ജനങ്ങളുടെ ആദ്യ സമ്മേളനം
ക്രി.മു. 1015
Biblica® Open Malayalam Contemporary Version™ (OMCV)
1 ദാവീദ് വൃദ്ധനും കാലസമ്പൂർണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി.
1 ഇസ്രായേലിലെ സകല അധിപതികളും ജെറുശലേമിൽ ഒരുമിച്ചുകൂടുന്നതിന് ദാവീദ് സന്ദേശമയച്ചു: ഗോത്രാധിപന്മാർ, രാജസേവനത്തിലുള്ള സേനാഗണങ്ങളുടെ അധിപന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും പുത്രന്മാരുടെയും സ്വത്തുക്കൾക്കും കന്നുകാലിസമ്പത്തുക്കൾക്കും ചുമതലക്കാർ, കൊട്ടാരം മേൽവിചാരകന്മാർ, വീരന്മാർ, പരാക്രമശാലികളായ മറ്റുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും അദ്ദേഹം കൂട്ടിവരുത്തി.
2 ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “എന്റെ ജനവും എന്റെ സഹോദരന്മാരുമേ, ശ്രദ്ധിക്കുക! യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന് ഒരു വിശ്രമസങ്കേതമായും നമ്മുടെ ദൈവത്തിനു പാദപീഠമായും ഒരു ആലയം പണിയണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. അതു പണിയുന്നതിനുള്ള പദ്ധതികളും ഞാൻ ആവിഷ്ക്കരിച്ചു. 3 എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടതു നീയല്ല; കാരണം നീ ഒരു യോദ്ധാവാണ്, രക്തവും ചിന്തിയിട്ടുണ്ട്!’
4 “എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു. 5 എന്റെ സകലപുത്രന്മാരിലുംവെച്ച്—യഹോവ എനിക്ക് അനവധി പുത്രന്മാരെ നൽകിയിട്ടുണ്ട്—അവിടന്ന് എന്റെ മകനായ ശലോമോനെ, ഇസ്രായേലിന്മേൽ, യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുന്നതിനു തെരഞ്ഞെടുത്തിരിക്കുന്നു, 6 യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. 7 അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’
8 “ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക!
9 “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും. 10 ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!”
1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ
സർവശക്തന്റെ തണലിൽ വിശ്രമിക്കും.
2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
3 അവിടന്നു നിശ്ചയമായും നിന്നെ
വേട്ടക്കാരുടെ കെണിയിൽനിന്നും
മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും,
അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും;
അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
5 രാത്രിയുടെ ഭീകരതയോ
പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ
നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
7 നിന്റെ വശത്ത് ആയിരംപേരും
നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും.
എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും
ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
9 യഹോവയെ നിന്റെ സങ്കേതവും
അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല,
ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട്
നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ
നിന്നെ അവരുടെ കരങ്ങളിലേന്തും.
13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും;
സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും;
എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും;
കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും,
ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും
എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
മിക്കവാറും ദാവീദിന്റെ ജീവിതത്തിന്റെ പിൽക്കാലത്തെ ഒരു സങ്കീർത്തനം
ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം.
1 എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും
തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
4 ഓരോ തലമുറയും അനന്തരതലമുറയോട്
അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും
ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും
ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും
അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
8 യഹോവ ആർദ്രഹൃദയനും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9 യഹോവ എല്ലാവർക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
10 യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു,
അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും
അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും
അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു,
അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും.
യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു
പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു,
അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
16 അവിടന്ന് തൃക്കൈ തുറക്കുന്നു
ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു
തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും,
സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു;
അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു,
എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും.
സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ
എന്നെന്നേക്കും വാഴ്ത്തട്ടെ.