യിരെമ്യാവ് മാനസാന്തരത്തിന് ആഹ്വാനം ചെയ്യുകയും വിലപിക്കുകയും ചെയ്യുന്നു

യിരെമ്യാവ് മാനസാന്തരപ്പെടാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയും പ്രവാസം അടുത്തുവരുമ്പോൾ അവരുടെ ദുരിതങ്ങളെക്കുറിച്ചു വിലപിക്കുകയും ചെയ്യുന്നു.

ക്രി.മു. 612

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 7–8

1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്: 2 “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക:

“ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക. 3 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; എന്നാൽ നിങ്ങൾ ഈ സ്ഥലത്തു വസിക്കാൻ ഞാൻ ഇടയാക്കും. 4 “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്. 5 എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ, 6 വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ, 7 നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും. 8 എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു.

9 “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം, 10 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ? 11 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? എന്നാൽ ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു! എന്ന് യഹോവ അരുളിച്ചെയ്യുന്നു.

12 “ ‘ആദിയിൽ എന്റെ നാമം വഹിച്ചിരുന്ന ശീലോവിൽ എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്ന് നിങ്ങൾ പോയി നോക്കുക. 13 നിങ്ങൾ ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കെ, യഹോവ അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചില്ല; ഞാൻ നിങ്ങളെ വിളിച്ചു, നിങ്ങൾ ഉത്തരം പറഞ്ഞില്ല. 14 അതിനാൽ ഞാൻ ശീലോവിനോടു ചെയ്തത് എന്റെ നാമം വഹിക്കുന്ന ഈ സ്ഥലത്തോടും നിങ്ങൾ ആശ്രയം വെച്ചിരിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയതുമായ ഈ ദൈവാലയത്തോടും ഞാൻ ചെയ്യും. 15 എഫ്രയീമിന്റെ സന്തതികളായ ഇസ്രായേലിന്റെ സഹോദരങ്ങളെയെല്ലാം തള്ളിക്കളഞ്ഞതുപോലെ, നിങ്ങളെയും എന്റെ സന്നിധിയിൽനിന്ന് ഞാൻ തള്ളിക്കളയും,’ എന്ന് യഹോവയുടെ അരുളപ്പാട്.

16 “അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്, അവർക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുകയുമരുത്. എന്നോട് അപേക്ഷിക്കരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല. 17 യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ തെരുവുകളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലേ? 18 എന്റെ ക്രോധം ജ്വലിപ്പിക്കാൻവേണ്ടി അന്യദേവന്മാർക്ക് പാനീയബലികൾ അർപ്പിക്കുന്നതിനും ആകാശരാജ്ഞിക്കു സമർപ്പിക്കാൻ അടകൾ ചുടുന്നതിനും, മക്കൾ വിറകു ശേഖരിക്കുകയും പിതാക്കന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു. 19 എന്നാൽ അവർ എന്നെയാണോ പ്രകോപിപ്പിക്കുന്നത്? അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി സ്വന്തം ലജ്ജവരിക്കുകയല്ലേ ചെയ്യുന്നത്, എന്ന് യഹോവയുടെ അരുളപ്പാട്.

20 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.

21 “ ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഹോമയാഗങ്ങളോട് മറ്റു യാഗങ്ങൾ കലർത്തി, മാംസം തിന്നുക. 22 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന് അവരോടു സംസാരിച്ചപ്പോൾ, ഹോമയാഗങ്ങളെക്കുറിച്ചോ, മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ അവർക്കു കൽപ്പന നൽകിയിട്ടില്ല. 23 എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക. 24 എന്നാൽ അവർ അതു ശ്രദ്ധിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യാതെ അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ ശാഠ്യമുള്ള പ്രവണതകൾ അനുസരിച്ചു. അവർ മുന്നോട്ടല്ല, പിറകോട്ടുതന്നെ പോയി. 25 നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു. 26 എന്നിട്ടും അവർ എന്റെ വചനം കേൾക്കാതെയും അതിനു ചെവി കൊടുക്കാതെയും ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം പ്രവർത്തിച്ചു.’

27 “നീ ഈ വചനങ്ങളൊക്കെയും അവരോടു സംസാരിക്കുമ്പോൾ, അവർ നിന്റെ വാക്കു കേൾക്കുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം നൽകുകയില്ല. 28 എന്നാൽ നീ അവരോടു പറയേണ്ടത്: ‘ഇതു തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം അനുസരിക്കുകയോ തെറ്റിൽനിന്ന് പിന്മാറുകയോ ചെയ്യാത്ത ഒരു ജനതയാകുന്നു. സത്യം നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളിൽനിന്ന് നീങ്ങിപ്പോയിരിക്കുന്നു.

29 “ ‘നിന്റെ മുടി കത്രിച്ച് ദൂരെ എറിഞ്ഞുകളയുക; മൊട്ടക്കുന്നുകളിൽ ദുഃഖാചരണം നടത്തുക. യഹോവ തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ തള്ളിക്കളയുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

30 “ ‘യെഹൂദാജനം എന്റെ ദൃഷ്ടിയിൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു, എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തെ മലിനമാക്കേണ്ടതിന് അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. 31 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിൽ, ക്ഷേത്രങ്ങൾ പണിതിരിക്കുന്നു. ഇതു ഞാൻ അവരോടു കൽപ്പിച്ചതല്ല, എന്റെ ഹൃദയത്തിൽ തോന്നിയതുമല്ല. 32 അതിനാൽ അതിനെ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ അല്ല, കശാപ്പുതാഴ്വര എന്നുതന്നെ വിളിക്കുന്ന കാലം വരുന്നു. സ്ഥലം ഇല്ലാതെയാകുംവരെ അവർ തോഫെത്തിൽത്തന്നെ ശവം അടക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 33 ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും; ആരും അവയെ ആട്ടിക്കളയുകയില്ല. 34 യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിന്റെ തെരുവീഥികളിൽനിന്നും ആനന്ദഘോഷവും ഉല്ലാസധ്വനിയും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാൻ നീക്കിക്കളയും, കാരണം ദേശം വിജനമായിത്തീരും.

8:1 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും. 2 തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും. 3 ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’

4 “നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ?

അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?

5 ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്?

ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്?

അവർ വഞ്ചന മുറുകെപ്പിടിക്കുന്നു;

മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?

6 ഞാൻ ശ്രദ്ധയോടെ കേട്ടു,

എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല.

“ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ്

ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല.

കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ

ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.

7 ആകാശത്തിലെ പെരിഞ്ഞാറ

തന്റെ സമയം അറിയുന്നു;

കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും

മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു.

എന്നാൽ എന്റെ ജനം

യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.

8 “ ‘ഞങ്ങൾ ജ്ഞാനികൾ, യഹോവയുടെ ന്യായപ്രമാണം ഞങ്ങൾക്കുണ്ട്,’

എന്നു നിങ്ങൾ പറയുന്നത് എങ്ങനെ?

ഇതാ, എഴുത്തുകാരുടെ വ്യാജംനിറഞ്ഞ തൂലിക

അതിനെയും വ്യാജമാക്കി മാറ്റിയിരിക്കുന്നു.

9 ജ്ഞാനികൾ ലജ്ജിതരാക്കപ്പെടും;

അവർ നിരാശരാകുകയും കെണിയിലകപ്പെടുകയും ചെയ്യും.

അവർ യഹോവയുടെ വചനം തിരസ്കരിച്ചതുകൊണ്ട്,

അവരിൽ എന്തു ജ്ഞാനമാണുള്ളത്?

10 അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും

അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും.

ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ

സകലരും ദ്രവ്യാഗ്രഹികളാണ്;

പ്രവാചകന്മാരും പുരോഹിതന്മാരും

ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.

11 സമാധാനം ഇല്ലാതിരിക്കെ

‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്,

അവർ എന്റെ ജനത്തിന്റെ മുറിവുകൾ

ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.

12 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?

ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല;

നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല.

അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും;

ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും,

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

13 “ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും,

എന്ന് യഹോവയുടെ അരുളപ്പാട്.

മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല.

അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല,

അതിന്റെ ഇലയും വാടിപ്പോകും.

ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം

വേഗംതന്നെ നഷ്ടപ്പെട്ടുപോകും.’ ”

14 നാം ഇവിടെ ഇരിക്കുന്നത് എന്തിന്?

കൂടിവരിക!

നാം ഉറപ്പുള്ള പട്ടണങ്ങളിലേക്കു ചെല്ലുക

അവിടെ നശിച്ചുപോകുക!

നാം അവിടത്തോടു പാപം ചെയ്യുകയാൽ

നമ്മുടെ ദൈവമായ യഹോവ നമ്മെ നാശത്തിന് ഏൽപ്പിക്കുകയും

നമുക്കു കുടിക്കാൻ വിഷജലം നൽകുകയും ചെയ്തിരിക്കുന്നു.

15 നാം സമാധാനത്തിനായി കാത്തിരുന്നു

എന്നാൽ ഒരു നന്മയും ഉണ്ടായില്ല,

രോഗശാന്തിക്കായി കാത്തിരുന്നു

എന്നാൽ ഇതാ, ഭീതിമാത്രം.

16 ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം

ദാനിൽനിന്ന് കേൾക്കുന്നു;

ആൺകുതിരകളുടെ ചിനപ്പുകൊണ്ടു

നാടുമുഴുവൻ നടുങ്ങുന്നു.

ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും

പട്ടണത്തെയും അതിൽ വസിക്കുന്നവരെയും

വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.

17 “ഞാൻ വിഷസർപ്പങ്ങളെയും

മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും,

അവ നിങ്ങളെ കടിക്കും,”

എന്ന് യഹോവയുടെ അരുളപ്പാട്.

18 ദുഃഖത്തിൽ എന്റെ ആശ്വാസകനേ!

എന്റെ ഹൃദയം തകർന്നിരിക്കുന്നു.

19 ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി

ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു:

“യഹോവ സീയോനിൽ ഇല്ലയോ?

അവളുടെ രാജാവ് അവിടെയില്ലയോ?”

“അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും

അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”

20 “കൊയ്ത്തു കഴിഞ്ഞു,

ഗ്രീഷ്മകാലവും അവസാനിച്ചു,

എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”

21 എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു;

ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.

22 ഗിലെയാദിൽ ഔഷധലേപനം ഇല്ലേ?

അവിടെ വൈദ്യനില്ലേ?

എന്റെ ജനത്തിന്റെ മുറിവിന്

സൗഖ്യം വരാത്തത് എന്തുകൊണ്ട്?