മൽക്കീസേദെക്ക്, ക്രിസ്തുവിന്റെ ഒരു പ്രതിരൂപം
പൗലോസ് തന്റെ വിഷയത്തിലേക്ക്, അഹരോന്റെ പൗരോഹിത്യത്തെക്കാൾ ക്രിസ്തുവിന്റെ പൗരോഹിത്യത്തിനുള്ള ശ്രേഷ്ഠതയിലേക്ക്, മടങ്ങിവരുന്നു; മൽക്കീസേദെക്കിനും ക്രിസ്തുവിനുമിടയിൽ ഒരു സമാന്തരം വരച്ചുകാട്ടി (ഉല്പത്തി 14:18), സുവിശേഷത്തിന്റെ ആഴമേറിയ മർമങ്ങളിലുള്ള പൂർണതയിലേക്ക് അവരെ നയിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മൽക്കീസേദെക്ക് പിതാവോ മാതാവോ ഇല്ലാത്തവനായിരുന്നു എന്ന് അദ്ദേഹം കാണിക്കുന്നു: അദ്ദേഹത്തിന്റെ ഉത്ഭവവും വംശാവലിയും രേഖപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തിന്റെ ജീവിതത്തിന്റെയോ പൗരോഹിത്യത്തിന്റെയോ അവസാനമോ ആരംഭമോ പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ദൈവപുത്രന്റേതുപോലെ, അത് എന്നേക്കും നിലനിൽക്കുന്നതായി കരുതാം. അദ്ദേഹത്തിന്റെ ഉന്നതസ്ഥാനംനിമിത്തം, ഗോത്രപിതാക്കന്മാരുടെ തലവനായ അബ്രാഹാം അദ്ദേഹത്തിനു ദശാംശം കൊടുത്തു. പുരോഹിതന്മാർ തങ്ങളുടെ സഹോദരന്മാരായ ലേവ്യരിൽനിന്നു ദശാംശം വാങ്ങാൻ ദൈവത്താൽ നിയമിക്കപ്പെട്ടത്, അവർ ഉന്നതവംശജരായിരുന്നതുകൊണ്ടല്ല, അവരുടെ ഉപജീവനത്തിനുള്ള ഓഹരിയായിട്ടാണ് (സംഖ്യാപുസ്തകം 18:24–31). എന്നാൽ അഹരോന്റെ കുടുംബത്തിൽപ്പെടാത്ത മൽക്കീസേദെക്ക് സകലരുടെയും പുരോഹിതൻ എന്ന നിലയിൽ അബ്രാഹാമിൽനിന്നു ദശാംശം വാങ്ങി. മനുഷ്യവർഗത്തിന്റെ മഹാപുരോഹിതനായ ക്രിസ്തുവിന്റെ പ്രതിനിധിയെന്ന നിലയിൽ, വാഗ്ദാനങ്ങൾ ലഭിച്ചവനെ അദ്ദേഹം അനുഗ്രഹിച്ചു; അവ ആരിലൂടെ നിറവേറാനിരുന്നുവോ ആ വ്യക്തിയെ അതു മുൻനിഴലാക്കി; ഈ പ്രവൃത്തിയാൽ രാജാവെന്ന നിലയിലും പുരോഹിതനെന്ന നിലയിലും തന്റെ ശ്രേഷ്ഠത അദ്ദേഹം കാണിച്ചു. യെഹൂദന്യായപ്രമാണത്തിൻകീഴിൽ, മരണത്താൽ എടുക്കപ്പെടുകയും നിരന്തരം മാറുകയും ചെയ്യുന്ന മനുഷ്യർക്കാണ് ദശാംശം കൊടുക്കുന്നത്. എന്നാൽ ഗോത്രപിതാക്കന്മാരുടെ വ്യവസ്ഥയിൻകീഴിൽ, അന്തമില്ലാത്ത ജീവനും (സങ്കീർത്തനം 110:4) അതുകൊണ്ട് മാറ്റമില്ലാത്ത പൗരോഹിത്യവും ഉള്ള ഒരുവനാണ് അതു സ്വീകരിച്ചത്. ദശാംശം വാങ്ങാൻ കൽപ്പന ലഭിച്ച ലേവി, തന്റെ പിതാവിന്റെ അരയിൽ അപ്പോഴും ഉണ്ടായിരുന്നതിനാൽ, അബ്രാഹാമിന്റെ വ്യക്തിയിൽ ദശാംശം കൊടുക്കുകയും മൽക്കീസേദെക്കിനാൽ അനുഗ്രഹിക്കപ്പെടുകയും ചെയ്തു.
ക്രി.പി. 62
Biblica® Open Malayalam Contemporary Version™ (OMCV)
1 ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു. 2 അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം. 3 അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു.
4 അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു! 5 ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്. 6 എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു. 7 ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ. 8 ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി. 9 ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം. 10 കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.
പുതിയ പൗരോഹിത്യം എന്നതിനർഥം പുതിയ ന്യായപ്രമാണം
ലേവ്യരുടെ ന്യായപ്രമാണവും പൗരോഹിത്യവും താഴ്ന്നതായിരുന്നെന്ന് പൗലോസ് കാണിക്കുന്നു; കാരണം വ്യത്യസ്തമായ മറ്റൊരു പൗരോഹിത്യവ്യവസ്ഥയും ക്രമവും അവയുടെ സ്ഥാനം ഏറ്റെടുക്കുന്നു. മതിയായ പ്രായശ്ചിത്തത്തിലൂടെ പാപമോചനം നൽകുക എന്ന, താൻ നിയമിക്കപ്പെട്ടതിന്റെ പൂർണത അഥവാ ഉദ്ദേശ്യം കൈവരിക്കാൻ ലേവ്യരുടെ പൗരോഹിത്യത്തിനു കഴിഞ്ഞില്ല. അതിനാൽ മറ്റൊരു പുരോഹിതനെ വാഗ്ദാനംചെയ്തു; അഹരോന്റെ ക്രമപ്രകാരമല്ല, മറിച്ച് മൽക്കീസേദെക്കിന്റെ ആദിമ പൗരോഹിത്യത്തിന്റെ ക്രമപ്രകാരമാണ്. ന്യായപ്രമാണത്തിന് 400 വർഷംമുമ്പുണ്ടായിരുന്ന ആ പൗരോഹിത്യംതന്നെ ഒരു പ്രതിരൂപമായിരുന്നു. പൗരോഹിത്യം മാറുമ്പോൾ അത് അധിഷ്ഠിതമായിരുന്ന ന്യായപ്രമാണവും മാറേണ്ടതാണ്. കാരണം ഈ കാര്യങ്ങൾ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ (സങ്കീർത്തനങ്ങൾ 110:4), ആ ക്രിസ്തു യെഹൂദാഗോത്രത്തിൽപ്പെട്ടവനാണ്; ആ ഗോത്രത്തിന് യെഹൂദരുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്യാൻ അവകാശമുണ്ടായിരുന്നില്ല. മൽക്കീസേദെക്കിനു സദൃശനായ മറ്റൊരു പുരോഹിതൻ ഉദിച്ചുവരുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതിനാൽ, ന്യായപ്രമാണവും പൗരോഹിത്യവും മാറേണ്ടതാണെന്നത് കൂടുതൽ വ്യക്തമാകുന്നു. മനുഷ്യന്റെ ജഡികസ്വഭാവത്തിന് അനുയോജ്യവും മരണത്തിലേക്കു നയിക്കുന്നതുമായ ന്യായപ്രമാണപ്രകാരമല്ല അദ്ദേഹത്തെ നിയമിക്കുന്നത്; മറിച്ച് ദൈവംതന്നെ പ്രഖ്യാപിച്ചതുപോലെ, അവസാനമില്ലാത്ത പൗരോഹിത്യവും ജീവിതവും വാഗ്ദാനംചെയ്യുന്ന കൂടുതൽ പൂർണമായ ഒരു വ്യവസ്ഥയുടെ ശക്തിപ്രകാരമാണ്.
11 ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ? 12 പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം. 13 നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല. 14 ആ നമ്മുടെ കർത്താവ് യെഹൂദാഗോത്രത്തിൽ ജനിച്ചു എന്നത് സുവ്യക്തമാണല്ലോ. മോശ ആ ഗോത്രത്തെക്കുറിച്ച് പൗരോഹിത്യസംബന്ധമായി യാതൊന്നും കൽപ്പിച്ചിട്ടില്ല. 15 മൽക്കീസേദെക്കിനു തുല്യനായ വേറൊരു പുരോഹിതൻ വന്നാൽ ഞങ്ങൾ പറയുന്ന ഇക്കാര്യം അധികം വ്യക്തമാകും. 16 അദ്ദേഹം പുരോഹിതനായിത്തീർന്നത് തന്റെ കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അനശ്വരമായ ജീവന്റെ ശക്തി തന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
17 “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം
അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,”
എന്നു സാക്ഷീകരിച്ചിട്ടുണ്ട്.
ശപഥത്താൽ ഉറപ്പിക്കപ്പെട്ട പൗരോഹിത്യം
മനുഷ്യന്റെ വീണ്ടെടുപ്പ് എന്ന ലക്ഷ്യത്തിന് ബലഹീനവും പ്രയോജനമില്ലാത്തതുമായിരുന്നതിനാൽ പൗരോഹിത്യത്തെക്കുറിച്ചുള്ള മുൻനിയമം നീക്കിക്കളയപ്പെടുന്നുവെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. മോശയുടെ ന്യായപ്രമാണം ആരെയും പൂർണരാക്കിയില്ല. എന്നാൽ കൂടുതൽ നല്ല പ്രത്യാശയും കൂടുതൽ നല്ല പൗരോഹിത്യവും കൊണ്ടുവന്നത് ന്യായപ്രമാണത്തെ പൂർണമാക്കുകയും പൂർത്തീകരിക്കുകയും ചെയ്തു; മഹാപുരോഹിതനു മാത്രമല്ല, എല്ലാവർക്കും ക്രിസ്തുവിന്റെ യാഗത്തിലൂടെ ദൈവത്തിന്റെ യാഗപീഠത്തെ സമീപിക്കാൻ അതു പ്രാപ്തിനൽകുന്നു. ക്രിസ്തുവിന്റെ പൗരോഹിത്യം ഒരു ശപഥത്താൽ പ്രതിഷ്ഠിക്കപ്പെട്ടു. അതിനു മാറ്റംവരാൻ കഴിയില്ലെന്നും, ശപഥമില്ലാതെ ഒരു കാലത്തേക്കുമാത്രം സ്ഥാപിക്കപ്പെട്ടതും ദൈവത്തിന്റെ ഇഷ്ടപ്രകാരം മാറ്റപ്പെടേണ്ടതുമായ പൗരോഹിത്യത്തെക്കാൾ അതു ശ്രേഷ്ഠമാണെന്നും കാണിക്കാനായിരുന്നു ഇത്. ഈ ഗൗരവമേറിയ ശപഥത്തിലൂടെ, മോശയുടെ ഉടമ്പടിയെക്കാൾ ഉത്തമമായ ഒരു ഉടമ്പടിയുടെ ഉറപ്പുകാരൻ, അഥവാ ജാമ്യക്കാരൻ, ആയി യേശു നിയമിക്കപ്പെട്ടു. മരണം പുരോഹിതന്മാരെ നീക്കിക്കളഞ്ഞിരുന്നതിനാൽ മോശയുടെ ഉടമ്പടിയിൽ അനേകം പുരോഹിതന്മാർ ഉണ്ടായിരുന്നു. എന്നാൽ ശപഥത്താൽ ഉറപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ പൗരോഹിത്യം മറ്റൊരു പിൻഗാമിക്കും കൈമാറാനാവില്ല; കാരണം അവിടന്ന് എന്നേക്കും ജീവിക്കുന്നു.
18 ദുർബലവും നിഷ്പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു. 19 പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.
20 മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!
21 “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’
എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു;
അതിനു മാറ്റമില്ല,”
എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്. 22 ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു.
23 പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല; 24 എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്.
ക്രിസ്തുവിനു പൂർണമായി രക്ഷിക്കാൻ കഴിയും
പൗലോസ് വാദം പ്രയോഗത്തിൽ വരുത്തുന്നു: ക്രിസ്തുവിന്റെ പൗരോഹിത്യം മാറ്റമില്ലാത്തതും ക്രിസ്തു ശരീരത്തിൽ എന്നേക്കും ജീവിക്കുന്നവനും ആയതിനാൽ, തന്റെ മധ്യസ്ഥതയിലൂടെയും മാധ്യസ്ഥ്യപ്രാർഥനയിലൂടെയും ദൈവത്തിന്റെ അടുക്കൽ വരുന്നവരെ പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാണ്. അങ്ങനെയുള്ള ഒരു മഹാപുരോഹിതനായിരുന്നു മനുഷ്യന് അനുയോജ്യൻ: വിശുദ്ധനും കരുണയുള്ളവനും, പാപകരമായ യാതൊരു ബലഹീനതയാലും കളങ്കപ്പെടാത്തവനും, പാപികളിൽനിന്നും ലൗകികകാര്യങ്ങളിൽനിന്നും വേർപെട്ടവനും, ദൈവത്തിന്റെ സകലദൂതന്മാർക്കും മീതെ ഉന്നതനാക്കപ്പെട്ടവനും. യെഹൂദപുരോഹിതന്മാരെപ്പോലെ, ആദ്യം തന്റെ സ്വന്തം പാപങ്ങൾക്കും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുംവേണ്ടി ദിനംപ്രതി യാഗം അർപ്പിക്കേണ്ട ആവശ്യം അവിടത്തേക്കില്ലായിരുന്നു. അവിടന്ന് തനിക്കുവേണ്ടി യാഗം ഒന്നും അർപ്പിച്ചില്ല; ജനത്തിനുവേണ്ടി, ഒരിക്കൽ, ക്രൂശിൽ അർപ്പിച്ചു. കാരണം, അപൂർണമായ ന്യായപ്രമാണം അപൂർണരും അതുകൊണ്ട് ആവർത്തിച്ചുള്ള യാഗങ്ങൾ ആവശ്യമുള്ളവരുമായ മനുഷ്യരെ മഹാപുരോഹിതന്മാരായി നിയമിക്കുന്നു. എന്നാൽ ന്യായപ്രമാണം നൽകപ്പെട്ട് അഞ്ഞൂറു വർഷത്തിനുശേഷം വന്ന ആണയുടെ വചനം (സങ്കീർത്തനം 110) പുത്രനെ എന്നേക്കുമുള്ള മഹാപുരോഹിതനായി നിയമിച്ചു; അതിനാൽ ന്യായപ്രമാണത്തിന്റെ പൗരോഹിത്യം അസാധുവാക്കപ്പെട്ടു. ക്രിസ്തുമതത്തിൽനിന്ന് യെഹൂദാമതത്തിലേക്കു വീണുപോയവർ പൂർണമായതുവിട്ട് അപൂർണമായതിലേക്കും, എന്നേക്കും നിലനിൽക്കുന്നതുവിട്ട് ഇപ്പോൾ നീക്കപ്പെട്ടതിലേക്കും പോയി എന്ന നിഗമനത്തിലാണ് പൗലോസ് ഉടനീളം എത്തുന്നത്.
25 തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.
26 പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം. 27 അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ. 28 ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു.
ക്രിസ്തു യഥാർഥ സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്യുന്നു
താൻ ചർച്ചചെയ്ത എല്ലാറ്റിന്റെയും മുഖ്യവിഷയം ഇതാണെന്ന് പൗലോസ് ഉറപ്പിച്ചുപറയുന്നു: ക്രിസ്ത്യാനികൾക്ക് ദൈവത്തിന്റെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ട ഒരു വലിയ മഹാപുരോഹിതനുണ്ട്. യഥാർഥ സമാഗമകൂടാരമായ സ്വർഗത്തിലെ യഥാർഥ വിശുദ്ധസ്ഥലങ്ങളുടെ ശുശ്രൂഷകനാണ് അവിടന്ന്. യെഹൂദരുടെ സമാഗമകൂടാരംപോലെ മനുഷ്യനല്ല, ദൈവമാണ് അവ സ്ഥാപിച്ചത്. എല്ലാ മഹാപുരോഹിതന്മാരും ഭൂമിയിൽ ദിവസേന വഴിപാടുകളും യാഗങ്ങളും അർപ്പിക്കുന്നതിനാൽ, മഹാപുരോഹിതനായ ക്രിസ്തുവിനും സ്വർഗത്തിൽ അർപ്പിക്കാൻ ഏതെങ്കിലും യാഗം ഉണ്ടായിരിക്കണം. ഭൂമിയിൽ അവിടത്തേക്കു പുരോഹിതനായി ശുശ്രൂഷചെയ്യാൻ കഴിയുമായിരുന്നില്ല; കാരണം യെഹൂദരുടെ ദൈവാലയത്തിൽ ന്യായപ്രമാണപ്രകാരം വഴിപാടുകൾ അർപ്പിക്കാൻ അഹരോന്റെ കുടുംബത്തെയാണ് നിയമിച്ചിരുന്നത്. സമാഗമകൂടാരംതന്നെ പർവതത്തിൽവെച്ച് മോശയ്ക്കു കാണിച്ചുകൊടുത്ത സ്വർഗത്തിലുള്ളവയുടെ മാതൃകയായിരുന്നതുപോലെ (എബ്രായർ 9:23), അവരുടെ ശുശ്രൂഷ സ്വർഗത്തിലെ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ നിഴലോ പകർപ്പോ ആണ്.
1 നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. 2 ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.
3 വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്. 4 ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ. 5 അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക” എന്നാണ്.
പഴയ ഉടമ്പടിയുടെ സ്ഥാനത്ത് പുതിയ ഉടമ്പടി വരുന്നു
മെച്ചമായ വാഗ്ദാനങ്ങളിന്മേൽ സ്ഥാപിതമായതിനാൽ ക്രൈസ്തവപൗരോഹിത്യം ലേവ്യരുടെ പൗരോഹിത്യത്തെക്കാൾ ശ്രേഷ്ഠമാണെന്നു പൗലോസ് ഉറപ്പിച്ചുപറയുന്നു. പഴയ ഉടമ്പടി ഭൗമികവും താൽക്കാലികവുമായ അനുഗ്രഹങ്ങളാൽ പുതിയതിന്റെ നിത്യവും ആത്മീയവുമായ അനുഗ്രഹങ്ങളെ മുൻനിഴലാക്കി. അതു താൽക്കാലികവും അപൂർണവും അല്ലായിരുന്നെങ്കിൽ മറ്റൊന്നിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ യെഹൂദരെ ശാസിച്ചപ്പോൾ, പഴയ ഉടമ്പടി എത്ര ഫലശൂന്യമാണെന്നും പുതിയത് എത്ര ശ്രേഷ്ഠമാണെന്നും ദൈവംതന്നെ കാണിച്ചു (യിരെമ്യാവ് 31:31–34). പുതിയ ഉടമ്പടി, പഴയതുപോലെ കല്ലിന്മേലല്ല, മനുഷ്യരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ട് അവരുടെ പ്രവൃത്തികളെ ഭരിക്കേണ്ടതായിരുന്നു. ഒരു കുടുംബം തങ്ങളുടെ സഹോദരന്മാരെ പഠിപ്പിക്കാൻ വേർതിരിക്കപ്പെടുന്നതിനുപകരം (ആവർത്തനപുസ്തകം 6:7), ക്രിസ്തുവിന്റെ രക്തത്തിലും യാഗത്തിലുമുള്ള വിശ്വാസത്താലുള്ള പാപങ്ങളുടെയും അകൃത്യങ്ങളുടെയും മോചനം പഠിപ്പിക്കാൻ എല്ലാവരും ഉപദേഷ്ടാക്കളാകാൻ യോഗ്യരായിരിക്കും. ഒരു പുതിയ ഉടമ്പടി വാഗ്ദാനംചെയ്തതിനാൽ ദൈവം ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു. ഉപയോഗശൂന്യമായിത്തീർന്നതും പഴകിയതുമായത് അപ്രത്യക്ഷമാകാൻ, അഥവാ ഇല്ലാതാകാൻ, ഒരുങ്ങിയിരിക്കുന്നു.
6 പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.
7 എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ? 8 അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,
എന്ന്, കർത്താവിന്റെ അരുളപ്പാട്.
9 ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത
ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ
ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
10 ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
11 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ
ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
12 ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
13 അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.
വരാനിരിക്കുന്ന കൂടുതൽ ഉത്തമമായ കാര്യങ്ങളുടെ നിഴലാണ് സമാഗമകൂടാരം
സമാഗമകൂടാരത്തിന്റെ സ്വഭാവത്തിൽനിന്നും അതിൽ നടത്തിയിരുന്ന ശുശ്രൂഷകളിൽനിന്നും, അവ വരാനിരിക്കുന്ന കൂടുതൽ ഉത്തമമായ ഒന്നിന്റെ പ്രതിരൂപങ്ങളായിരുന്നെന്ന് പൗലോസ് കാണിക്കുന്നു. ഇത് മനസ്സിൽവെച്ചുകൊണ്ട്, ദൃശ്യലോകത്തെ പ്രതിനിധീകരിച്ചിരുന്ന, വിശുദ്ധസ്ഥലം എന്നു വിളിക്കപ്പെട്ട സമാഗമകൂടാരത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഉപകരണങ്ങളെക്കുറിച്ചും (പുറപ്പാട് 35:26–40), രണ്ടാമത്തെ തിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം എന്നു വിളിക്കപ്പെട്ട ഭാഗത്തു വെച്ചിരുന്നവയെക്കുറിച്ചും അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. ദൈവത്തിന്റെ നിർദേശപ്രകാരം സമാഗമകൂടാരം ഇങ്ങനെ ക്രമീകരിച്ചിരിക്കെ, പുരോഹിതന്മാർ അതിന്റെ ആദ്യഭാഗത്ത് പതിവായി ദൈവശുശ്രൂഷ നിർവഹിച്ചിരുന്നു. ഭൂമിയിൽ മനുഷ്യർ അദൃശ്യനായ ദൈവത്തിന് അർപ്പിക്കുന്ന ആരാധനയെയാണ് അത് ചിത്രീകരിച്ചത്. രണ്ടാം ഭാഗത്തേക്ക് മഹാപുരോഹിതൻ വർഷത്തിൽ ഒരു ദിവസംമാത്രം പ്രവേശിച്ച്, തന്റെയും ജനത്തിന്റെയും പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ട മൃഗത്തിന്റെ രക്തം അവിടെ അർപ്പിച്ചിരുന്നു (ലേവ്യപുസ്തകം 16:14, 15). ഇവയെല്ലാം നിയമിച്ച പരിശുദ്ധാത്മാവ് ഇതിലൂടെ കാണിച്ചത്, ആദ്യത്തെ സമാഗമകൂടാരത്തിലെ ആരാധനയാൽ ദൈവത്തിന്റെ നേരിട്ടുള്ള സാന്നിധ്യത്തിലേക്കുള്ള വഴി മനുഷ്യർക്ക് വെളിപ്പെട്ടിരുന്നില്ല എന്നതാണ്. വരാനിരിക്കുന്ന കാര്യങ്ങളുടെ ഈ പ്രതിരൂപം അഥവാ നിഴൽ പൗലോസിന്റെ കാലത്തും ദൈവാലയശുശ്രൂഷയിൽ നിലനിന്നിരുന്നു. അതിൽ അർപ്പിക്കപ്പെട്ടിരുന്ന വഴിപാടുകൾക്കും ബലികൾക്കും മനസ്സിൽനിന്ന് പാപത്തിന്റെ കുറ്റബോധം നീക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം, സുവിശേഷവ്യവസ്ഥയിലൂടെ ദൈവാരാധന നവീകരിക്കപ്പെടുമ്പോൾ ആവശ്യമായ ആത്മികവിശുദ്ധിയുടെ പ്രതിരൂപങ്ങൾമാത്രമായിരുന്നു അവ.
1 ദൈവം ഇസ്രായേലുമായി ചെയ്ത ആദ്യഉടമ്പടിയിൽ ആരാധനയും ലൗകികവിശുദ്ധമന്ദിരവും സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നു. 2 അതിനനുസൃതമായി ഒരു കൂടാരം നിർമിക്കപ്പെട്ടു. സമാഗമകൂടാരത്തിന്റെ ആദ്യഭാഗത്ത് (അതായത്, ഒന്നാംതിരശ്ശീലയ്ക്കു പിന്നിൽ) നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്. 3 കൂടാരത്തിന്റെ രണ്ടാംതിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം. 4 അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു. 5 പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.
6 മേൽപ്പറഞ്ഞപ്രകാരം എല്ലാ ക്രമീകരണവും ചെയ്തതിനുശേഷം പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ അനുഷ്ഠിക്കാനായി കൂടാരത്തിന്റെ ആദ്യഭാഗത്തു പതിവായി പ്രവേശിച്ചിരുന്നു. 7 എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്. 8 ആദ്യത്തെ കൂടാരവും (അത് സംബന്ധിച്ച അനുഷ്ഠാനങ്ങളും) നിലനിന്നിരുന്ന കാലംവരെ അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ദൃശ്യമായിരുന്നില്ല എന്നു പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു. 9 ഈ പുറമേയുള്ള കൂടാരം വർത്തമാനകാലത്തിന്റെ പ്രതീകമാണ്. അർപ്പിക്കപ്പെടുന്ന വഴിപാടുകളും യാഗങ്ങളും ആരാധകന്റെ മനസ്സാക്ഷിയെ തൃപ്തിവരുത്താൻ പര്യാപ്തമായിരുന്നില്ല. 10 ഭക്ഷണപാനീയങ്ങളും വിവിധ കഴുകലുകളും സംബന്ധിച്ച ബാഹ്യനിയമങ്ങൾ പുതിയൊരു വ്യവസ്ഥിതി സ്ഥാപിതമാകുന്നതുവരെമാത്രം സാംഗത്യമുള്ളവയായിരുന്നു.