മേൽക്കൂരയിലൂടെ താഴെയിറക്കിയ ഒരു പക്ഷവാതരോഗിയെ യേശു സൗഖ്യമാക്കുന്നു
കഫാർനഹൂമിൽ ജനക്കൂട്ടങ്ങൾ തനിക്കു ചുറ്റും തിങ്ങിക്കൂടുമ്പോൾ, പത്രോസിന്റെ വീടിന്റെ മേൽക്കൂരയിലൂടെ താഴെയിറക്കിയ ഒരു പക്ഷവാതരോഗിയെ യേശു സൗഖ്യമാക്കുന്നു.
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 9:1–8
9:1 യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.
2 ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
3 ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.
4 യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്?
5 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. 6 “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.
8 ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.
മർക്കോസ് 2:1–12
2:1 ചില ദിവസത്തിനുശേഷം യേശു പിന്നെയും കഫാർനഹൂമിൽ വന്നു. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന വാർത്ത പ്രചരിച്ചു. 2 വീടിനകത്തും വാതിൽക്കൽപോലും നിൽക്കാൻ ഇടമില്ലാത്തവിധം അനവധിയാളുകൾ തിങ്ങിക്കൂടി. യേശു അവരോടു തിരുവചനം പ്രസംഗിച്ചു.
3 ഇതിനിടയിൽ നാലുപേർ ഒരു പക്ഷാഘാതരോഗിയെ എടുത്തുകൊണ്ട് അവിടെയെത്തി. 4 ജനത്തിരക്കു നിമിത്തം അയാളെ യേശുവിന്റെ അടുത്തെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്ന സ്ഥലത്തിനുമീതേയുള്ള മേൽക്കൂര ഇളക്കിമാറ്റി പക്ഷാഘാതരോഗിയെ അയാൾ കിടന്നിരുന്ന കിടക്കയോടെ താഴെയിറക്കി.
5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷാഘാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
6 അവിടെ ചില വേദജ്ഞർ ഇരിക്കുന്നുണ്ടായിരുന്നു; അവർ അവരുടെ ഹൃദയത്തിൽ ഇങ്ങനെ ചിന്തിച്ചു: 7 “ഈ മനുഷ്യൻ എന്താണിങ്ങനെ സംസാരിക്കുന്നത്? ഇത് ദൈവനിന്ദയാണ്! പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും!”
8 അപ്പോൾ അവർ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന ഇക്കാര്യം യേശു ആത്മാവിൽ ഗ്രഹിച്ചിട്ട് അവരോട് “നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?”
9 പക്ഷാഘാതരോഗിയോട്, “ ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ, ‘എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്നു ചോദിച്ചു.
10 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. 11 തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
12 ഉടനെ അയാൾ എഴുന്നേറ്റു, കിടക്ക എടുത്തു, എല്ലാവരും കാൺകെ നടന്നു പുറത്തേക്കുപോയി. സകലരും ഇതിൽ ആശ്ചര്യചകിതരായി. “ഇങ്ങനെയുള്ള സംഭവങ്ങൾ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,” എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
ലൂക്കോസ് 5:17–26
5:17 ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
18 അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു. 19 ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
21 എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
22 അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
23 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
24 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
25 അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
26 എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.