ഭാഗം 10: പെരേയയിലെ പിൽക്കാല ശുശ്രൂഷ

ഒരുപക്ഷേ എ.ഡി. 29-ലെ പ്രതിഷ്ഠാപ്പെരുന്നാൾമുതൽ എ.ഡി. 30-ലെ അവസാന യാത്രവരെ (ഏകദേശം മൂന്നര മാസം)

യേശു യോർദാനക്കരെയുള്ള ബെഥാന്യയിലേക്കു പിൻവാങ്ങുന്നു

യേശു ജെറുശലേമിൽനിന്ന് യോർദാനക്കരെയുള്ള ബെഥാന്യയിലേക്കു പിൻവാങ്ങുന്നു.

പെരേയ

ക്രി.പി. 29 മുതൽ 30 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ 10:40–42

10:40 അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു. 41 ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽവന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു. 42 അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു.

യേശു പെരേയയിൽ പഠിപ്പിക്കുന്നു; ഹെരോദാവിനെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പു ലഭിക്കുന്നു

ജെറുശലേമിലേക്കുള്ള ഒരു യാത്രയിൽ യേശു പെരേയയിൽ പഠിപ്പിക്കുന്നു; ഹെരോദാവ് അന്തിപ്പാസിനെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പു ലഭിക്കുന്നു.

ലൂക്കോസ് 13:22–35

13:22 ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു. 23 ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു.

അദ്ദേഹം മറുപടിയായി പറഞ്ഞത്, 24 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25 വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും.

“എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.

26 “അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും.

27 “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും.

28 “അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 29 പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. 30 ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.”

31 ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു.

32 അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക. 33 എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ!

34 “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല. 35 ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

ഒരു പ്രമുഖ പരീശനോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ യേശു വീണ്ടും സൗഖ്യമാക്കുന്നു

ഒരു പ്രമുഖ പരീശനോടൊപ്പം ഭക്ഷണം (പ്രഭാതഭക്ഷണം) കഴിക്കുമ്പോൾ, യേശു വീണ്ടും ശബ്ബത്തിൽ സൗഖ്യമാക്കുകയും തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്യുന്നു. ഈ സന്ദർഭം മൂന്ന് സാദൃശ്യകഥകൾക്ക് വഴിയൊരുക്കുന്നു.

മിക്കവാറും പെരിയയിൽ

ലൂക്കോസ് 14:1–24

14:1 ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 2 ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു. 3 യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു. 4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.

5 പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?” 6 അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല.

7 വിരുന്നിൽ അതിഥികൾ ബഹുമാന്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതു കണ്ടിട്ട് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: 8 “നിന്നെ ഒരാൾ കല്യാണവിരുന്നിനു ക്ഷണിച്ചാൽ ബഹുമാന്യസ്ഥാനത്ത് ഇരിക്കരുത്; നിന്നെക്കാൾ വിശിഷ്ടനായ ഒരാളെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. 9 അങ്ങനെയെങ്കിൽ, നിങ്ങളെ ഇരുവരെയും ക്ഷണിച്ച ആതിഥേയൻ വന്നു നിന്നോട്, ‘നിന്റെ ഇരിപ്പിടം ഇദ്ദേഹത്തിന് ഒഴിഞ്ഞുകൊടുക്കുക’ എന്നു പറയും. അപ്പോൾ നിനക്ക് അപമാനിതനായി ഏറ്റവും അപ്രധാനമായ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും. 10 എന്നാൽ, നീ ക്ഷണിക്കപ്പെട്ടാൽ ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ ഇരിക്കുക; നിന്റെ ആതിഥേയൻ വരുമ്പോൾ നിന്നോട്, ‘സ്നേഹിതാ, മുമ്പോട്ടുകയറി നല്ല ഇരിപ്പിടത്തിൽ ഇരിക്കുക’ എന്നു പറയും. അപ്പോൾ നിന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന എല്ലാവരുടെയും മുമ്പാകെ നീ ബഹുമാനിതനാകും. 11 കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”

12 പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം. 13 എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക; 14 അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.”

15 യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരാൾ ഇതു കേട്ട് അദ്ദേഹത്തോട്, “ദൈവരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നയാൾ എത്ര അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.

16 യേശു അതിനു മറുപടിയായി പറഞ്ഞത്: “ഒരു മനുഷ്യൻ വലിയൊരു വിരുന്നൊരുക്കി, ആ വിരുന്നിന് അയാൾ അനേകരെ ക്ഷണിച്ചിരുന്നു. 17 അയാൾ വിരുന്നിന്റെ സമയമായപ്പോൾ ‘വരിക, എല്ലാം തയ്യാറായിരിക്കുന്നു,’ എന്നു ക്ഷണിക്കപ്പെട്ടവരെ അറിയിക്കാൻ തന്റെ ഭൃത്യനെ അയച്ചു.

18 “എന്നാൽ, ക്ഷണിതാക്കൾ എല്ലാവരും ഒരുപോലെ ഒഴിവുകഴിവുകൾ പറഞ്ഞുതുടങ്ങി. ഒരാൾ പറഞ്ഞു, ‘ഞാനൊരു വയൽ വാങ്ങിയിരിക്കുന്നു, അത് ചെന്നു കാണേണ്ട ആവശ്യമുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’

19 “മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളകളെ വാങ്ങിയിരിക്കുന്നു. എനിക്ക് അവയെ പരീക്ഷിക്കേണ്ടതുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’

20 “വേറൊരാൾ, ‘ഞാൻ ഇപ്പോൾ വിവാഹിതനായിരിക്കുന്നു; അതുകൊണ്ട് എനിക്കു വരാൻ കഴിയുകയില്ല’ എന്നു പറഞ്ഞു.

21 “ആ ഭൃത്യൻ മടങ്ങിവന്ന് ഈ പ്രതികരണങ്ങൾ അയാളുടെ യജമാനനെ അറിയിച്ചു. അപ്പോൾ വീട്ടുടമസ്ഥൻ കോപാകുലനായി, ഭൃത്യനോട്, ‘നീ ഉടനെ പോയി തെരുവുകളിലും പട്ടണത്തിന്റെ ഇടവഴികളിലും ചെന്ന് ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും ക്ഷണിച്ചുകൊണ്ടുവരിക’ എന്നു പറഞ്ഞു.

22 “ആ ഭൃത്യൻ തിരികെവന്ന്, ‘യജമാനനേ, അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു; എന്നാൽ, ഇനിയും സ്ഥലമുണ്ട്’ എന്നറിയിച്ചു.

23 “അപ്പോൾ ആ യജമാനൻ ഭൃത്യനോട്, ‘നീ വീഥികളിലും തെരുക്കോണുകളിലും ചെന്ന് ആളുകളെ നിർബന്ധിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുവരിക; അങ്ങനെ എന്റെ വീട് നിറയട്ടെ. 24 ഞാൻ ആദ്യം ക്ഷണിച്ചവരിൽ ആരുംതന്നെ എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.’ ”