യിരെമ്യാവ് മാനസാന്തരത്തിന് ആഹ്വാനം ചെയ്യുകയും വിലപിക്കുകയും ചെയ്യുന്നു (continued)

യിരെമ്യാവ് മാനസാന്തരപ്പെടാൻ ജനത്തെ ഉദ്ബോധിപ്പിക്കുകയും പ്രവാസം അടുത്തുവരുമ്പോൾ അവരുടെ ദുരിതങ്ങളെക്കുറിച്ചു വിലപിക്കുകയും ചെയ്യുന്നു.

ക്രി.മു. 612

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 9–10

1 അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം

രാവും പകലും കരയേണ്ടതിന്,

എന്റെ തല ഒരു നീരുറവയും

എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!

2 അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന്

അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്,

എനിക്ക് മരുഭൂമിയിൽ

വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ!

അവരെല്ലാം വ്യഭിചാരികളും

വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.

3 “അവർ തങ്ങളുടെ നാവുകൾ

വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു;

സത്യം നിമിത്തമല്ല

അവർ ഭൂമിയിൽ വിജയിക്കുന്നത്.

അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു;

അവർ എന്നെ അറിയുന്നില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക;

സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്.

കാരണം അവർ ഓരോരുത്തരും വഞ്ചകരും

ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.

5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും,

ആരും സത്യം പറയുകയുമില്ല.

വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു;

പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.

6 നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്,

അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,”

എന്ന് യഹോവയുടെ അരുളപ്പാട്.

7 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും,

എന്റെ ജനത്തിന്റെ പാപംനിമിത്തം

മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?

8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്;

അതു വഞ്ചന സംസാരിക്കുന്നു.

അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു,

എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.

9 ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?”

യഹോവ അരുളിച്ചെയ്യുന്നു.

“ഇതുപോലെയുള്ള ഒരു ജനതയോട്

ഞാൻ പകരം ചെയ്യാതിരിക്കുമോ?”

10 പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും

മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും.

ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല,

കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല.

ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു

മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു.

11 “ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും

കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും;

ഞാൻ യെഹൂദാനഗരങ്ങളെ

നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”

12 ഇതു ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനിയാര്? അതു വ്യക്തമാക്കാൻ തക്കവണ്ണം യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവൻ ആര്? ആരും വഴിപോകാതവണ്ണം ഈ ദേശം മരുഭൂമിപോലെ നശിച്ചുപോകാൻ കാരണമെന്ത്?

13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിക്കയും എന്നെ അനുസരിക്കാതിരിക്കുകയും എന്റെ ന്യായപ്രമാണം പാലിക്കാതിരിക്കുകയും ചെയ്തതിനാൽത്തന്നെ. 14 പ്രത്യുത, അവർ തങ്ങളുടെ ഹൃദയത്തിലെ ദുർവാശിയനുസരിച്ചും തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ച ബാലിന്റെ വഴിയിൽ ജീവിക്കുകയും ചെയ്തു.” 15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കയ്‌പുള്ള ഭക്ഷണം കഴിപ്പിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും. 16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”

17 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിങ്ങൾ ചിന്തിച്ച്, വിലപിക്കുന്നതിന് സ്ത്രീകളെ വിളിപ്പിക്കുക;

അവരിൽ സമർഥരായവരെത്തന്നെ വരുത്തുക.

18 “അവർ വേഗംവന്ന്

നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ;

നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ,

കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ.

19 സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു:

‘നാം എത്ര ശൂന്യമായിരിക്കുന്നു!

നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു!

നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ,

നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ”

20 ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക;

നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക.

നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും

നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.

21 മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി

കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു;

അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും

ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.

22 “യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക:

“ ‘ആളുകളുടെ ശവങ്ങൾ

തുറസ്സായസ്ഥലത്തെ ചാണകംപോലെയും

കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും,

അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”

23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ

ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ

ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,

24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും

ന്യായവും നീതിയും നടപ്പിൽവരുത്തുന്നു,

ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്,

എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട്

എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,”

എന്ന് യഹോവയുടെ അരുളപ്പാട്.

25-26 “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.

10:1 ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ

ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ

നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.

3 ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;

അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു,

ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.

4 അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;

അത് ആടിയുലയാതെ,

ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.

5 വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,

അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല;

അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ

ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം.

അവയെ ഭയപ്പെടരുത്;

അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല,

നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”

6 യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;

അവിടന്നു വലിയവൻ,

അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.

7 രാഷ്ട്രങ്ങളുടെ രാജാവേ,

അങ്ങയെ ആർ ഭയപ്പെടാതിരിക്കും?

അത് അങ്ങയുടെ അവകാശമാണല്ലോ.

രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും

അവരുടെ എല്ലാ രാജ്യങ്ങളിലും,

അങ്ങയെപ്പോലെ ആരുമില്ല.

8 അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;

തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.

9 തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും

ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു.

ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ

നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു—

ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.

10 എന്നാൽ യഹോവ സത്യദൈവമാകുന്നു;

അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ.

അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു;

ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.

11 “ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”

12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു

തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.

13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.

അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,

തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

14 മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;

ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.

അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;

ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.

15 അവ മിഥ്യയും അപഹാസപാത്രവുമാണ്;

അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.

16 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,

അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല,

സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—

സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.

17 ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,

നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.

18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ

കവിണയിൽവെച്ച് എറിഞ്ഞുകളയും;

ഞാൻ അവർക്കു ദുരിതംവരുത്തും

അങ്ങനെ അവർ പിടിക്കപ്പെടും.”

19 എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!

എന്റെ മുറിവു സൗഖ്യംവരാത്തതത്രേ!

എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു,

“ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”

20 എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;

അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു.

എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല;

എന്റെ കൂടാരമടിക്കുന്നതിനും

എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.

21 ഇടയന്മാർ മൃഗത്തിനു തുല്യരാണ്,

അവർ യഹോവയെ അന്വേഷിക്കുന്നില്ല;

അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല,

അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.

22 ഇതാ, ഒരു വാർത്ത വരുന്നു—

വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ!

അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും

കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.

23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;

സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.

24 യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,

ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ,

അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.

25 അങ്ങയുടെ കോപം

അങ്ങയെ അറിയാത്ത ജനതകളുടെമേലും

അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ.

കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു;

അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു,

അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.