യേശു പത്രോസിന്റെ അമ്മായിയമ്മയെയും മറ്റനേകരെയും സൗഖ്യമാക്കുന്നു

കഫാർനഹൂമിൽ പത്രോസിന്റെ വീട്ടിൽ

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 8:14–17

8:14 യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു.

15 യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.

16 സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.

17 “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു;

ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,”

എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.

മർക്കോസ് 1:29–34

1:29 അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി.

30 ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു.

31 യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി.

32 അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.

33 നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി.

34 പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല.

ലൂക്കോസ് 4:38–41

4:38 യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു.

39 അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി.

40 സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി.

41 അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി.

യേശു നാലു മത്സ്യത്തൊഴിലാളികളോടൊപ്പം ഗലീലയിൽ ആദ്യമായി പര്യടനം നടത്തുന്നു

ഇവിടെ യേശു നാലു മത്സ്യത്തൊഴിലാളികളോടൊപ്പം ഗലീലയിൽ തന്റെ ആദ്യ പര്യടനം നടത്തുന്നു; തന്നെ നിരന്തരം അനുഗമിക്കാനായി അവിടുന്ന് ഇപ്പോൾ അവരെ വിളിച്ചിരിക്കുന്നു. കഫാർനഹൂമിലേക്കുള്ള മടക്കയാത്രയിൽ മത്തായി വിളിക്കപ്പെടുന്നു; വിവിധ അത്ഭുതങ്ങൾ ജനക്കൂട്ടങ്ങളിൽ ആവേശവും ക്രിസ്തുവിന്റെ ഉപദേശങ്ങളോടു പരീശന്മാരിൽ വിരോധവും ഉണർത്തുന്നു.

മത്തായി 4:23–25

4:23 യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. 24 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു. 25 ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.

മർക്കോസ് 1:35–39

1:35 അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. 36 ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു.

37 കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.

38 അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു

39 അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.

ലൂക്കോസ് 4:42–44

4:42 പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.

43 എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു.

44 ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.

യേശു ഒരു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു

ഒരു കുഷ്ഠരോഗി സൗഖ്യമാക്കപ്പെടുന്നു; ജനങ്ങൾക്കിടയിൽ വലിയ ആവേശം ഉണ്ടാകുന്നു.

മത്തായി 8:2–4

8:2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.

3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി.

4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.

മർക്കോസ് 1:40–45

1:40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.

41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. 42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.

43-44 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു.

45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.

ലൂക്കോസ് 5:12–16

5:12 യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.

13 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു.

14 അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.

15 എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു. 16 എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.