ദേവാലയശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ
ക്രി.മു. 1015
Biblica® Open Malayalam Contemporary Version™ (OMCV)
2 അദ്ദേഹം ഇസ്രായേലിലെ സകലപ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. 3 ലേവ്യരിൽ മുപ്പതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണമെടുത്തു; പുരുഷന്മാർ ആകെ മുപ്പത്തെണ്ണായിരം എന്നുകണ്ടു. 4 ദാവീദ് പറഞ്ഞു: “ഇവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കു മേൽനോട്ടം വഹിക്കുകയും ആറായിരംപേർ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയിരിക്കുകയും വേണം. 5 നാലായിരംപേർ വാതിൽകാവൽക്കാരും ആയിരിക്കണം. ബാക്കി നാലായിരംപേർ ഞാൻ തയ്യാറാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കണം.”
6 ലേവിയുടെ പുത്രന്മാരായ ഗെർശോൻ. കെഹാത്ത്, മെരാരി എന്നിവരുടെ ക്രമത്തിൽ ദാവീദ് ലേവ്യരെ മൂന്നു ഗണങ്ങളാക്കി തിരിച്ചു.
7 ഗെർശോന്യരിൽ ഉൾപ്പെട്ടിരിക്കുന്നവർ:
ലദ്ദാൻ, ശിമെയി.
8 ലദ്ദാന്റെ പുത്രന്മാർ:
നായകനായ യെഹീയേൽ, സേഥാം, യോവേൽ—ആകെ മൂന്നുപേർ.
9 ശിമെയിയുടെ പുത്രന്മാർ:
ശെലോമോത്ത്, ഹസീയേൽ, ഹാരാൻ—ആകെ മൂന്നുപേർ.
(ഇവർ ലദ്ദാന്റെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.)
10 ശിമെയിയുടെ പുത്രന്മാർ:
യഹത്ത്, സീസാ, യെയൂശ്, ബേരീയാം;
ഇവർ ശിമെയിയുടെ പുത്രന്മാരായിരുന്നു—ആകെ നാലുപേർ.
11 ഇവരിൽ യഹത്ത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു. എന്നാൽ യെയൂശിനും ബേരീയാമിനും അധികം പുത്രന്മാരില്ലായിരുന്നു. അതിനാൽ അവരെ ഇരുവരെയും ഒരുകുടുംബമായും ഒറ്റവീതത്തിന് അവകാശികളായും കരുതിയിരുന്നു.
12 കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ—ആകെ നാലുപേർ
13 അമ്രാമിന്റെ പുത്രന്മാർ:
അഹരോനും മോശയും.
അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിക്കുന്നതിനും അവിടത്തെ മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും എപ്പോഴും യഹോവയുടെ നാമത്തിൽ അനുഗ്രഹവചസ്സുകൾ ചൊരിയുന്നതിനുംവേണ്ടി അഹരോനും പിൻഗാമികളും എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ടു. 14 ദൈവപുരുഷനായ മോശയുടെ പുത്രന്മാർ ലേവി ഗോത്രത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു.
15 മോശയുടെ പുത്രന്മാർ:
ഗെർശോം, എലീയേസർ.
16 ഗെർശോമിന്റെ പിൻഗാമികളിൽ
ശെബൂവേൽ പ്രമുഖനായിരുന്നു.
17 എലീയേസരിന്റെ പിൻഗാമികളിൽ
രെഹബ്യാവ് പ്രമുഖനായിരുന്നു.
എലീയേസറിന് മറ്റു പുത്രന്മാരില്ലായിരുന്നു. എന്നാൽ രെഹബ്യാവിനു വളരെ പുത്രന്മാരുണ്ടായിരുന്നു.
18 യിസ്ഹാരിന്റെ പുത്രന്മാരിൽ
ശെലോമീത്ത് പ്രമുഖനായിരുന്നു.
19 ഹെബ്രോന്റെ പുത്രന്മാർ:
യെരീയാവ് ഒന്നാമനും അമര്യാവ് രണ്ടാമനും
യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു.
20 ഉസ്സീയേലിന്റെ പുത്രന്മാരിൽ:
മീഖാ ഒന്നാമനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
21 മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.
മഹ്ലിയുടെ പുത്രന്മാർ:
എലെയാസാർ, കീശ്.
22 എലെയാസാർ പുത്രന്മാരില്ലാതെ മരിച്ചു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പിതൃസഹോദരനായ കീശിന്റെ പുത്രന്മാർ അവരെ വിവാഹംചെയ്തു.
23 മൂശിയുടെ പുത്രന്മാർ:
മഹ്ലി, ഏദെർ, യെരേമോത്ത്—ആകെ മൂന്നുപേർ.
24 കുടുംബങ്ങൾ, കുടുംബത്തലവന്മാർ എന്നിങ്ങനെ തരംതിരിച്ച് പേരുപേരായി രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവിയുടെ പിൻഗാമികൾ ഓരോ വ്യക്തിയെയും, അതായത്, ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകരുമായ ലേവ്യസന്തതികൾ ഇവരായിരുന്നു. 25 ദാവീദ് ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്വസ്ഥത നൽകിയിരിക്കുന്നതിനാലും അവിടന്ന് എന്നെന്നേക്കും ജെറുശലേമിൽ അധിവസിക്കുന്നതിന് എഴുന്നള്ളിയിരിക്കുന്നതിനാലും 26 ഇനിമേലിൽ ലേവ്യർക്ക് സമാഗമകൂടാരമോ ശുശ്രൂഷകൾക്കുള്ള വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലുമോ ചുമക്കേണ്ടതായി വരികയില്ല.” 27 ദാവീദ് ഏറ്റവും ഒടുവിൽ കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്, ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരിൽനിന്നു ലേവ്യരുടെ എണ്ണം തിട്ടപ്പെടുത്തിയിരുന്നു.
28 യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അഹരോന്റെ പിൻഗാമികളെ സഹായിക്കുക, ആലയത്തിന്റെ അങ്കണവും വശത്തോടുചേർന്ന അറകളും സൂക്ഷിക്കുക, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുക, ദൈവത്തിന്റെ മന്ദിരത്തിലെ മറ്റു ജോലികളെല്ലാം നിർവഹിക്കുക, എന്നിവയെല്ലാമായിരുന്നു ലേവ്യരുടെ ചുമതലകൾ. 29 മേശയിലേക്കുള്ള കാഴ്ചയപ്പവും ഭോജനയാഗത്തിനുള്ള നേർമയേറിയ മാവും പുളിപ്പില്ലാത്ത അപ്പവും അടകൾ ചുട്ടെടുക്കുന്നതും മാവു കുഴയ്ക്കുന്നതും അളവും വലുപ്പവും നിരീക്ഷിക്കുന്നതും എല്ലാം അവരുടെ ചുമതലയായിരുന്നു. 30 രാവിലെയും വൈകുന്നേരവും യഹോവയ്ക്കു നന്ദികരേറ്റുന്നതിനും അവിടത്തെ സ്തുതിക്കുന്നതിനും അവർ സന്നിഹിതരാകണമായിരുന്നു. 31 കൂടാതെ, ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതമായ ഉത്സവവേളകളിലും യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുമ്പോഴൊക്കെ അവർ സന്നിഹിതരാകണമായിരുന്നു. അവർക്കു നിശ്ചയിക്കപ്പെട്ട പ്രകാരവും എണ്ണത്തിനൊത്തും അവർ യഹോവയുടെ സന്നിധിയിൽ നിരന്തരം ശുശ്രൂഷകൾ അനുഷ്ഠിക്കണമായിരുന്നു.
32 അങ്ങനെ ലേവ്യർ സമാഗമകൂടാരത്തിനും വിശുദ്ധസ്ഥലത്തിനുംവേണ്ടി തങ്ങൾക്കുള്ള ചുമതലകളെല്ലാം നിറവേറ്റിയിരുന്നു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷകളിൽ അവർ തങ്ങളുടെ സഹോദരന്മാരായ അഹരോന്യർക്കു സഹായികളായും വർത്തിച്ചിരുന്നു.
24:1 അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവരായിരുന്നു:
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരായിരുന്നു. 2 എന്നാൽ നാദാബും അബീഹൂവും അവരുടെ പിതാവിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു; അവർക്കു പുത്രന്മാരും ഇല്ലായിരുന്നു. അതിനാൽ എലെയാസാരും ഈഥാമാറും പുരോഹിതന്മാരായി ശുശ്രൂഷചെയ്തു. 3 എലെയാസാരിന്റെ ഒരു പിൻഗാമിയായ സാദോക്കിന്റെയും ഈഥാമാരിന്റെ ഒരു പിൻഗാമിയായ അഹീമെലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ, അവരുടെ നിർദിഷ്ട ക്രമമനുസരിച്ചുള്ള ശുശ്രൂഷകൾക്കായി, ഗണങ്ങളാക്കിത്തിരിച്ചു. 4 ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു. 5 എലെയാസാർ, ഈഥാമാർ, ഇരുവരുടെയും പിൻഗാമികളിൽ വിശുദ്ധസ്ഥലത്തിലെ അധികാരികളും ദൈവത്താൽ നിയുക്തരായ അധികാരികളും ഉണ്ടായിരുന്നതിനാൽ പക്ഷഭേദംകൂടാതെ നറുക്കിട്ടാണ് അവരെ ഗണം തിരിച്ചത്.
6 എലെയാസാരിന്റെ ശാഖയിൽനിന്ന് ഒന്നും പിന്നെ ഈഥാമാരിന്റെ ശാഖയിൽനിന്ന് മറ്റൊന്നും എന്നക്രമത്തിൽ കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലേവ്യനും നെഥനയേലിന്റെ പുത്രനുമായ ശെമയ്യാ എന്ന വേദജ്ഞൻ ആ പേരുകൾ രേഖപ്പെടുത്തി. രാജാവ്, പ്രഭുക്കന്മാർ, സാദോക്കു പുരോഹിതൻ, അബ്യാഥാരിന്റെ മകനായ അഹീമെലെക്ക്, കുടുംബത്തലവന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് അവ രേഖപ്പെടുത്തിയത്.
7 ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു.
രണ്ടാമത്തേത് യെദായാവിനും.
8 മൂന്നാമത്തേതു ഹാരീമിനും
നാലാമത്തേതു ശെയോരീമിനും
9 അഞ്ചാമത്തേതു മൽക്കീയാവിനും
ആറാമത്തേതു മീയാമിനും.
10 ഏഴാമത്തേതു ഹക്കോസിനും
എട്ടാമത്തേത് അബീയാവിനും
11 ഒൻപതാമത്തേതു യേശുവയ്ക്കും
പത്താമത്തേതു ശെഖന്യാവിനും
12 പതിനൊന്നാമത്തേത് എല്യാശീബിനും
പന്ത്രണ്ടാമത്തേതു യാക്കീമിനും
13 പതിമ്മൂന്നാമത്തേതു ഹുപ്പെക്കും
പതിന്നാലാമത്തേതു യേശെബെയാമിനും
14 പതിനഞ്ചാമത്തേതു ബിൽഗെക്കും
പതിനാറാമത്തേത് ഇമ്മേരിനും
15 പതിനേഴാമത്തേതു ഹേസീരിനും
പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
16 പത്തൊൻപതാമത്തേതു പെഥഹ്യാവിനും
ഇരുപതാമത്തേതു യെഹെസ്കേലിനും
17 ഇരുപത്തൊന്നാമത്തേതു യാഖീനും
ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
18 ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും
ഇരുപത്തിനാലാമത്തേതു മയസ്യാവിനും വീണു.
19 ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവപിതാവായ അഹരോനോടു കൽപ്പിച്ചതനുസരിച്ച്, അദ്ദേഹം അവർക്കായി നിർണയിച്ച അനുശാസനങ്ങൾ പ്രകാരം അവർ യഹോവയുടെ ആലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കു ശുശ്രൂഷചെയ്യുന്നതിനായി നിശ്ചയിക്കപ്പെട്ട ക്രമവും ഇതുതന്നെ ആയിരുന്നു.
20 ലേവിയുടെ പിൻഗാമികളിൽ ശേഷമുള്ളവർ താഴെപ്പറയുന്നവരായിരുന്നു:
അമ്രാമിന്റെ പുത്രന്മാരിൽനിന്ന് ശൂബായേൽ;
ശൂബായേലിന്റെ പുത്രന്മാരിൽനിന്ന് യെഹ്ദേയാവ്.
21 രെഹബ്യാവിൽനിന്ന്: അദ്ദേഹത്തിന്റെ പുത്രന്മാരിൽ യിശ്ശീയാവ് ഒന്നാമനായിരുന്നു.
22 യിസ്ഹാര്യരിൽനിന്ന്, ശെലോമോത്ത്.
ശെലോമോത്തിന്റെ പുത്രന്മാരിൽനിന്ന്, യഹത്ത്,
23 ഹെബ്രോന്റെ പുത്രന്മാർ:
ഒന്നാമൻ യെരീയാവ്, രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.
24 ഉസ്സീയേലിന്റെ പുത്രൻ: മീഖാ.
മീഖായുടെ പുത്രന്മാരിൽനിന്ന്: ശമീർ.
25 മീഖായുടെ സഹോദരൻ യിശ്ശീയാവ്.
യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്.
26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
യയസ്യാവിന്റെ പുത്രൻ ബെനോ.
27 മെരാരിയുടെ പുത്രന്മാർ:
യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.
28 മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
29 കീശിൽനിന്ന്: കീശിന്റെ പുത്രൻ, യെരഹ്മയേൽ.
30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്.
അവരുടെ കുടുംബക്രമമനുസരിച്ചുള്ള ലേവ്യർ ഇവരായിരുന്നു.
31 അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.