ഭാഗം 12: നിഴലിൽ യേശുവിനൊപ്പം
എഡി 30-ലെ (അല്ലെങ്കിൽ 29-ലെ) പീഡാനുഭവവാരത്തിലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വ്യാഴാഴ്ച രാത്രി വരെ. ജെറുശലേം
തന്റെ മരണത്തിന്റെ ദുരന്തത്തെ നേരിടാനും താൻ പോയശേഷം തന്റെ പ്രവർത്തനം തുടരാനും ശിഷ്യന്മാരെ ഒരുക്കാൻ യേശു ഇപ്പോൾ ശ്രമിക്കുന്നു.
അന്ത്യകാലത്തെക്കുറിച്ചുള്ള മഹാപ്രഭാഷണം
ഒലിവുമലയിൽ ഇരുന്നുകൊണ്ട് യേശു തന്റെ ശിഷ്യന്മാരോടു ജെറുശലേമിന്റെ നാശത്തെക്കുറിച്ചും തന്റെ രണ്ടാം വരവിനെക്കുറിച്ചും അന്ത്യകാല വെളിപ്പാടുകളുടെ ഭാഷയിൽ സംസാരിക്കുന്നു. അന്ത്യകാര്യങ്ങളെക്കുറിച്ചുള്ള മഹാപ്രഭാഷണം.
(ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്)
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 24:1–25:46
24:1 യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. 2 അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു.
4 അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
5 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
6 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
7 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.
8 ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
9 “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.
10 അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11 പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും. 12 വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും;
13 എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. 14 ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
15 “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—
16 യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
17 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
18 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
19 ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!
20 നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക. 21 കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
22 “ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും.
23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്. 27 കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. 28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
29 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ,
“ ‘സൂര്യൻ അന്ധകാരമയമാകും,
ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;
ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
30 “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.
31 മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.
32 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
33 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
34 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
35 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
36 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല. 37 നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം. 38 പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു. 39 പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും. 40 അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും. 41 രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.
42 “അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.
43 കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ. 44 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.
45 “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? 46 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ. 47 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 48 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ, 49 അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും. 50 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. 51 അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
25:1 “മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 2 അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു. 3 ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല. 4 എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു. 5 മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.
6 “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.
7 “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി. 8 ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.
9 “ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.
10 “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
11 “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.
12 “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.
13 “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!
14 “ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 15 അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി. 16 അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. 17 അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി. 18 എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.
19 “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു. 20 അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
21 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’
22 “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
23 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.
24 “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു. 25 അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.
26 “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ. 27 എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?
28 “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക. 29 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 30 അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’
31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി 32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും. 33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക. 35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു; 36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്? 38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്? 39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക. 42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; 43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”
മർക്കോസ് 13:1–37
13:1 യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
2 യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു.
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്,
4 “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
5 യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
6 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
7 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
8 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
9 “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും. 10 എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. 11 അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
12 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
14 “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
15 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
17 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം!
18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക. 19 കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
20 “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
21 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
22 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
23 ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം,
“ ‘സൂര്യൻ അന്ധകാരമയമാകും,
ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
25 നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും;
ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും.
27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.
28 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
29 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
30 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല നിശ്ചയം.
31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
32 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
33 സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. 34 ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.
35 “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം. 36 അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്. 37 ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’ ”
ലൂക്കോസ് 21:5–36
21:5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: 6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. 11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും. 14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല. 15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും. 17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. 18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല. 19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും. 26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക; 30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ. 35 ആ ദിവസം സകലഭൂവാസികളുടെമേലും വരും.
36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”