രണ്ടു ദിവസത്തിനുശേഷമുള്ള തന്റെ ക്രൂശീകരണം യേശു പ്രവചിക്കുന്നു

ഇന്നുമുതൽ രണ്ടു ദിവസത്തിനുശേഷം (യെഹൂദരുടെ വെള്ളിയാഴ്ച) താൻ ക്രൂശിക്കപ്പെടുമെന്ന് യേശു പ്രവചിക്കുന്നു.

മിക്കവാറും ചൊവ്വാഴ്ച വൈകുന്നേരം ബെഥാന്യയിൽ (യെഹൂദരുടെ ബുധനാഴ്ചയുടെ തുടക്കം). ജെറുശലേമിലെ ഭരണാധികാരികൾ അദ്ദേഹത്തെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 26:1–5

26:1 ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്, 2 “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ; അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു.

3 ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി;

4 യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.

5 “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.

മർക്കോസ് 14:1–2

14:1 പെസഹയെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന് രണ്ട് ദിവസംകൂടിമാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.

2 “കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.

ലൂക്കോസ് 22:1–2

22:1 പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.

2 പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു.

ബെഥാന്യയിലെ മറിയ യേശുവിനെ സംസ്കാരത്തിനായി അഭിഷേകം ചെയ്യുന്നു

കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിലെ വിരുന്നിൽ, ബെഥാന്യയിലെ മറിയ യേശുവിനെ അദ്ദേഹത്തിന്റെ സംസ്കാരത്തിനായി അഭിഷേകം ചെയ്യുന്നു.

ബെഥാന്യയിൽ (ചൊവ്വാഴ്ച വൈകുന്നേരം, യെഹൂദരുടെ ബുധനാഴ്ച)

മത്തായി 26:6–13

26:6 യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ, 7 ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.

8 ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്?

9 ഈ സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു ചോദിച്ചു.

10 യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.

11 ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.

12 അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു.

13 ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

മർക്കോസ് 14:3–9

14:3 ഈ സമയത്ത് അദ്ദേഹം ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ, ഒരു സ്ത്രീ വളരെ വിലപിടിപ്പുള്ള സ്വച്ഛജടാമാഞ്ചിതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി വന്നു. അവൾ ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സിൽ ആ തൈലം ഒഴിച്ചു.

4 അവിടെ ഉണ്ടായിരുന്നവരിൽ ചിലർ നീരസത്തോടെ പരസ്പരം, “ഈ സുഗന്ധതൈലം പാഴാക്കിയതെന്തിന്?

5 ഇത് മുന്നൂറിലധികം ദിനാറിനു വിറ്റു പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു പറഞ്ഞ് അവളെ ശകാരിച്ചു.

6 അതിനു മറുപടിയായി യേശു: “ ‘അവളെ വെറുതേവിട്ടേക്കുക, അവളെ വിമർശിക്കുന്നതെന്തിന്?’ അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.

7 ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ, അവരെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സഹായിക്കാം. ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.

8 തനിക്കു കഴിവുള്ളത് അവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി അവൾ ഈ സുഗന്ധതൈലം മുൻകൂട്ടി എന്റെ ശരീരത്തിന്മേൽ ഒഴിക്കുകയാണ് ചെയ്തിരിക്കുന്നത്.

9 ലോകമെങ്ങും, സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

യോഹന്നാൻ 12:2–8

12:2 അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു. 3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു.

4 യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്,

5 “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു.

6 ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു.

7 അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി.

8 ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.”