യെഹോശാഫാത്തിന്റെ യുദ്ധങ്ങളും സദ്ഭരണവും (continued)

ക്രി.മു. 897

Biblica® Open Malayalam Contemporary Version™ (OMCV)

2 ദിനവൃത്താന്തം 20:1–26

1 അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു.

2 ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ ഏദോമിൽനിന്ന് ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.” 3 യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു. 4 യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി.

5 യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന് 6 ഇപ്രകാരം പറഞ്ഞു:

“ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ! 7 ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ! 8 അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു: 9 ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’

10 “എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു. 11 അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ! 12 ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”

13 യെഹൂദാപുരുഷന്മാരെല്ലാവരും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടി യഹോവയുടെ സന്നിധിയിൽ നിന്നു.

14 അപ്പോൾ ആ സഭയിൽ നിന്നിരുന്ന യഹസീയേൽ എന്ന പുരുഷന്റെമേൽ യഹോവയുടെ ആത്മാവു വന്നു. യഹസീയേൽ സെഖര്യാവിന്റെ മകൻ; സെഖര്യാവ് ബെനായാവിന്റെ മകൻ; ബെനായാവ് യെയീയേലിന്റെ മകൻ; യെയീയേൽ മത്ഥന്യാവിന്റെ മകൻ; മത്ഥന്യാവ് ലേവ്യനും ആസാഫിന്റെ പുത്രന്മാരിൽ ഒരാളുമായിരുന്നു.

15 യഹസീയേൽ പറഞ്ഞു: “യെഹോശാഫാത്ത് രാജാവേ, യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികളേ, ശ്രദ്ധയോടെ കേൾക്കുക! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യംമൂലം നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കാരണം യുദ്ധം നിങ്ങൾക്കുള്ളതല്ല, ദൈവത്തിന്റേതാണ്. 16 നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും. 17 ഈ യുദ്ധത്തിൽ നിങ്ങൾക്കു പൊരുതേണ്ടതായി വരികയില്ല. യെഹൂദയേ, ജെറുശലേമേ, നിങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊള്ളുക; അചഞ്ചലരായിത്തന്നെ നിൽക്കുക. എന്നിട്ട് യഹോവ നിങ്ങൾക്കു തരുന്ന വിടുതൽ കാണുക, ഭയപ്പെടരുത്! അധൈര്യരാകരുത്! നാളെ അവരെ നേരിടാനായി പുറപ്പെടുക. യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ”

18 യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി. സകല യെഹൂദയും ഇസ്രായേലും വീണുവണങ്ങി യഹോവയെ ആരാധിച്ചു. 19 അപ്പോൾ കെഹാത്യരും കോരഹ്യരുമായ ചില ലേവ്യർ എഴുന്നേറ്റ് അത്യുച്ചനാദത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.

20 അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” 21 യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്:

“യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ,

അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി.

22 അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. 23 അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി.

24 യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല. 25 അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു. 26 നാലാംദിവസം അവർ ബെരാഖാ താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്.

സങ്കീർത്തനങ്ങൾ 115

1 ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല;

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ.

2 ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,”

എന്നു ചോദിപ്പിക്കുന്നതെന്തിന്?

3 ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്;

അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.

4 എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്;

മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.

5 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല;

കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.

6 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല;

മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.

7 അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല;

കാലുണ്ട്, എങ്കിലും നടക്കുന്നില്ല;

തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.

8 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു,

അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.

9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക—

അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക—

അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

11 യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക—

അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.

12 യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും:

അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും

അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും

13 യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും—

ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.

14 യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;

നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.

15 ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ

നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

16 സ്വർഗം യഹോവയുടേതാകുന്നു,

എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു.

17 മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല,

നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ;

18 എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്,

ഇന്നും എന്നെന്നേക്കും.

യഹോവയെ വാഴ്ത്തുക.

സങ്കീർത്തനങ്ങൾ 46

അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം.

1 ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു,

കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും

പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും

3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും

അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.

4 ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു,

അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ.

5 ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല;

പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും.

6 രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു;

അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു.

7 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;

യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.

8 വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക,

അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു.

9 അവിടന്ന് ഭൂസീമകളിൽ

യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു.

അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും;

രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.

10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക;

ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും

ഞാൻ ഭൂമിയിൽ ഉന്നതനാകും.”

11 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്;

യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.

സംഗീതസംവിധായകന്.

2 ദിനവൃത്താന്തം 20:27–30

27 തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി. 28 അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.

29 ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു. 30 ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.

2 ദിനവൃത്താന്തം 20:35–37

35 പിന്നീടൊരിക്കൽ, യെഹൂദാരാജാവായ യെഹോശാഫാത്ത് ദുഷ്‌പ്രവൃത്തിക്കാരനായ ഇസ്രായേൽരാജാവായ അഹസ്യാവുമായി സഖ്യംചെയ്തു. 36 ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു. 37 മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.

1 രാജാക്കന്മാർ 22:49

49 ആ സമയത്ത് ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ സേവകന്മാരെ അങ്ങയുടെ സേവകന്മാരോടൊപ്പം കപ്പലിൽ യാത്രചെയ്യാൻ അനുവദിച്ചാലും” എന്നപേക്ഷിച്ചു. എന്നാൽ യെഹോശാഫാത്ത് ആ അപേക്ഷ നിരസിച്ചു.

2 രാജാക്കന്മാർ 8:16

16 ഇസ്രായേൽരാജാവായ ആഹാബിന്റെ അഞ്ചാമാണ്ടിൽ, യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായിരിക്കെത്തന്നെ, അദ്ദേഹത്തിന്റെ മകനായ യെഹോരാം യെഹൂദാരാജാവായി ഭരണമേറ്റു.