യോശിയാവിന്റെ മതനവീകരണം
ക്രി.മു. 624
Biblica® Open Malayalam Contemporary Version™ (OMCV)
4 ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി. 5 യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു. 6 അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി. 7 വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു.
8 യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു. 9 ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു.
10 ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അദ്ദേഹം മലിനമാക്കി. 11 യഹോവയുടെ ആലയത്തിന്റെ പടിവാതിൽക്കൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു നിവേദിച്ചിരുന്ന അശ്വബിംബങ്ങൾ യോശിയാവ് നീക്കിക്കളഞ്ഞു. ആ ബിംബങ്ങൾ ദൈവാലയാങ്കണത്തിനകത്ത് നാഥാൻ-മെലെക്ക് എന്നു പേരുള്ള ഉദ്യോഗസ്ഥന്റെ മുറിയുടെ സമീപത്തായിരുന്നു. സൂര്യനു നിവേദിക്കപ്പെട്ടിരുന്ന രഥങ്ങളും യോശിയാവ് ചുട്ടുകളഞ്ഞു.
12 ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു. 13 ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവിയായ അസ്തരോത്തിനും മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനുംവേണ്ടി ജെറുശലേമിന്റെ കിഴക്ക് വിനാശത്തിന്റെ കുന്നിൽ തെക്കുഭാഗത്തു പണിതിരുന്ന ക്ഷേത്രങ്ങളും രാജാവ് മലിനപ്പെടുത്തി. 14 യോശിയാവ് ആചാരസ്തൂപങ്ങൾ ഉടച്ചു, അശേരാപ്രതിഷ്ഠകളെ വെട്ടിമുറിച്ചു; അവ നിന്നിരുന്ന പ്രദേശങ്ങൾ അദ്ദേഹം മനുഷ്യാസ്ഥികൾകൊണ്ടു മൂടി.
15 മാത്രവുമല്ല, നെബാത്തിന്റെ മകൻ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചവനായ യൊരോബെയാം, ബേഥേലിൽ നിർമിച്ചിരുന്ന ക്ഷേത്രവും ബലിപീഠവുംകൂടി അദ്ദേഹം ഇടിച്ചുകളഞ്ഞു. അദ്ദേഹം ക്ഷേത്രം തീവെച്ചു നശിപ്പിച്ചശേഷം തകർത്തു പൊടിയാക്കി; അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി. 16 അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി.
17 പിന്നെ രാജാവ്: “ഞാൻ അവിടെ കാണുന്ന സ്മാരകസ്തംഭം എന്താണ്?” എന്നു ചോദിച്ചു.
“യെഹൂദ്യയിൽനിന്നു വന്ന് ബേഥേലിലെ യാഗപീഠത്തെക്കുറിച്ചും അങ്ങ് ചെയ്തിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയിച്ച ദൈവപുരുഷന്റെ ശവകുടീരമാണത്,” എന്ന് നഗരവാസികളായ ജനങ്ങൾ പറഞ്ഞു.
18 “അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു.
19 ഇസ്രായേൽരാജാക്കന്മാർ പണിയിച്ചുകൊണ്ട് യഹോവയുടെ കോപം ജ്വലിക്കാനിടയായ ക്ഷേത്രങ്ങൾ ശമര്യയിലെ മലകളിലെ പട്ടണങ്ങളിലും ഉണ്ടായിരുന്നു. ബേഥേലിൽ ചെയ്തതുപോലെതന്നെ യോശിയാരാജാവ് ഇവിടെയും അവയെല്ലാം തകർത്ത്, നീക്കിക്കളഞ്ഞു. 20 ആ ക്ഷേത്രങ്ങളിലെ സകലപുരോഹിതന്മാരെയും യോശിയാവ് യാഗപീഠത്തിന്മേൽവെച്ചു കൊന്നു; അവയുടെമേൽ മനുഷ്യാസ്ഥികളെ ദഹിപ്പിച്ചു. പിന്നെ അദ്ദേഹം ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.
21 അതിനുശേഷം രാജാവു സകലജനത്തോടും: “ഉടമ്പടിയുടെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹാ ആചരിക്കുക” എന്നു കൽപ്പിച്ചു.
33 ഇസ്രായേൽജനതയുടെ വകയായിരുന്ന സകലപ്രദേശങ്ങളിൽനിന്നും സകലമ്ലേച്ഛവിഗ്രഹങ്ങളെയും യോശിയാവു നീക്കിക്കളഞ്ഞു. ഇസ്രായേലിൽ ഉണ്ടായിരുന്ന സകലരും തങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാൻ അദ്ദേഹം സംഗതിവരുത്തി. അദ്ദേഹം ജീവിച്ചിരുന്നകാലംവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പിൻതുടരുന്നതിൽനിന്ന് അവർ വ്യതിചലിച്ചില്ല.
യോശിയാവ് പെസഹ ആചരിക്കുന്നു ക്രി.മു. 623
പെസഹയുടെ ആഘോഷം.
1 യോശിയാവ് ജെറുശലേമിൽ യഹോവയ്ക്കു പെസഹ ആചരിച്ചു. ഒന്നാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. 2 അദ്ദേഹം പുരോഹിതന്മാരെ അവരവരുടെ ചുമതലകൾക്കായി നിയോഗിക്കുകയും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 3 ഇസ്രായേൽജനത സകലരെയും അഭ്യസിപ്പിക്കുകയും യഹോവയ്ക്കു ശുശ്രൂഷചെയ്യുന്നതിനായി വേർതിരിക്കപ്പെട്ടവരുമായ ലേവ്യരോട് അദ്ദേഹം കൽപ്പിച്ചു: “ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണികഴിപ്പിച്ച ആലയത്തിൽ യഹോവയുടെ വിശുദ്ധപേടകം സ്ഥാപിക്കുക. ഇനിയും നിങ്ങൾ അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെയും അവിടത്തെ ജനമായ ഇസ്രായേലിനെയും സേവിക്കുക. 4 ഇസ്രായേൽരാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ മകനായ ശലോമോന്റെയും നിർദേശങ്ങളനുസരിച്ച് നിങ്ങൾ പിതൃഭവനക്രമത്തിലും ഗണക്രമത്തിലും സ്വയം ഒരുങ്ങുവിൻ!
5 “നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനതയുടെ ഓരോ പിതൃകുലത്തിനും ഓരോ ലേവ്യഗണം വരത്തക്കവണ്ണം നിങ്ങൾ വിശുദ്ധസ്ഥലത്തു നിൽക്കുക. 6 നിങ്ങൾ പെസഹ അറക്കുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും മോശമുഖാന്തരം യഹോവ കൽപ്പിച്ചിട്ടുള്ള പ്രമാണങ്ങൾക്കനുസൃതമായി നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനത്തിനുവേണ്ടി കുഞ്ഞാടിനെ ഒരുക്കുകയും ചെയ്യുക.”
7 അവിടെ സന്നിഹിതരായിരുന്ന സാമാന്യജനങ്ങൾക്കെല്ലാം പെസഹായാഗം കഴിക്കാനായി യോശിയാവ് മുപ്പതിനായിരം ആടുകളെയും കോലാടുകളെയും മൂവായിരം കാളയെയും കൊടുത്തു. അവ രാജാവിന്റെ സ്വകാര്യസമ്പത്തിൽനിന്നുള്ളവ ആയിരുന്നു.
8 രാജാവിന്റെ പ്രഭുക്കന്മാരും സന്മനസ്സോടെ ജനങ്ങൾക്കും പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി സംഭാവന ചെയ്തു. ദൈവാലയത്തിലെ അധിപതിമാരായ ഹിൽക്കിയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാരുടെ പെസഹായാഗത്തിനായി രണ്ടായിരത്തി അറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു. 9 കോനന്യാവും അദ്ദേഹത്തിന്റെ ശെമയ്യാവ്, നെഥനയേൽ എന്നീ സഹോദരന്മാരും ഹശബ്യാവും യെയീയേലും യോസാബാദും ലേവ്യരിലെ നേതാക്കന്മാരും ലേവ്യർക്കു പെസഹായാഗത്തിനായി അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
10 ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അപ്പോൾ രാജകൽപ്പനയനുസരിച്ച് പുരോഹിതന്മാർ താന്താങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. ലേവ്യരും ഗണംഗണമായി വന്നുനിന്നു. 11 അവർ പെസഹാക്കുഞ്ഞാടിനെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ലേവ്യർ പെസഹാക്കുഞ്ഞാടുകളുടെ തുകലുരിച്ചു. 12 പിതൃഭവനവിഭാഗങ്ങൾ അനുസരിച്ച് ജനങ്ങൾക്കു വിതരണം ചെയ്യുന്നതിനായി അവർ ഹോമയാഗത്തിനുള്ളവ നീക്കിവെച്ചു. മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ജനങ്ങൾ അവ യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്യണമായിരുന്നു. കാളകളുടെ കാര്യത്തിലും അവർ ഇപ്രകാരംതന്നെ ചെയ്തു. 13 വിധിപ്രകാരം അവർ പെസഹാക്കുഞ്ഞാടിന്റെ മാംസം തീയിൽ ചുട്ടെടുത്തു. മറ്റു അർപ്പിക്കപ്പെട്ട വിശുദ്ധവസ്തുങ്ങൾ അവർ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് വേഗത്തിൽ ജനങ്ങൾക്കു വിളമ്പിക്കൊടുത്തു. 14 പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെയും വ്യാപൃതരായിരുന്നതിനാൽ ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി.
15 ആസാഫിന്റെ പിൻഗാമികളായ ഗായകന്മാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും നിർദേശങ്ങളനുസരിച്ചുള്ള സ്ഥാനങ്ങളിൽ നിന്നു. ദ്വാരപാലകരും താന്താങ്ങളുടെ സ്ഥാനം വിട്ടുപോകേണ്ടതില്ലായിരുന്നു. കാരണം, അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടതും ഒരുക്കിയിരുന്നു.
16 അങ്ങനെ, യോശിയാരാജാവിന്റെ കൽപ്പനപ്രകാരം പെസഹ ആചരിക്കാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാനുംവേണ്ട യഹോവയുടെ ശുശ്രൂഷകളെല്ലാം അന്ന് ഒരുക്കപ്പെട്ടു. 17 അവിടെ സന്നിഹിതരായിരുന്ന ഇസ്രായേൽമക്കളെല്ലാം പെസഹ ആചരിക്കുകയും ഏഴുദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിക്കുകയും ചെയ്തു. 18 ശമുവേൽ പ്രവാചകന്റെ കാലത്തിനുശേഷം ഇതുപോലൊരു പെസഹ ഇസ്രായേലിൽ ആചരിച്ചിട്ടില്ല; പുരോഹിതന്മാരോടും ലേവ്യരോടും അവിടെ ജെറുശലേംനിവാസികളോടുകൂടെ വന്നുചേർന്നിരുന്ന സകല യെഹൂദരോടും ഇസ്രായേല്യരോടുംകൂടെ യോശിയാവ് ആചരിച്ചവിധത്തിൽ ഒരു പെസഹ ഇസ്രായേൽരാജാക്കന്മാരിൽ ആരുംതന്നെ ആചരിച്ചിട്ടില്ല. 19 യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിലാണ് ഈ പെസഹാ ആചരിച്ചത്.