കഷ്ടതയുടെ സങ്കീർത്തനങ്ങൾ, പ്രധാനമായും പ്രവാസകാലത്തുനിന്നുള്ളവ (continued)
സഭയുടെ കഷ്ടതകളുടെയും ദുരിതങ്ങളുടെയും കാലത്ത്, പ്രധാനമായും ബാബേൽപ്രവാസകാലത്ത്, എഴുതപ്പെട്ട സങ്കീർത്തനങ്ങൾ.
ക്രി.മു. 539
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്?
കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്?
2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു,
അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു;
ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല;
അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു;
അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു;
അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.
6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.”
അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”
7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;
അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.
8 അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു;
ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു.
അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു;
9 ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു.
നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു;
അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു.
10 അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു;
അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.
11 “ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു;
“തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു.
12 യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ.
അശരണരെ ഒരിക്കലും വിസ്മരിക്കരുതേ.
13 ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്?
“ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,”
എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്?
14 എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ;
അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു.
അശരണർ തിരുമുമ്പിൽ അഭയംതേടുന്നു;
അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ.
15 ദുഷ്ടരുടെ കൈ തകർക്കണമേ;
തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ
അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ.
16 യഹോവ എന്നെന്നേക്കും രാജാവാകുന്നു;
അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും.
17 യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു;
അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ,
18 അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ,
അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും
ആരുടെയുംമേൽ ഭീതിവരുത്തുകയില്ല.
സംഗീതസംവിധായകന്.
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ?
തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും?
2 എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും
ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും?
എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും?
3 എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ.
എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും,
4 അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും
ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.
5 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ,
ഞാൻ യഹോവയ്ക്കു സ്തുതിപാടും.
സംഗീതസംവിധായകന്.
ദാവീദിന്റെ ഒരു സങ്കീർത്തനം.
14:1 “ദൈവം ഇല്ല,” എന്നു
മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു.
അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ;
നന്മചെയ്യുന്നവർ ആരുമില്ല.
2 ദൈവത്തെ അന്വേഷിക്കുന്ന
വിവേകിയുണ്ടോ എന്നറിയാൻ
യഹോവ സ്വർഗത്തിൽനിന്നു
മാനവവംശത്തെ നോക്കുന്നു.
3 എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.
4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ?
മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു;
അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.
5 ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ,
അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.
6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു,
എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.
7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ!
യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ,
യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.
ദാവീദിന്റെ ഒരു സങ്കീർത്തനം.
15:1 യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?
അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
2 കളങ്കരഹിതരായി ജീവിക്കുകയും
നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും
ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
3 തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും
അയൽവാസിയെ ദ്രോഹിക്കാതെയും
കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
4 ദുഷ്ടരെ നിന്ദ്യരായി കാണുകയും
യഹോവാഭക്തരെ ബഹുമാനിക്കുകയും;
നഷ്ടം സഹിക്കേണ്ടിവന്നാലും
ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
5 പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ;
നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ.
ഇങ്ങനെ ജീവിക്കുന്നവർ
ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവേ, അങ്ങയിലേക്ക്
ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
3 അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും
ഒരിക്കലും ലജ്ജിച്ചുപോകുകയില്ല,
എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ
ലജ്ജിതരായിത്തീരട്ടെ.
4 യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ,
അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ,
കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം,
ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
6 യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ,
അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
7 എന്റെ യൗവനകാല പാപങ്ങളും
എന്റെ ലംഘനങ്ങളും ഓർമിക്കരുതേ;
അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ,
കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
8 യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു;
അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
9 വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു
തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
10 അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ
യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
11 എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും
യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
12 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്?
അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും
അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
14 യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു;
അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
15 എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു,
കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
16 എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ,
കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
17 എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു
എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ
എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ
അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
20 എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ;
എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ,
കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ,
കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
22 ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ,
അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!