തന്നെ ഉപേക്ഷിക്കരുതെന്ന് യേശു ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു
യൂദാ പോയശേഷം, തന്നെ ഉപേക്ഷിക്കരുതെന്ന് യേശു ശിഷ്യന്മാർക്ക് (പ്രത്യേകിച്ച് പത്രോസിന്) മുന്നറിയിപ്പു നൽകുന്നു; അവരെല്ലാവരും തങ്ങളുടെ വിശ്വസ്തത ഉറപ്പിച്ചു പറയുന്നു.
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 26:31–35
26:31 പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും.
“ ‘ഞാൻ ഇടയനെ വെട്ടും;
ആട്ടിൻപറ്റം ചിതറിപ്പോകും,’
എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
32 എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
33 അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു.
34 അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു.
35 “ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.
മർക്കോസ് 14:27–31
14:27 യേശു അവരോടു പറഞ്ഞത്: “നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും;
“ ‘ഞാൻ ഇടയനെ വെട്ടും,
ആടുകൾ ചിതറിപ്പോകും’
എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
28 എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
29 ഇതു കേട്ടപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കുകയില്ല” എന്നു പറഞ്ഞു.
30 അതിന് യേശു, “ഇന്ന്, ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടുതവണ കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കുമെന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
31 എന്നാൽ പത്രോസ്, “അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല” എന്നു തറപ്പിച്ചുപറഞ്ഞു. മറ്റുള്ളവരും ഇതുതന്നെ ആവർത്തിച്ചു.
ലൂക്കോസ് 22:31–38
22:31 “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു; 32 എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”
33 അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.
34 യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.”
35 പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?”
“ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.
36 യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക. 37 ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.”
38 അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു.
“അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു.
യോഹന്നാൻ 13:31–38
13:31 യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. 32 ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.
33 “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.
34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”
36 “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു.
യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.”
37 “കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു.
38 അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.”
അപ്പവും വീഞ്ഞുംകൊണ്ടുള്ള സ്മരണാചരണം യേശു സ്ഥാപിക്കുന്നു
അപ്പം കഴിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്യുന്ന സ്മരണാചരണം യേശു സ്ഥാപിക്കുന്നു.
ജെറുശലേം. ക്രൂശീകരണത്തിനു മുമ്പുള്ള വൈകുന്നേരം
മത്തായി 26:26–29
26:26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക,
28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. 29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
മർക്കോസ് 14:22–25
14:22 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
23 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു.
24 അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. 25 ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു.
ലൂക്കോസ് 22:17–20
22:17 പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക. 18 ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
19 തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
20 അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.