നെഹെമ്യാവിന്റെ രണ്ടാമത്തെ അധികാരപത്രവും പരിഷ്കാരങ്ങളും (continued)

നെഹെമ്യാവിന്റെ രണ്ടാമത്തെ അധികാരപത്രവും അദ്ദേഹം നടപ്പാക്കുന്ന പരിഷ്കരണവും.

ക്രി.മു. 444 മുതൽ 433 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

നെഹെമ്യാവ് 11:1–12:9

1 ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു. 2 ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി.

3 ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു. 4 എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു):

യെഹൂദയുടെ പിൻഗാമികളിൽനിന്നും:

ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്;

5 ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്.

6 ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്.

7 ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്:

യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ; 8 അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു.

9 സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു.

10 പുരോഹിതന്മാരിൽനിന്ന്:

യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ;

11 അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും 12 ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ;

മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും 13 പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ;

ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും 14 അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ.

ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു

15 ലേവ്യരിൽനിന്ന്:

ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്;

16 ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും;

17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്;

ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്;

യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ.

18 വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു.

19 വാതിൽകാവൽക്കാർ:

അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ.

20 ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു.

21 ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു.

22 ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി. 23 രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്.

24 യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു.

25 വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും 26 യേശുവ, മോലാദാ, ബേത്-പേലെത്, 27 ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും 28 സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും 29 ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്, 30 സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു.

31 ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും 32 അനാഥോത്ത്, നോബ്, അനന്യാവ്, 33 ഹാസോർ, രാമാ, ഗിത്ഥായീം, 34 ഹദീദ്, സെബോയീം, നെബല്ലാത്ത്, 35 ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളിലും താമസിച്ചു.

36 യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു.

12:1 ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്:

സെരായാവ്, യിരെമ്യാവ്, എസ്രാ,

2 അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്,

3 ശെഖന്യാവ്, രെഹൂം, മെരേമോത്ത്,

4 ഇദ്ദോ, ഗിന്നെഥോയി, അബീയാവ്,

5 മിയാമീൻ, മയദ്യാവ്, ബിൽഗാ,

6 ശെമയ്യാവ്, യൊയാരീബ്, യെദായാവ്,

7 സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്.

യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു.

8 ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും 9 അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു.

നെഹെമ്യാവ് 12:44–13:3

44 സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു. 45 അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു. 46 പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു. 47 അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്.

13:1 ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു; 2 കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു. 3 ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി.

സങ്കീർത്തനങ്ങൾ 1

1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും

പാപികളുടെ പാതയിൽ നിൽക്കാതെയും

പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും

ജീവിക്കുന്നവർ അനുഗൃഹീതർ.

2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു;

അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.

3 നീർച്ചാലുകൾക്കരികെ നട്ടതും

അതിന്റെ സമയത്തു ഫലം നൽകുന്നതും

ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ—

അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.

4 ദുഷ്ടർ അങ്ങനെയല്ല!

അവർ കാറ്റത്തു പാറിപ്പോകുന്ന

പതിരുപോലെയാണ്.

5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും

പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.

6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു,

എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.