ഹോശേയ പത്തു ഗോത്രങ്ങളുടെ പ്രവാസം മുൻകൂട്ടി പ്രവചിക്കുന്നു (continued)

ഹോശേയ പത്തു ഗോത്രങ്ങളുടെ പ്രവാസം മുൻകൂട്ടി പ്രവചിക്കുകയും മാനസാന്തരപ്പെടാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

ക്രി.മു. 725

Biblica® Open Malayalam Contemporary Version™ (OMCV)

ഹോശേയ 9–11

1 ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ

നീ ആനന്ദിക്കരുത്;

കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ

വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട്

ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.

2 മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല;

പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല.

3 അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല;

എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും

അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും.

4 അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല,

അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല.

ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും;

അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും.

ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം;

അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല.

5 നിങ്ങളുടെ ഉത്സവദിവസങ്ങളിൽ,

യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും?

6 അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും,

ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും

മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും.

അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും.

മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.

7 ശിക്ഷയുടെ ദിവസങ്ങൾ വരുന്നു,

പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു.

ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ.

നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും

നിങ്ങളുടെ ശത്രുത വലുതാകുകയാലും

പ്രവാചകനെ ഒരു ഭോഷനായും

ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.

8 യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം

എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു.

എങ്കിലും അവന്റെ വഴികളിൽ കെണികളും

അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.

9 അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ

മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു.

ദൈവം അവരുടെ ദുഷ്ടത ഓർക്കും

അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.

10 “ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ,

അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു;

ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ

അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു.

എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ,

അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു.

തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.

11 എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും—

ജനനമില്ല, ഗർഭമില്ല, ഗർഭധാരണവുമില്ല!

12 അവർ കുഞ്ഞുങ്ങളെ വളർത്തിയാലും

ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും.

ഞാൻ അവരെ വിട്ടുമാറുമ്പോൾ

അവർക്കു ഹാ കഷ്ടം!

13 സോരിനെപ്പോലെ മനോഹരസ്ഥലത്തു നട്ടിരിക്കുന്ന

എഫ്രയീമിനെ ഞാൻ കണ്ടു.

എന്നാൽ എഫ്രയീം തന്റെ മക്കളെ

ഘാതകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടിവരും.”

14 അവർക്കു നൽകണമേ യഹോവേ,

അവർക്ക് അങ്ങ് എന്താണു നൽകുന്നത്?

അലസിപ്പോകുന്ന ഗർഭവും,

വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.

15 “ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം

ഞാൻ അവിടെ അവരെ വെറുത്തു.

അവരുടെ പാപപ്രവൃത്തികൾനിമിത്തം

ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.

ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല;

അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.

16 എഫ്രയീം നശിച്ചിരിക്കുന്നു,

അവരുടെ വേര് ഉണങ്ങിപ്പോയി,

അവർ ഫലം പുറപ്പെടുവിക്കുന്നില്ല.

അവർ കുഞ്ഞുങ്ങളെ ഗർഭംധരിച്ചാലും,

അവരുടെ പ്രിയ ഗർഭഫലങ്ങളെ ഞാൻ സംഹരിച്ചുകളയും.”

17 അവർ യഹോവയെ അനുസരിക്കായ്കകൊണ്ട്

എന്റെ ദൈവം അവരെ നിരസിച്ചുകളയും;

അവർ രാഷ്ട്രങ്ങൾക്കിടയിൽ അലയുന്നവരാകും.

10:1 ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി;

അവൻ തനിക്കുതന്നെ ഫലം കായ്ച്ചു.

അവന്റെ ഫലം വർധിച്ചതനുസരിച്ച്,

കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു;

അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്,

അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു.

2 അവരുടെ ഹൃദയം വഞ്ചനയുള്ളത്,

അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും.

യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും

അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും.

3 അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ

ഞങ്ങൾക്കു രാജാവില്ല;

അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും,

അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?”

4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,

വ്യാജശപഥങ്ങൾ ചെയ്യുന്നു

ഉടമ്പടികൾ ഉണ്ടാക്കുന്നു.

അതുകൊണ്ട്, ഉഴുതിട്ട നിലത്ത്

വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.

5 ശമര്യയിൽ പാർക്കുന്ന ജനം

ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു.

അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം

അതിലെ ജനങ്ങൾ വിലപിക്കും

വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും,

അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും.

6 മഹാരാജാവിനു കപ്പമായിട്ട്

അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും.

എഫ്രയീം അപമാനിക്കപ്പെടും;

ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.

7 വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ

ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.

8 ഇസ്രായേലിന്റെ പാപമായ

ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും.

അവിടെ മുള്ളും പറക്കാരയും വളർന്ന്

അവരുടെ ബലിപീഠങ്ങളെ മൂടും.

അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും

കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.

9 “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു,

നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു.

ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ

യുദ്ധം കീഴടക്കുകയില്ലേ?

10 എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും;

അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന്

അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും.

11 എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും

മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്;

എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ

നുകം വെക്കും;

ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും

യെഹൂദാ നിലം ഉഴുകയും

യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.

12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,

നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.

തരിശുനിലങ്ങളെ ഉഴുവിൻ,

യഹോവ വന്നു

നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ

അവിടത്തെ അന്വേഷിപ്പിൻ.

13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,

നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു,

വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു.

നിങ്ങൾ സ്വന്തബലത്തിലും

യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,

14 യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും.

യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ

നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും.

അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.

15 നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ,

ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും.

ആ ദിവസം ഉദിക്കുമ്പോൾ,

ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.

11:1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,

ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.

2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും

അവർ എന്നെ വിട്ടകന്നുപോയി.

അവർ ബാലിനു ബലിയർപ്പിച്ചു

വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.

3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്,

ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു;

എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന്

അവർ മനസ്സിലാക്കിയില്ല.

4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും

സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി;

ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി,

ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്,

അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.

5 “അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ

അവർ എങ്കലേക്കു മടങ്ങിവരാൻ വിസമ്മതിച്ചതിനാൽ

അശ്ശൂർ അവരുടെമേൽ ഭരണംനടത്തുകയില്ലേ?

6 അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും;

അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും

അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.

7 എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു.

അവർ പരമോന്നതനെ വിളിച്ചപേക്ഷിച്ചാലും

അവിടന്ന് അവരെ ഉദ്ധരിക്കുകയില്ല.

8 “എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും?

ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും?

ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ?

സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ?

എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു;

എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.

9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല,

ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല.

കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല;

നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ.

ഞാൻ ക്രോധത്തോടെ വരികയുമില്ല.

10 അവർ യഹോവയെ അനുഗമിക്കും.

അവിടന്ന് സിംഹംപോലെ ഗർജിക്കും;

അവിടന്ന് ഗർജിക്കുമ്പോൾ

അവിടത്തെ മക്കൾ പടിഞ്ഞാറുനിന്നു വിറച്ചുകൊണ്ടുവരും.

11 അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും

പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും

വിറച്ചുകൊണ്ടുവരും.

ഞാൻ അവരെ തങ്ങളുടെ വീടുകളിൽ പാർപ്പിക്കും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

12 എഫ്രയീം വ്യാജങ്ങളാലും

ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു.

യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല;

വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.