടെ ഘോഷവും
ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ.
മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും;
അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും
സോരിൽനിന്നും സീദോനിൽനിന്നും
അവരുടെ എല്ലാ സഹായികളെയും
ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ.
കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന
ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.
5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും;
അസ്കലോൻ നിശ്ശബ്ദരായിത്തീരും.
താഴ്വരയിലെ ശേഷിപ്പേ,
എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?
6 “ ‘അയ്യോ, യഹോവയുടെ വാളേ,
നീ എത്രവരെ വിശ്രമമില്ലാതിരിക്കും?
നിന്റെ ഉറയിലേക്കു പിൻവാങ്ങുക
വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’
7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ
യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ,
അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ,
അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
6 അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാപ്രവാചകന് ഉണ്ടായി: 7 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും. 8 ബാബേല്യർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധംചെയ്യും; അവർ ഈ നഗരം പിടിച്ചടക്കി അഗ്നിക്കിരയാക്കും.’
9 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്യർ തീർച്ചയായും നമ്മെ വിട്ടുപോകും,’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്. അവർ വിട്ടുപോകുകയില്ല! 10 നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”