യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു

പെസഹ ഭക്ഷണത്തിനിടയിൽ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു.

ക്രൂശീകരണത്തിനു മുമ്പുള്ള വൈകുന്നേരം (നമ്മുടെ വ്യാഴാഴ്ച, യെഹൂദരുടെ വെള്ളിയാഴ്ച)

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ 13:1–20

13:1 പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു.

2 അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. 3 പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു. 4 യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി. 5 പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി.

6 ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു.

7 യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.”

8 “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു.

“ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു.

9 അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.

10 അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു. 11 തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്.

12 അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു. 13 “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ. 14 നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്. 15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു. 16 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. 17 ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.

18 “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.

19 “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്. 20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

യൂദായാണ് ഒറ്റിക്കൊടുക്കുന്നവൻ എന്നു യേശു ചൂണ്ടിക്കാട്ടുന്നു

പെസഹ ഭക്ഷണവേളയിൽ യൂദായാണ് ഒറ്റിക്കൊടുക്കുന്നവൻ എന്നു യേശു ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച വൈകുന്നേരം (യെഹൂദരുടെ വെള്ളിയാഴ്ച)

മത്തായി 26:21–25

26:21 അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.

22 ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.

23 അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും.

24 മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”

25 അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു.

“നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.

മർക്കോസ് 14:18–21

14:18 അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പറഞ്ഞു.

19 അവർ ദുഃഖിതരായി; ഓരോരുത്തൻ “അതു ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.

20 അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ.

21 മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”

ലൂക്കോസ് 22:21–23

22:21 “എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്. 22 ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!”

23 “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.

യോഹന്നാൻ 13:21–30

13:21 ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”

22 യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി.

23 യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു. 24 “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു.

25 അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.

26 അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു.

27 യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു.

“നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു. 28 യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല. 29 യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു. 30 അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു.