പൗലോസ് ഫിലേമോന് എഴുതുന്നു

തന്റെ സുഹൃത്തായ ഫിലേമോന്റെ അടിമയായ ഒനേസിമൊസിനുവേണ്ടി അദ്ദേഹത്തോട് അപേക്ഷിക്കാൻ പൗലോസ് തന്റെ കത്ത് എഴുതുന്നു. ഒനേസിമൊസ് തന്റെ യജമാനന്റെ സേവനത്തിൽനിന്ന് റോമിലേക്ക് ഒളിച്ചോടിയിരുന്നു. ആ നഗരത്തിൽവെച്ച് പൗലോസിന്റെ ശുശ്രൂഷയിലൂടെ ഒനേസിമൊസ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

ക്രി.പി. 62

Biblica® Open Malayalam Contemporary Version™ (OMCV)

പൗലോസ് ഫിലേമോനെ അഭിവാദ്യം ചെയ്യുന്നു

ഒരു സ്വകാര്യകാര്യത്തെക്കുറിച്ച് എഴുതുന്നതിനാൽ, പൗലോസ് ഫിലേമോനെ ഒരു സുഹൃത്ത് എന്ന നിലയിലാണ് സംബോധനചെയ്യുന്നത്, ഒരു അപ്പൊസ്തലന്റെ പദവിയോടും അധികാരത്തോടുംകൂടെയല്ല. ഫിലേമോനെയും പ്രിയപ്പെട്ട അപ്പിയയെയും അർഹിപ്പൊസിനെയും (കൊലോസ്യർ 4:17) അദ്ദേഹത്തിന്റെ ഭവനത്തിലെ സഭയെയും അഭിവാദനംചെയ്യുന്നതിൽ തിമോത്തിയോസും ചേരുന്നു. പൗലോസ് തന്റെ ആശീർവാദം നൽകുന്നു. യേശുക്രിസ്തുവിനോടുള്ള ഫിലേമോന്റെ വിശ്വാസത്തിന്റെയും ക്രൈസ്തവ സഹോദരന്മാരോടുള്ള സ്നേഹത്തിന്റെയും വളർച്ചയ്ക്കായി താൻ തന്റെ പ്രാർഥനകളിൽ എപ്പോഴും ദൈവത്തിനു നന്ദി പറഞ്ഞിരുന്നു എന്ന് അദ്ദേഹം ഫിലേമോനോടു പറയുന്നു. വലിയ വിശ്വാസത്തിന്റെ ഫലമായ ഫിലേമോന്റെ ഔദാര്യത്തിന്റെ പങ്കുവെക്കൽ, ക്രിസ്തുയേശുവിൽ അദ്ദേഹത്തിലുള്ള എല്ലാ നല്ല മനോഭാവവും അറിയാൻ മറ്റുള്ളവരെ നയിക്കുന്നതിൽ ഫലപ്രദമാകണമെന്നും അദ്ദേഹം പ്രാർഥിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ സ്നേഹത്തിൽ അവർക്കുതന്നെ വലിയ സന്തോഷവും ആശ്വാസവുമുണ്ട്; വിശേഷാൽ, ക്രിസ്തുവിന്റെ നാമംനിമിത്തം ഭവനങ്ങളിൽനിന്ന് ഓടിക്കപ്പെട്ട്, സുവിശേഷം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചിരുന്ന, ഫിലേമോന്റെ സമ്പത്ത് ആശ്വാസം നൽകിയിരുന്ന ദരിദ്രരായ വിശുദ്ധന്മാർ നിമിത്തം.

ഫിലേമോൻ 1:1–7

1 ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്,

ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും 2 ഞങ്ങളുടെ സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹസൈനികനായ അർഹിപ്പൊസിനും നിന്റെ ഭവനത്തിൽ കൂടിവരുന്ന സഭയ്ക്കും, എഴുതുന്നത്:

3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.

4-6 കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു 7 സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാ ആനന്ദവും ആശ്വാസവും തന്നിരിക്കുന്നു.

പൗലോസ് ഒനേസിമൊസിനുവേണ്ടി അപേക്ഷിക്കുന്നു

ഫിലേമോന്റെ ദയാപൂർണവും ഉദാരവുമായ പ്രയത്നങ്ങൾ നിമിത്തം അദ്ദേഹത്തോടു തനിക്കുള്ള സ്നേഹംനിമിത്തം, താൻ ഉന്നയിക്കാൻപോകുന്ന കാര്യത്തിൽ ശരിയായതു ചെയ്യാൻ ക്രിസ്തുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ അദ്ദേഹത്തോടു കൽപ്പിക്കാമായിരുന്നെങ്കിലും, ഫിലേമോനോടുള്ള തന്റെ സ്നേഹത്താലും ഫിലേമോൻ വിശുദ്ധന്മാരോടു കാണിച്ച സ്നേഹത്താലും, താൻ ഒരു ആത്മീയ പുതുസൃഷ്ടിയായി ജനിപ്പിച്ചവനും സ്വന്തം ആഗ്രഹപ്രകാരം തിരിച്ചയച്ചിരിക്കുന്നവനുമായ തന്റെ മകൻ ഒനേസിമൊസിനുവേണ്ടി അദ്ദേഹത്തോട് അപേക്ഷിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നു പൗലോസ് പ്രസ്താവിക്കുന്നു. പൗലോസ് അപേക്ഷിക്കുന്നു: “അതുകൊണ്ട് അവനെ നിന്റെ ഭവനത്തിലേക്കു സ്വീകരിക്കുക. അവൻ ഒരുവിധത്തിൽ എന്റെ സ്വന്തം ഹൃദയമാണ്, എന്റെ മകൻ, എന്റെ ഒരു ഭാഗം. അവൻ എനിക്ക് എത്രയോ ഉപകാരിയാണെന്നാൽ, സുവിശേഷത്തിനുവേണ്ടിയുള്ള എന്റെ ചങ്ങലകളിൽ നിന്റെ ആത്മീയപിതാവായ എന്നെ ശുശ്രൂഷിക്കാനും, നീ റോമിലായിരുന്നെങ്കിൽ നീ ചെയ്യുമായിരുന്നതു ചെയ്യാനും, ഞാൻ അവനെ എന്നോടുകൂടെ നിർത്തുമായിരുന്നു. എന്നാൽ അവനു മാപ്പു നൽകുന്നതിൽ എന്നോടു കാണിക്കുന്ന ദയ നിർബന്ധത്താലല്ല, നിന്റെ സ്വന്തം സന്മനസ്സാൽ ആയിരിക്കേണ്ടതിന്, ഈ കാര്യത്തിൽ നിന്റെ മനസ്സ് അറിയാതെ ഞാൻ അവനെ നിർത്തുകയില്ലായിരുന്നു. അവൻ കുറച്ചുകാലത്തേക്കു വിട്ടുപോയത്, ദൈവപരിപാലനയാൽ അവൻ എന്നേക്കുമായി നിനക്കു തിരികെ ലഭിക്കേണ്ടതിനായിരുന്നു: ഇനി ഒരു അടിമയായിട്ടല്ല, കർത്താവിൽ പ്രിയസഹോദരനായിട്ട്. അവൻ എനിക്കു വിശേഷാൽ പ്രിയപ്പെട്ടവനാണ്; എന്നാൽ നിന്റെ സ്വത്തും നിന്റെ ഭവനത്തിന്റെ ഭാഗവും എന്ന നിലയിലും, ഇപ്പോൾ നിന്റെ ഭവനത്തിലെ സഭയായ നിന്റെ സ്വർഗീയകുടുംബത്തിലെ അംഗമാക്കപ്പെട്ടവൻ എന്ന നിലയിലും, നിനക്ക് എത്ര അധികം! നിന്റെ വാത്സല്യത്തിൽ എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ സ്വീകരിക്കുന്നതുപോലെ അവനെ സ്വീകരിക്കുക; അവൻ ഒരുവിധത്തിൽ എന്റെ ഒരു ഭാഗമാണല്ലോ; അവനെ സ്വീകരിക്കുന്നതിൽ നീ എന്നെയാണ് സ്വീകരിക്കുന്നത്. അവൻ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും കടപ്പെട്ടിരിക്കുകയോ ചെയ്യുന്നെങ്കിൽ, അതെല്ലാം എന്റെ കണക്കിൽ ചേർക്കുക. അവൻ നിനക്കു കടപ്പെട്ടിരിക്കുന്നതെല്ലാം ഞാൻ തരും; സ്വന്തം കൈകൊണ്ട് ഞാൻ നിനക്കു തിരികെത്തരാമെന്നു വാഗ്ദാനംചെയ്യുന്നു; കാരണം, നീ എനിക്ക് എത്ര കടപ്പെട്ടിരിക്കുന്നു എന്നതുനിമിത്തം ഈ ഉപകാരം ചെയ്തുകിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല; നീ നിന്നെത്തന്നെ, ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള നിന്റെ ജീവിതംതന്നെ, എനിക്കു കടപ്പെട്ടിരിക്കുന്നെങ്കിലും. അതുകൊണ്ട് കർത്താവിൽ എനിക്കു നിന്നിൽനിന്ന് അൽപ്പം പ്രയോജനം ലഭിക്കട്ടെ: ഇതിൽ എന്റെ ആത്മാവിന്റെ ആഴമായ വാഞ്ഛ തൃപ്തിപ്പെടുത്തുക; അവനെ നിന്റെ ഭവനത്തിലേക്കു തിരികെ സ്വീകരിക്കുക. നിന്റെ ക്രൈസ്തവ സദ്ഗുണങ്ങളെക്കുറിച്ച് എനിക്കറിയാവുന്നതിൽനിന്ന് നിന്റെ അനുസരണത്തിൽ ഉറപ്പുള്ളവനായി, ഞാൻ ആവശ്യപ്പെടുന്നതിലും അധികം നീ ചെയ്യും എന്നു പൂർണബോധ്യത്തോടെ ഞാൻ നിനക്ക് എഴുതി.” അവരുടെ ശുശ്രൂഷകനായ എപ്പഫ്രാസിന്റെയും തന്നോടുകൂടെയുള്ള മറ്റുള്ളവരുടെയും അഭിവാദനങ്ങൾ അദ്ദേഹം അയയ്ക്കുന്നു; ഫിലേമോന്റെമേലും അദ്ദേഹത്തിന്റെ ഭവനത്തിലെ സഭയുടെമേലുമുള്ള തന്റെ ആശീർവാദത്തോടെ അവസാനിപ്പിക്കുന്നു.

ഫിലേമോൻ 1:8–25

8 ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും; 9 വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ, 10 കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്. 11 മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു.

12 എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു. 13 സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 14 നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. 15 അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം. 16 ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ!

17 അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക. 18 അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെ പേരിൽ കണക്കാക്കുക. 19 പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. 20 അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്. 21 ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.

22 മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്കയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം.

23 ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു.

24 അങ്ങനെതന്നെ എന്റെ കൂട്ടുവേലക്കാരനായ മർക്കോസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു.

25 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.