കഷ്ടതയുടെ സങ്കീർത്തനങ്ങൾ, പ്രധാനമായും പ്രവാസകാലത്തുനിന്നുള്ളവ (continued)

സഭയുടെ കഷ്ടതകളുടെയും ദുരിതങ്ങളുടെയും കാലത്ത്, പ്രധാനമായും ബാബേൽപ്രവാസകാലത്ത്, എഴുതപ്പെട്ട സങ്കീർത്തനങ്ങൾ.

ക്രി.മു. 539

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 26–27

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ,

ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു;

യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു

യാതൊരു ചാഞ്ചല്യവുമില്ല.

2 യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ,

എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;

3 അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട്

അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.

4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ

കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.

5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു

ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.

6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു,

യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,

7 അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും

അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.

8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും

അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.

9 പാപികളോടൊപ്പം എന്റെ പ്രാണനെയും

രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,

10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,

അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.

11 എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു;

എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.

12 എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു;

മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.

ദാവീദിന്റെ ഒരു സങ്കീർത്തനം.

27:1 യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു—

ഞാൻ ആരെ ഭയപ്പെടും?

യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം—

ഞാൻ ആരെ പേടിക്കും?

2 എന്നെ വിഴുങ്ങുന്നതിനായി

ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ,

എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ

അവരാണ് കാലിടറി നിലംപൊത്തുന്നത്!

3 ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ

എന്റെ ഹൃദയം ഭയരഹിതമായിരിക്കും,

എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും

ഞാൻ ചഞ്ചലചിത്തനാകുകയില്ല.

4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു;

ഇതുതന്നെയാണെന്റെ ആഗ്രഹവും:

യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും

അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി

എന്റെ ജീവിതകാലംമുഴുവൻ

യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.

5 അനർഥദിവസത്തിൽ അവിടന്ന്

തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും;

അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും

ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.

6 അപ്പോൾ എന്റെ ശിരസ്സ്

എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും;

ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും;

ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.

7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ;

എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.

8 “അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു.

യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.

9 അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ,

കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ;

അവിടന്നാണല്ലോ എന്റെ സഹായകൻ.

എന്റെ രക്ഷകനായ ദൈവമേ,

എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.

10 എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും

യഹോവ എന്നെ ചേർത്തണയ്ക്കും.

11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ;

എനിക്കായ് പതിയിരിക്കുന്നവർനിമിത്തം

എന്നെ നേർപാതകളിൽ നടത്തണമേ.

12 എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ,

കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു,

അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.

13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്:

ജീവനുള്ളവരുടെ ദേശത്ത്

യഹോവയുടെ നന്മ ഞാൻ ദർശിക്കും.

14 യഹോവയ്ക്കായി കാത്തിരിക്കുക;

ശക്തരായിരിക്കുക, സുധീരരായിരിക്കുക

യഹോവയ്ക്കായി കാത്തിരിക്കുക.

സങ്കീർത്തനങ്ങൾ 36

യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.

1 പാപം ദുഷ്ടരുടെ

ഹൃദയാന്തർഭാഗത്തു മന്ത്രിക്കുന്നു

അവരുടെ ദൃഷ്ടിയിൽ

ദൈവഭയം ഇല്ലാതായിരിക്കുന്നു.

2 തങ്ങളുടെ അകൃത്യം കണ്ടുപിടിക്കപ്പെടുകയോ പാപം വെറുക്കപ്പെടുകയോ

ചെയ്യാതവണ്ണം അവർ ആത്മപ്രശംസചെയ്യുന്നു.

3 അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു;

വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.

4 അവരുടെ കിടക്കയിൽവെച്ചുപോലും അവർ ദുഷ്ടത നെയ്തുകൂട്ടുന്നു;

പാപവഴികളിലേക്ക് അവർ അവരെത്തന്നെ സമർപ്പിക്കുന്നു

തിന്മയിൽനിന്നു പിന്തിരിയാൻ ഒരു പരിശ്രമവും നടത്തുന്നില്ല.

5 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു,

അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.

6 അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും

അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു.

യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.

7 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു!

സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.

8 അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു;

അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.

9 കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്;

അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.

10 അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും

ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.

11 അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ,

ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ.

12 ഇതാ! അധർമം പ്രവർത്തിക്കുന്നവർ എപ്രകാരം വീണടിഞ്ഞിരിക്കുന്നു—

തള്ളിവീഴ്ത്തപ്പെട്ടിരിക്കുന്നു, എഴുന്നേൽക്കാൻ കഴിയുന്നതുമില്ല!