യിരെമ്യാവ് ജനത്തിന്റെ വിശ്വാസപിന്മാറ്റത്തെ ശാസിക്കുന്നു
യോശിയാവിന്റെ നവീകരണത്തിനുശേഷമുള്ള ജനത്തിന്റെ വിശ്വാസപിന്മാറ്റത്തെ യിരെമ്യാവ് ശാസിക്കുന്നു.
ക്രി.മു. 612
Biblica® Open Malayalam Contemporary Version™ (OMCV)
6 യോശിയാരാജാവിന്റെ ഭരണകാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്, “ഇസ്രായേലിന്റെ അവിശ്വസ്തത നീ കണ്ടുവോ? അവൾ ഓരോ ഉയർന്ന മലയിലും കയറിപ്പോയി. ഓരോ ഇലതൂർന്ന മരത്തിൻകീഴിലും വേശ്യാവൃത്തി നടത്തിയിരിക്കുന്നു. 7 ഇതെല്ലാം ചെയ്തതിനുശേഷവും അവൾ എന്റെ അടുക്കലേക്കു മടങ്ങിവരും എന്നു ഞാൻ കരുതി, എന്നാൽ അവൾ മടങ്ങിവന്നില്ല. അവളുടെ അവിശ്വസ്തയായ സഹോദരി, യെഹൂദ അതുകണ്ടു. 8 അവിശ്വസ്തയായ ഇസ്രായേൽ ചെയ്ത എല്ലാ വ്യഭിചാരത്തിന്റെയും ഫലമായി ഞാൻ അവളെ ഉപേക്ഷിച്ച് അവൾക്ക് ഒരു ഉപേക്ഷണപത്രം കൊടുത്തു. ഇതു കണ്ടിട്ടും അവിശ്വസ്തയായ അവളുടെ സഹോദരി യെഹൂദാ ഭയപ്പെട്ടില്ല; അവളും പുറപ്പെട്ടു വ്യഭിചാരംചെയ്തു. 9 ഇസ്രായേലിന്റെ അസാന്മാർഗികത അവൾക്കു വെറും നിസ്സാരകാര്യമായി തോന്നിയതുകൊണ്ട്, അവളും ദേശത്തെ മലിനമാക്കി കല്ലിനോടും മരത്തോടും വ്യഭിചാരംചെയ്തു. 10 ഇതെല്ലാമായിട്ടും അവിശ്വസ്തയായ യെഹൂദാ എന്ന അവളുടെ സഹോദരി കാപട്യത്തോടെയല്ലാതെ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിഞ്ഞില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
11 യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിയായ ഇസ്രായേൽ വഞ്ചകിയായ യെഹൂദയെക്കാൾ അധികം നീതിയുള്ളവൾ. 12 നീ പോയി വടക്കു ദിക്കിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക:
“ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു,
‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല,
കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
13 ‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച്
ഓരോ ഇലതൂർന്ന മരത്തിൻകീഴിലും
അന്യദേവതകളെ പ്രസാദിപ്പിച്ചു.
എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല
എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ”
എന്ന് യഹോവയുടെ അരുളപ്പാട്.
14 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാനാണല്ലോ നിങ്ങളുടെ ഭർത്താവ്. ഞാൻ നിങ്ങളെ—ഒരു പട്ടണത്തിൽനിന്ന് ഒരുവനെയും ഒരു കുടുംബത്തിൽനിന്ന് രണ്ടുപേരെയും വീതം—തെരഞ്ഞെടുത്ത് നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും. 15 ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നൽകും; അവർ നിങ്ങളെ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ മേയിക്കും. 16 ആ കാലത്ത് നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ, ‘യഹോവയുടെ ഉടമ്പടിയുടെ പേടകം,’ എന്ന് ജനം ഒരിക്കലും പറയുകയില്ല. അതിനെക്കുറിച്ച് ഓർക്കുംവിധം അതു ചിന്തയിൽ കടന്നുവരികയില്ല; അതിന്റെ അഭാവം അവർക്ക് അനുഭവപ്പെടുകയേ ഇല്ല; അതുപോലെ മറ്റൊന്ന് നിർമിക്കപ്പെടുകയുമില്ല, എന്ന് യഹോവയുടെ അരുളപ്പാട്. 17 ആ കാലത്ത് അവർ ജെറുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും; സകലരാഷ്ട്രങ്ങളും ജെറുശലേമിലേക്ക് യഹോവയുടെ നാമത്തോടുള്ള ആദരവുനിമിത്തം വന്നുചേരും. ഇനിയൊരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിലെ പിടിവാശിക്കനുസരിച്ച് ജീവിക്കുകയില്ല. 18 ആ ദിവസങ്ങളിൽ യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടുചേർന്ന്, അവർ ഒരുമിച്ചു വടക്കേ രാജ്യത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിക്കൊടുത്ത ദേശത്തേക്കു വരും.
19 “ഞാൻ ഇങ്ങനെ ആത്മഗതംചെയ്തു,
“ ‘എത്രസന്തോഷത്തോടെ ഞാൻ നിന്നെ എന്റെ മക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി
ജനതകളുടെ മനോഹരാവകാശവും
സൗഖ്യപൂർണവുമായ ദേശവും നൽകാൻ ആഗ്രഹിച്ചു.’
നിങ്ങൾ ‘എന്റെ അപ്പാ,’ എന്നു വിളിച്ച്
എന്നെ വിട്ടുമാറാതെയിരിക്കും എന്നു ഞാൻ ചിന്തിച്ചു.
20 ഇസ്രായേൽഗൃഹമേ, ഒരു സ്ത്രീ തന്റെ ഭർത്താവിനെ വഞ്ചനാപൂർവം വിട്ടുമാറുന്നതുപോലെ
വഞ്ചനാപൂർവം നിങ്ങൾ എന്നെ വിട്ടുമാറിയിരിക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
21 ഇസ്രായേൽമക്കൾ വഴിപിഴച്ച ജീവിതം നയിച്ച്
തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ
മൊട്ടക്കുന്നുകളിന്മേൽ അവരുടെ കരച്ചിൽ കേൾക്കുന്നു
ഇസ്രായേൽജനത്തിന്റെ വിലാപത്തിന്റെയും യാചനയുടെയും ശബ്ദംതന്നെ.
22 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക.
ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം സൗഖ്യമാക്കും.”
“ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു;
അങ്ങു ഞങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
23 കുന്നുകളിന്മേലും മലകളിന്മേലുമുള്ള വിഗ്രഹാരാധകരുടെ തിക്കുംതിരക്കും
നിശ്ചയമായും ഒരു വഞ്ചനയത്രേ;
ഇസ്രായേലിന്റെ രക്ഷ നിശ്ചയമായും
നമ്മുടെ ദൈവമായ യഹോവയിലാണ്.
24 ഞങ്ങളുടെ യൗവനംമുതൽ
ഞങ്ങളുടെ പിതാക്കന്മാരുടെ പ്രയത്നത്തെയും
അവരുടെ ആടുകൾ, കന്നുകാലികൾ,
പുത്രീപുത്രന്മാർ എന്നിവരെയും ലജ്ജാകരമായവ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ,
ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ.
ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും
ഞങ്ങളുടെ യൗവനംമുതൽ ഇന്നുവരെയും
ഞങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്തിരിക്കുന്നു;
ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഞങ്ങൾ അനുസരിച്ചതുമില്ല.”
യിരെമ്യാവ് പ്രവാസത്തിന്റെ ദുഃഖങ്ങൾ മുൻകൂട്ടി കാണുന്നു
യിരെമ്യാവ് ഒരു പ്രവാചകനെന്ന നിലയിൽ വരാനിരിക്കുന്ന പ്രവാസത്തിന്റെ ദുഃഖങ്ങൾ മുൻകൂട്ടി വിവരിക്കുന്നു.
1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും
ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു
സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ,
രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും
അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളുടെ തരിശുനിലം ഉഴുവിൻ;
മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
എന്റെ കോപം തീപോലെ വരികയും
ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്,
യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ,
നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക;
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക:
‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’
‘ഒരുമിച്ചുകൂടുക!
ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’
എന്ന് ഉറക്കെ വിളിച്ചുപറയുക.
6 സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക!
നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക!
കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും,
ഒരു മഹാനാശംതന്നെ.”
7 സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു,
രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു.
അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ്
നിന്റെ ദേശം ശൂന്യമാക്കും.
നിന്റെ പട്ടണം, നിവാസികളില്ലാതെ
ശൂന്യമാക്കപ്പെടും.
8 അതുകൊണ്ടു ചാക്കുശീല ധരിച്ച്,
വിലപിക്കുകയും അലമുറയിടുകയുംചെയ്യുക.
യഹോവയുടെ ഉഗ്രകോപം
നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.
9 “ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും,
പുരോഹിതന്മാർ ഭ്രമിച്ചും
പ്രവാചകന്മാർ സ്തംഭിച്ചുംപോകും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
10 അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല, 12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു,
അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു,
അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ.
നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!
14 ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക.
നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?
15 ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും
എഫ്രയീം മലയിൽനിന്ന് നാശം വിളിച്ചറിയിക്കുകയും ചെയ്യുന്നു.
16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക,
ഇതു ജെറുശലേമിനെ അറിയിക്കുക:
‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു,
യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.
17 അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ,
വയൽ കാക്കുന്നവരെപ്പോലെ അവർ വന്ന് അവളെ വളഞ്ഞിരിക്കുന്നു,’ ”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18 “നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും
ഇതു നിന്റെമേൽ വരുത്തിയിരിക്കുന്നു.
ഇതാണ് നിനക്കുള്ള ശിക്ഷ.
അതു എത്ര കയ്‌പുള്ളത്!
നിന്റെ ഹൃദയത്തിലേക്ക് എത്രമാത്രം തുളഞ്ഞുകയറുന്നത്!”
19 എന്റെ ഉള്ളം! എന്റെ ഉള്ളം!
ഞാൻ അതിവേദനയിലായിരിക്കുന്നു.
അയ്യോ! എന്റെ ഹൃദയവ്യഥ!
എന്റെ നെഞ്ചിടിക്കുന്നു.
എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല.
കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു;
യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.
20 നാശത്തിനുമീതേ നാശം വരുന്നു;
ദേശമൊക്കെയും ശൂന്യമായിരിക്കുന്നു.
വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു,
നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.
21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും
കാഹളനാദം കേൾക്കുകയും ചെയ്യണം?
22 “എന്റെ ജനം ഭോഷരാണ്;
അവർ എന്നെ അറിഞ്ഞിട്ടില്ല.
അവർ ബുദ്ധികെട്ട മക്കൾ;
അവർക്കൊരു ബോധവുമില്ല.
അവർ തിന്മ ചെയ്യാൻ സമർഥർ;
നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”
23 ഞാൻ ഭൂമിയെ നോക്കി,
അതു രൂപരഹിതവും ശൂന്യവുമായിരുന്നു;
ഞാൻ ആകാശത്തെ നോക്കി;
അതിൽ പ്രകാശം ഇല്ലാതെയായിരിക്കുന്നു.
24 ഞാൻ പർവതങ്ങളെ നോക്കി;
അവ വിറകൊള്ളുന്നതു ഞാൻ കണ്ടു;
മലകളെല്ലാം ആടിയുലയുകയായിരുന്നു.
25 ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല;
ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരുന്നു.
26 ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു;
അതിലെ എല്ലാ പട്ടണങ്ങളും, യഹോവയുടെ സന്നിധിയിൽ,
അവിടത്തെ ഉഗ്രകോപംനിമിത്തം തകർന്നുപോയിരുന്നു.
27 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ അതിനു പൂർണനാശം വരുത്താതിരുന്നിട്ടും,
ദേശംമുഴുവൻ ശൂന്യമായിത്തീരും.
28 ഇതുനിമിത്തം ഭൂമി വിലപിക്കും,
മുകളിൽ ആകാശം കറുത്തുപോകും,
കാരണം ഞാൻ അതു സംസാരിച്ചിരിക്കുന്നു, അനുതപിക്കുകയില്ല,
ഞാൻ തീരുമാനിച്ചിരിക്കുന്നു, പിന്മാറുകയില്ല.”
29 കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട്
പട്ടണംമുഴുവൻ ഓടിപ്പോകും.
ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും,
ചിലർ പാറകളിലേക്കു വലിഞ്ഞുകയറും.
എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും;
ആരും അവിടെ പാർക്കുകയില്ല.
30 ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും?
നീ രക്താംബരം ധരിക്കുകയും
സ്വർണാഭരണങ്ങൾ അണിയുകയും ചെയ്യുന്നതെന്തിന്?
നീ കണ്ണെഴുതി നിന്റെ കണ്ണുകൾക്കു തിളക്കം വരുത്തുന്നതെന്തിന്?
നീ വ്യർഥമായി അണിഞ്ഞൊരുങ്ങുകയാണ്.
നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കും;
അവർ നിനക്കു പ്രാണഹാനി വരുത്താൻ ആഗ്രഹിക്കും.
31 പ്രസവവേദന ബാധിച്ച ഒരുവളുടെയും
ആദ്യജാതനെ പ്രസവിക്കാൻ വേദനപ്പെടുന്ന ഒരുവളുടെയും ഞരക്കംപോലെയൊരു ശബ്ദം ഞാൻ കേട്ടു.
വീർപ്പുമുട്ടിയും കൈമലർത്തിയുംകൊണ്ട്
“എനിക്ക് അയ്യോ കഷ്ടം!
കൊലയാളികളുടെ മുമ്പിൽ എന്റെ പ്രാണൻ തളർന്നുപോകുന്നു,”
എന്നു പറഞ്ഞു വിലപിക്കുന്ന സീയോൻപുത്രിയുടെ ശബ്ദംതന്നെ.