പൗലോസ് തെസ്സലോനിക്യർക്കു കത്തെഴുതുന്നു

അവിശ്വാസികളായ യെഹൂദരുടെ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന തെസ്സലോനിക്യരെ, ക്രിസ്തുമതത്തിന്റെ സത്യതയ്ക്കുള്ള തെളിവുകൾ ബോധ്യപ്പെടുത്തി വിശ്വാസത്തിൽ ഉറപ്പിക്കാനായി പൗലോസ് അവർക്കു തന്റെ ആദ്യ കത്തെഴുതുന്നു.

ക്രി.പി. 51

Biblica® Open Malayalam Contemporary Version™ (OMCV)

പൗലോസ് തെസ്സലോനിക്യരെ അഭിവാദനം ചെയ്യുന്നു

ആമുഖവും അഭിവാദനവും.

1 തെസ്സലോനിക്യർ 1:1–4

1 പൗലോസും സില്വാനൊസും തിമോത്തിയോസും,

പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:

നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

2 നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു. 3 നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു.

4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു.

പൗലോസിന്റെ ആദ്യ വാദം: അത്ഭുതകരമായ ദാനങ്ങൾ

ക്രിസ്തുമതത്തിന്റെ സത്യത്തിനുള്ള തന്റെ ഒന്നാമത്തെ വാദം പൗലോസ് പരിശുദ്ധാത്മാവിന്റെ അത്ഭുതവരങ്ങളിൽനിന്ന് എടുക്കുന്നു. ക്രൈസ്തവവിശ്വാസത്തോടുള്ള അവരുടെ സ്ഥിരമായ വിശ്വസ്തതയിൽ അദ്ദേഹം ആനന്ദിക്കുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നു.

1 തെസ്സലോനിക്യർ 1:5–10

5 ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ. 6 കാഠിന്യമേറിയ കഷ്ടതയിലും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തോടെ നിങ്ങൾ വചനം സ്വീകരിച്ചുകൊണ്ട് ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു. 7 അങ്ങനെ നിങ്ങൾ മക്കദോന്യയിലും അഖായയിലും ഉള്ള സകലവിശ്വാസികൾക്കും മാതൃകയായിത്തീർന്നു. 8 കർത്താവിന്റെ വചനം നിങ്ങളിൽനിന്ന് മക്കദോന്യയിലും അഖായയിലും എത്തിച്ചേർന്നു എന്നുമാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതേക്കുറിച്ച് ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല. 9 കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു. 10 തന്നെയുമല്ല ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച തന്റെ പുത്രനും വരാനുള്ള ക്രോധത്തിൽനിന്ന് നമ്മെ വിമുക്തരാക്കുന്ന വ്യക്തിയുമായ യേശു സ്വർഗത്തിൽനിന്നു വരുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നതും അവർ ഞങ്ങളോടു പ്രസ്താവിക്കുന്നു.

പ്രസംഗകരുടെ ജീവിതം സുവിശേഷം സത്യമെന്നു തെളിയിക്കുന്നു

സുവിശേഷപ്രസംഗകരുടെ സ്വഭാവം, പെരുമാറ്റം, കഷ്ടതകൾ എന്നിവയിൽനിന്ന് പൗലോസ് സുവിശേഷത്തിന്റെ സത്യത തെളിയിക്കുന്നു. തെസ്സലോനിക്യർ അതിനെ ഒരു തത്ത്വചിന്താപദ്ധതിയായിട്ടല്ല, ദൈവവചനമായിത്തന്നെ സ്വീകരിച്ചതിനാൽ അദ്ദേഹം ദൈവത്തിനു നന്ദി പറയുന്നു; അവരുടെ പെരുമാറ്റത്തിൽ അതു ചെലുത്തിയ സ്വാധീനം ഇതു വ്യക്തമാക്കുന്നു.

1 തെസ്സലോനിക്യർ 2:1–13

1 സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ. 2 മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു. 3 ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല; 4 നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്. 5 ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കറിയാം; അതിനു ദൈവം സാക്ഷി. 6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല. 7 പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു.

ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്. 8 നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു. 9 സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇതു നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ. 10 വിശ്വാസികളായ നിങ്ങളുടെ മധ്യത്തിൽ ഞങ്ങൾ എത്ര പവിത്രരും നീതിനിഷ്ഠരും നിഷ്കളങ്കരും ആയിരുന്നെന്നതിനു നിങ്ങളും ദൈവവും സാക്ഷി. 11-12 ഞങ്ങൾ നിങ്ങളോടു പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോടു പെരുമാറുന്നതുപോലെ ആയിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്.

13 ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു.

യെഹൂദരുടെ പീഡനമനോഭാവം

സുവിശേഷത്തിന്റെ ശക്തിയെയും വിശ്വാസത്തിലേക്കു വന്നവരുടെ വിശ്വാസത്തെയും പരീക്ഷിക്കുന്ന യെഹൂദരുടെ പീഡനമനോഭാവം പൗലോസ് വ്യക്തമാക്കുന്നു. യെഹൂദേതരരോടു സുവിശേഷം പ്രസംഗിക്കുന്നതിനോടുള്ള അവരുടെ വിരോധവും അവരുടെ ദുഷ്ടതയും നാശവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെസ്സലോനിക്യരോടുള്ള തന്റെ സ്നേഹവും അവരെ കാണാനുള്ള ആഗ്രഹവും അദ്ദേഹം പ്രഖ്യാപിക്കുന്നു; തന്റെ എതിരാളികളുടെ ഹൃദയങ്ങളിൽ സാത്താൻ ചെലുത്തിയ സ്വാധീനം മാത്രമാണ് അതിനു തടസ്സമായത്.

1 തെസ്സലോനിക്യർ 2:14–20

14 സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു. 15 യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്. 16 യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.

17 എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 18 എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു. 19 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്? 20 അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.

അവരെ ശക്തിപ്പെടുത്താൻ പൗലോസ് തിമോത്തിയോസിനെ അയയ്ക്കുന്നു

തെസ്സലോനിക്യരെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠ പൗലോസ് പ്രകടിപ്പിക്കുന്നു. അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും, മുമ്പേ മുന്നറിയിപ്പു ലഭിച്ചതുപോലെ എല്ലാ ക്രിസ്ത്യാനികളും നേരിടുന്ന അനേകം കഷ്ടതകളിൽ അവരെ ആശ്വസിപ്പിക്കാനും താൻ തിമോത്തിയോസിനെ അയച്ച കാര്യം അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.

1 തെസ്സലോനിക്യർ 3:1–5

1 അതുകൊണ്ട് ഇനിയും നിങ്ങളിൽനിന്ന് വേർപിരിഞ്ഞിരിക്കുക അസഹനീയമെന്നു വന്നപ്പോൾ, ഞങ്ങളിൽ ചിലർ അഥേനയിൽ താമസിച്ചിട്ട്, 2-3 ഈ പീഡനങ്ങളുടെ മധ്യത്തിൽ നിങ്ങൾ അചഞ്ചലരായിരിക്കേണ്ടതിന് നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ സഹപ്രവർത്തകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയച്ചു. ഈ കഷ്ടതകൾ നമ്മുടെ നിയോഗമാണെന്ന് നിങ്ങൾ അറിയുന്നല്ലോ. 4 നമുക്കു പീഡനം ഉണ്ടാകുമെന്നു ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മുൻകൂട്ടി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് നിങ്ങൾ നന്നായി അറിയുന്നല്ലോ. 5 നിങ്ങളിൽനിന്നു വേർപിരിഞ്ഞിരിക്കുന്നത് അസഹ്യമായപ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ നിജസ്ഥിതി അറിയാനാണ് ഞാൻ ആളയച്ചത്. പ്രലോഭകൻ നിങ്ങളെ വല്ല പ്രലോഭനത്തിലും അകപ്പെടുത്തിയോ എന്നും ഞങ്ങളുടെ പ്രയത്നങ്ങൾ വ്യർഥമായോ എന്നും എനിക്ക് ഭയമായിരുന്നു.

തിമോത്തിയോസിന്റെ റിപ്പോർട്ട് പൗലോസിനെ ആശ്വസിപ്പിക്കുന്നു

അവരെക്കുറിച്ചുള്ള തിമോത്തിയോസിന്റെ റിപ്പോർട്ട് തനിക്ക് ആശ്വാസം നൽകിയെന്ന് പൗലോസ് പറയുന്നു. അവരെ വീണ്ടും കാണാൻ മറ്റൊരു അവസരത്തിനായി അദ്ദേഹം വാഞ്ഛിക്കുകയും ക്രിസ്തുവിന്റെ വരവുവരെ അവർ വിശുദ്ധിയിൽ നിലനിൽക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു.

1 തെസ്സലോനിക്യർ 3:6–13

6 എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 7 അതിനാൽ സഹോദരങ്ങളേ, ഞങ്ങളുടെ സകലദുരന്തങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തിലും നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ആശ്വാസം പകർന്നു. 8 ഞങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നത് നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നതു കൊണ്ടാണ്. 9 നിങ്ങൾനിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന സകല ആനന്ദത്തിനുമായി ദൈവത്തിനു മതിയായവിധം നന്ദി പറയാൻ ഞങ്ങൾക്കെങ്ങനെ കഴിയും? 10 നിങ്ങളെ മുഖാമുഖം കാണാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്താനും ഞങ്ങൾ രാവും പകലും വളരെ ശുഷ്കാന്തിയോടെ പ്രാർഥിക്കുന്നു.

11 നിങ്ങളുടെ സമീപത്ത് എത്താൻ നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾക്കു വഴിയൊരുക്കട്ടെ. 12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ. 13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.