ഇസ്രായേൽരാജ്യം

ശല്മനേസർ ഹോശേയയുടെ രാജ്യം ആക്രമിക്കുന്നു

ഇസ്രായേൽരാജാവായ ഹോശേയയുടെ ഭരണത്തിന്റെ തുടർച്ച. ശല്മനേസർ ഹോശേയയുടെ ദേശങ്ങൾ ആക്രമിക്കുന്നു.

ഏകദേശം ക്രി.മു. 725

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 17:3–4

3 അശ്ശൂർരാജാവായ ശല്മനേസർ ഹോശേയയെ ആക്രമിക്കുന്നതിനായി പുറപ്പെട്ടുവന്നു. ഹോശേയ ശല്മനേസറിനു കീഴ്പ്പെട്ടിരുന്ന് അദ്ദേഹത്തിനു കപ്പം കൊടുത്തുവന്നിരുന്നു. 4 എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിന്റെ അടുക്കൽ സന്ദേശവാഹകരെ അയയ്ക്കുകയും വർഷംതോറും അശ്ശൂർരാജാവിനു കൊടുത്തുകൊണ്ടിരുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തതിനാൽ അദ്ദേഹം വഞ്ചകനെന്ന് അശ്ശൂർരാജാവ് കണ്ടെത്തി. അതിനാൽ ശല്മനേസർ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി.

ഹോശേയ പത്തു ഗോത്രങ്ങളുടെ പ്രവാസം മുൻകൂട്ടി പ്രവചിക്കുന്നു ക്രി.മു. 725

ഹോശേയ പത്തു ഗോത്രങ്ങളുടെ പ്രവാസം മുൻകൂട്ടി പ്രവചിക്കുകയും മാനസാന്തരപ്പെടാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

ഹോശേയ 7–8

1 ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,

എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും

ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു.

അവർ വഞ്ചന പ്രവർത്തിക്കുന്നു;

കള്ളന്മാർ വീടുകളിൽ കയറുന്നു,

കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു.

2 എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്

അവർ തിരിച്ചറിയുന്നില്ല.

അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു;

അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.

3 “അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും

പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു.

4 അവർ എല്ലാവരും വ്യഭിചാരികൾ,

മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ

അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത

അടുപ്പുപോലെ അവർ ജ്വലിക്കുന്നു.

5 നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ

പ്രഭുക്കന്മാർ വീഞ്ഞുകുടിച്ച് ഉന്മത്തരാകുന്നു,

അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.

6 അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു;

അവരുടെ ഹൃദയം ചൂളപോലെ ആകുന്നു.

അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു;

രാവിലെ അതു ജ്വലിക്കുന്ന അഗ്നിപോലെ കത്തുന്നു.

7 അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു;

അവർ തങ്ങളുടെ ഭരണാധികാരികളെ വിഴുങ്ങുന്നു.

അവരുടെ രാജാക്കന്മാർ എല്ലാവരും വീഴുന്നു,

ആരും എന്നെ വിളിച്ചപേക്ഷിക്കുന്നതുമില്ല.

8 “എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു;

എഫ്രയീം മറിച്ചിടാത്ത ദോശപോലെ ആകുന്നു.

9 വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു,

പക്ഷേ, അവൻ അത് അറിയുന്നില്ല.

അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു,

എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല.

10 ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു,

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും

അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല;

അവിടത്തെ അന്വേഷിക്കുന്നതുമില്ല.

11 “എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന

വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു;

അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും;

അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും.

12 അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും;

ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും.

അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ

ഞാൻ അവരെ ശിക്ഷിക്കും.

13 അവർ എന്നെ വിട്ടുപോയിരിക്കുകയാൽ,

അവർക്കു ഹാ കഷ്ടം!

അവർ എന്നോടു മത്സരിച്ചിരിക്കുകയാൽ

അവർക്കു നാശം!

അവരെ വീണ്ടെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു

പക്ഷേ, അവർ എനിക്കെതിരേ വ്യാജംപറയുന്നു.

14 അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല,

പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു.

അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു,

അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു

എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു.

15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി,

എങ്കിലും അവർ എനിക്കെതിരേ ദോഷം ചിന്തിക്കുന്നു.

16 അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല;

അവർ കേടുള്ള വില്ലുപോലെ ആകുന്നു.

അവരുടെ നിഗളവാക്കുകൾനിമിത്തം

പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും.

അങ്ങനെ ഈജിപ്റ്റുദേശത്ത്

അവർ പരിഹസിക്കപ്പെടും.

8:1 “കാഹളം നിന്റെ ചുണ്ടിൽ വെക്കുക!

അവർ എന്റെ ഉടമ്പടി ലംഘിച്ച്

എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം

യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ വരും.

2 ‘ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ അംഗീകരിക്കുന്നു!’

എന്ന് ഇസ്രായേൽ എന്നോടു നിലവിളിക്കുന്നു.

3 എന്നാൽ, ഇസ്രായേൽ നന്മ ഉപേക്ഷിച്ചിരിക്കുന്നു;

ശത്രു അവനെ പിൻതുടരും.

4 എന്റെ സമ്മതംകൂടാതെ അവർ രാജാക്കന്മാരെ വാഴിക്കുന്നു;

എന്റെ അംഗീകാരം ഇല്ലാതെ അവർ പ്രഭുക്കന്മാരെ തെരഞ്ഞെടുക്കുന്നു.

അവർ സ്വന്തം നാശത്തിനായി,

തങ്ങൾക്കുള്ള വെള്ളിയും സ്വർണവുംകൊണ്ടു

തങ്ങൾക്കുതന്നെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു.

5 ശമര്യയേ, നിങ്ങളുടെ പശുക്കിടാവിന്റെ വിഗ്രഹത്തെ പുറത്ത് എറിഞ്ഞുകളയുക!

എന്റെ കോപം അവർക്കുനേരേ ജ്വലിക്കുന്നു.

നിർമലരായിരിക്കുന്നത് അവർക്ക് എത്രത്തോളം അസാധ്യമായിരിക്കും?

6 അത് ഇസ്രായേലിൽനിന്നുള്ളതുതന്നെ!

ഒരു കൊത്തുപണിക്കാരൻ അതിനെ ഉണ്ടാക്കി;

അതു ദൈവമല്ല.

ശമര്യയിലെ പശുക്കിടാവ്

കഷണങ്ങളായി തകർന്നുപോകും.

7 “അവർ കാറ്റു വിതച്ചു,

കൊടുങ്കാറ്റു കൊയ്യുന്നു.

അവരുടെ തണ്ടിൽ കതിരില്ല;

അതിൽനിന്ന് മാവു കിട്ടുകയുമില്ല.

അതിൽ ധാന്യം വിളഞ്ഞെങ്കിൽക്കൂടെ

അന്യദേശക്കാർ അതു വിഴുങ്ങിക്കളയും.

8 ഇസ്രായേലിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു;

അവൾ ഇപ്പോൾ രാഷ്ട്രങ്ങളുടെ മധ്യത്തിൽ

ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.

9 തനിയേ അലഞ്ഞുതിരിയുന്ന ഒരു കാട്ടുകഴുതയെപ്പോലെ

അവർ അശ്ശൂരിലേക്കു പോയി;

എഫ്രയീം തങ്ങളെത്തന്നെ കാമുകന്മാർക്കു വിറ്റിരിക്കുന്നു.

10 അവർ രാജ്യങ്ങളുടെ മധ്യത്തിൽ തങ്ങളെത്തന്നെ വിറ്റാലും

ഞാൻ ഇപ്പോൾ അവരെ ഒരുമിച്ചുകൂട്ടും;

ശക്തനായ രാജാവിന്റെ പീഡനംനിമിത്തം

അവർ മെലിഞ്ഞുണങ്ങാൻ തുടങ്ങും.

11 “എഫ്രയീം പാപശുദ്ധീകരണയാഗങ്ങൾക്കുവേണ്ടി അനേകം യാഗപീഠങ്ങൾ പണിതു എങ്കിലും,

അവയെല്ലാം പാപഹേതുവായിത്തീർന്നിരിക്കുന്നു.

12 ഞാൻ അവർക്കുവേണ്ടി, എന്റെ ന്യായപ്രമാണത്തിലുള്ള അനേകം സംഗതികൾ എഴുതി,

പക്ഷേ, അവർ അതിനെ വൈദേശികമായി ചിന്തിച്ചുകളഞ്ഞു.

13 അവർ എനിക്കുള്ള ദാനമായി യാഗങ്ങൾ അർപ്പിക്കുകയും

അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു,

എന്നാൽ യഹോവ അവരിൽ പ്രസാദിക്കുന്നില്ല.

ഇപ്പോൾ യഹോവ അവരുടെ ദുഷ്ടത ഓർക്കും

അവരുടെ പാപങ്ങൾ ശിക്ഷിക്കും;

അവർ ഈജിപ്റ്റിലേക്കു മടങ്ങിപ്പോകും.

14 ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന്

കൊട്ടാരങ്ങൾ പണിതിരിക്കുന്നു;

യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി.

എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും

അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”