വിശുദ്ധിയിലേക്കും നിർമലതയിലേക്കുമുള്ള ആഹ്വാനം

യെഹൂദേതരരിൽനിന്നു വിശ്വാസത്തിലേക്കു വന്നവർ വിശുദ്ധരും നിർമലരും ആയിരിക്കണമെന്ന് പൗലോസ് വ്യക്തമാക്കുന്നു. അവർ ഒരിക്കൽ അടിമപ്പെട്ടിരുന്നതും വിഗ്രഹാരാധകർ ഇപ്പോഴും അനുഷ്ഠിക്കുന്നതുമായ ദുർവൃത്തികൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. സഹോദരസ്നേഹം പുലർത്താനും തങ്ങളുടെ ജോലിയിൽ ഉത്സാഹമുള്ളവരായിരിക്കാനും അദ്ദേഹം അവരെ പ്രേരിപ്പിക്കുന്നു.

ക്രി.പി. 51

Biblica® Open Malayalam Contemporary Version™ (OMCV)

1 തെസ്സലോനിക്യർ 4:1–12

1 സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു. 2 കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ.

3-4 നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്, 5 വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം. 6 ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ. 7 ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്. 8 ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്.

9 സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു. 10 അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു. 11-12 ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും.

മരിച്ചവർ എങ്ങനെ ഉയിർത്തെഴുന്നേൽക്കുമെന്നു പൗലോസ് വിവരിക്കുന്നു

ഭാവിയിലെ സന്തോഷത്തെക്കുറിച്ചുള്ള അവരുടെ പ്രത്യാശ കവർന്നുകളയാൻ ശ്രമിക്കുന്ന തീക്ഷ്ണമതികളായ യെഹൂദർക്കെതിരെ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകുന്നു. മരിച്ചവർ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയില്ലെന്നു കരുതിയിരുന്ന വിഗ്രഹാരാധകരെപ്പോലെ, തങ്ങളുടെ മരിച്ചവരെച്ചൊല്ലി അമിതമായ ദുഃഖത്തിന് അടിപ്പെടരുതെന്ന് അവരോടു പറയുന്നു. പുനരുത്ഥാനം എന്ന മഹത്തായ സത്യത്തിന് കൂടുതൽ തെളിവായി, ക്രിസ്തുതന്നെ തന്നെ പഠിപ്പിച്ചതനുസരിച്ച് അത് എങ്ങനെ സംഭവിക്കുമെന്നു പൗലോസ് വിവരിക്കുന്നു.

1 തെസ്സലോനിക്യർ 4:13–18

13 സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും. 15 കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു. 16 കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17 അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. 18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.

ക്രിസ്തുവിന്റെ പെട്ടെന്നുള്ള വരവിനായി ഒരുങ്ങിയിരിക്കുക

ക്രിസ്തുവിന്റെ പെട്ടെന്നുള്ളതും ഭയാനകവുമായ പ്രത്യക്ഷതയും ദുഷ്ടർക്കും അവന്റെ വരവിന്റെ ദിവസത്തിനായി ഒരുങ്ങിയിട്ടില്ലാത്തവർക്കും നിശ്ചയമായും സംഭവിക്കുന്ന നാശവും ചൂണ്ടിക്കാട്ടി പൗലോസ് വിശുദ്ധിയുടെ ആവശ്യകത വ്യക്തമാക്കുന്നു. സുവിശേഷത്തിലുള്ള വിശ്വാസത്തിലും അതനുസരിച്ചുള്ള ജീവിതത്തിലും ഉറച്ചുനിൽക്കുന്നവർക്ക്, ആ ദിവസം യേശുക്രിസ്തുവിലൂടെ തങ്ങൾക്കു രക്ഷയുടെ ദിവസമായിരിക്കുമെന്ന ഉറപ്പ് ആശ്വാസം നൽകുന്നു.

1 തെസ്സലോനിക്യർ 5:1–11

1 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല. 2 കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം. 3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.

4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല; 5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല. 6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം. 7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം. 9 ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്. 10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്. 11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.

തെസ്സലോനിക്യരോടുള്ള പൗലോസിന്റെ അവസാന അഭ്യർഥനകൾ

തങ്ങളുടെ ആത്മീയ അധ്യാപകരോട് അർഹമായ ആദരവ് കാണിക്കാൻ പൗലോസ് അവരെ പ്രേരിപ്പിക്കുകയും ഗൗരവപൂർണമായ മറ്റു പല അഭ്യർഥനകളും നടത്തുകയും ചെയ്യുന്നു. പ്രാർഥനകളോടും അഭിവാദനങ്ങളോടുംകൂടി അദ്ദേഹം അവസാനിപ്പിക്കുന്നു.

1 തെസ്സലോനിക്യർ 5:12–28

12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. 13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. 14 സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക. 15 നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.

16 എപ്പോഴും ആനന്ദിക്കുക; 17 നിരന്തരം പ്രാർഥിക്കുക; 18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.

19 ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; 20 പ്രവചനം നിസ്സാരവൽക്കരിക്കരുത്. 21 സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. 22 എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക.

23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. 24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.

25 സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.

26 സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക.

27 ഈ ലേഖനം എല്ലാ സഹോദരങ്ങളെയും വായിച്ചു കേൾപ്പിക്കണമെന്നു കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

യെഹൂദേതരരോടു പ്രസംഗിച്ചുകൊണ്ട് പൗലോസ് കൊരിന്തിൽ താമസിക്കുന്നു

യെഹൂദരാൽ തിരസ്കരിക്കപ്പെട്ട പൗലോസ്, യെഹൂദേതരരോടു പ്രസംഗിച്ചുകൊണ്ട് കൊരിന്തിൽത്തന്നെ താമസിക്കുന്നു.

അപ്പൊ.പ്രവൃത്തികൾ 18:6–11

6 എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു.

7 അതിനുശേഷം പൗലോസ് യെഹൂദപ്പള്ളിയിൽനിന്ന് സത്യദൈവത്തിന്റെ ആരാധകനായ തീത്തോസ് യുസ്തൊസിന്റെ ഭവനത്തിൽ ചെന്നു. അത് പള്ളിയുടെ തൊട്ടടുത്തായിരുന്നു. 8 പള്ളിമുഖ്യനായ ക്രിസ്പൊസും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു; പൗലോസിനെ കേട്ട കൊരിന്ത് നിവാസികളിൽ വളരെപ്പേരും വിശ്വസിച്ചു സ്നാനമേറ്റു.

9 ഒരു രാത്രിയിൽ കർത്താവ് പൗലോസിനോടു ദർശനത്തിൽ, “നീ ഭയപ്പെടരുത്; തുടർന്നും പ്രസംഗിക്കുക, മിണ്ടാതിരിക്കരുത്. 10 ഞാൻ നിന്നോടുകൂടെയുണ്ട്, ആരും നിന്നെ ആക്രമിക്കുകയോ നിനക്കു ഹാനി വരുത്തുകയോ ഇല്ല, എനിക്ക് ഈ പട്ടണത്തിൽ അനേകരുണ്ട്” എന്ന് അരുളിച്ചെയ്തു. 11 പൗലോസ് കൊരിന്ത് നിവാസികളെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം അവിടെ താമസിച്ചു.