എല്ലാവരും മാനസാന്തരപ്പെടണം, അല്ലെങ്കിൽ നശിക്കും
എല്ലാവരും മാനസാന്തരപ്പെടണം, അല്ലെങ്കിൽ നശിക്കും (അക്കാലത്തെ രണ്ടു ദുരന്തങ്ങൾ). കായ്ക്കാത്ത അത്തിവൃക്ഷത്തിന്റെ ഉപമ.
മിക്കവാറും യെഹൂദ്യയിൽ
ക്രി.പി. 29 അല്ലെങ്കിൽ 28
Biblica® Open Malayalam Contemporary Version™ (OMCV)
ലൂക്കോസ് 13:1–9
13:1 ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു. 2 അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ? 3 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 4 ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ? 5 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
6 പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. 7 അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു.
8 “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം. 9 അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”
ശബ്ബത്തിൽ യേശു ശാരീരിക വൈകല്യമുള്ള ഒരു സ്ത്രീയെ സൗഖ്യമാക്കുന്നു
ശബ്ബത്തിൽ യേശു ശാരീരിക വൈകല്യമുള്ള ഒരു സ്ത്രീയെ സൗഖ്യമാക്കുകയും സിനഗോഗിന്റെ നേതാവിന്റെ എതിർപ്പിനെതിരെ സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. അദ്ദേഹം കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകൾ ആവർത്തിക്കുന്നു.
ലൂക്കോസ് 13:10–21
13:10 ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു. 12 യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ് 13 അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
14 യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”
15 അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ? 16 അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”
17 യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.
18 പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു. 19 ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.”
20 അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? 21 അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.”
പ്രതിഷ്ഠാപ്പെരുന്നാളിൽ യെഹൂദനേതാക്കന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിക്കുന്നു
പ്രതിഷ്ഠാപ്പെരുന്നാളിൽ യേശു താൻ മശിഹായാണെന്ന് അപ്പോഴും പരസ്യമായി പറയാൻ തയ്യാറാകുന്നില്ല. യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ കല്ലെറിയാൻ ശ്രമിക്കുന്നു.
ഇവിടെ യോഹന്നാന്റെ സുവിശേഷം കഥ വീണ്ടും തുടരുകയും നമ്മെ ജെറുശലേമിലേക്കും തുടർന്ന് പെരേയയിലേക്കും കൊണ്ടുപോകുകയും ചെയ്യുന്നു.
ജെറുശലേം
യോഹന്നാൻ 10:22–39
10:22 ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ സമയമായി. അത് ശീതകാലമായിരുന്നു. 23 യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു. 24 യെഹൂദനേതാക്കന്മാരിൽ ചിലർ അദ്ദേഹത്തിന്റെ ചുറ്റും വന്നു പറഞ്ഞു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക.”
25 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു. 26 എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല. 27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. 28 ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 29 അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. 30 ഞാനും പിതാവും ഒന്നാകുന്നു.”
31 യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. 32 എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”
33 യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.”
34 യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ— 36 പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു? 37 ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു. 38 എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.” 39 അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി.