ഭാഗം 4: യെഹോശാഫാത്തിന്റെ ഭരണകാലം
യെഹൂദാരാജ്യം
യെഹോശാഫാത്തിന്റെ സ്ഥാനാരോഹണവും സദ്ഭരണവും
ക്രി.മു. 914
Biblica® Open Malayalam Contemporary Version™ (OMCV)
41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാംവർഷം ആസായുടെ മകനായ യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായി. 42 രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു. 43 എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. 44 യെഹോശാഫാത്ത് ഇസ്രായേൽരാജാക്കന്മാരുമായി സമാധാനബന്ധത്തിലായിരുന്നു.
46 തന്റെ പിതാവായ ആസായുടെകാലത്ത് അവശേഷിച്ചിരുന്നതും ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലവിലിരുന്നതുമായ പുരുഷവേശ്യാസമ്പ്രദായത്തെ അദ്ദേഹം രാജ്യത്തുനിന്നു നിശ്ശേഷം തുടച്ചുനീക്കി. 47 ആ കാലത്ത് ഏദോമിൽ രാജാവില്ലായിരുന്നു; പകരം ഒരു രാജപ്രതിനിധിയായിരുന്നു ഭരണംനടത്തിയിരുന്നത്.
2 കോട്ടകെട്ടി ബലപ്പെടുത്തിയിരുന്ന യെഹൂദ്യനഗരങ്ങളിലെല്ലാം അദ്ദേഹം പട്ടാളത്തെ പാർപ്പിച്ചു. യെഹൂദ്യയിലും അദ്ദേഹത്തിന്റെ പിതാവായ ആസാ പിടിച്ചടക്കിയിരുന്ന എഫ്രയീമ്യ നഗരങ്ങളിലും അദ്ദേഹം കാവൽസേനയെ നിയോഗിച്ചു.
3 യെഹോശാഫാത്ത് ബാൽവിഗ്രഹങ്ങളെ അന്വേഷിക്കാതെ തന്റെ പൂർവപിതാവായ ദാവീദിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിലേതുപോലെ ജീവിച്ചതുമൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. 4 അദ്ദേഹം ഇസ്രായേലിന്റെ പ്രവർത്തനമാർഗം പിൻതുടരാതെ, തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു. 5 തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു. 6 അദ്ദേഹത്തിന്റെ ഹൃദയം യഹോവയുടെ വഴികളിൽ ഏകാഗ്രമായിത്തീരുകയും യെഹൂദ്യയിൽനിന്ന് അദ്ദേഹം ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും നീക്കിക്കളയുകയും ചെയ്തു.
7 തന്റെ ഭരണത്തിന്റെ മൂന്നാമാണ്ടിൽ അദ്ദേഹം തന്റെ പ്രഭുക്കന്മാരായ ബെൻ-ഹയീൻ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നിവരെ യെഹൂദാനഗരങ്ങളിൽ ഉപദേഷ്ടാക്കന്മാരായി നിയോഗിച്ചു. 8 അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസാഹേൽ, ശെമിരാമോത്ത്, യെഹോനാഥാൻ, അദോനിയാവ്, തോബിയാവ്, തോബ്-അദോനിയാവ് എന്നീ ലേവ്യരും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു. 9 അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ഉപദേശിച്ചു. യഹോവയുടെ ന്യായപ്രമാണഗ്രന്ഥം അവരുടെപക്കൽ ഉണ്ടായിരുന്നു. അവർ യെഹൂദാ പട്ടണങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
10 യെഹൂദയ്ക്കു ചുറ്റുമുള്ള നാടുകളിലെ സകലരാജ്യങ്ങളിലും യഹോവയെപ്പറ്റിയുള്ള ഭീതി വീണിരുന്നു. അതിനാൽ അവരാരും യെഹോശാഫാത്തിനോടു യുദ്ധത്തിനു തുനിഞ്ഞില്ല. 11 ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിനു കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികൾ അദ്ദേഹത്തിന് ഏഴായിരത്തി എഴുനൂറ് കോലാട്ടുകൊറ്റന്മാരും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റന്മാരും അടങ്ങിയ ആട്ടിൻപറ്റത്തെ കാഴ്ചയായി സമർപ്പിച്ചു.
12 യെഹോശാഫാത്ത് കൂടുതൽ കൂടുതൽ ശക്തനായിത്തീർന്നു. അദ്ദേഹം യെഹൂദ്യയിൽ കോട്ടകളും സംഭരണനഗരങ്ങളും പണിയിച്ചു. 13 അദ്ദേഹം യെഹൂദാ പട്ടണങ്ങളിൽ ധാരാളം വിഭവങ്ങൾ ശേഖരിച്ചിരുന്നു. തഴക്കംചെന്ന യോദ്ധാക്കളെയും അദ്ദേഹം ജെറുശലേമിൽ കരുതിയിരുന്നു. 14 കുടുംബക്രമം അനുസരിച്ച് അവരുടെ പേരുവിവരപ്പട്ടിക ഇപ്രകാരമായിരുന്നു:
യെഹൂദ്യയിൽനിന്ന് സഹസ്രാധിപന്മാരുടെ ഗണം ആയിരം:
അദ്നാ സൈന്യാധിപനും അദ്ദേഹത്തോടൊപ്പം മൂന്നുലക്ഷം യോദ്ധാക്കളും ഉണ്ടായിരുന്നു;
15 അടുത്തതായി, യെഹോഹാനാൻ സൈന്യാധിപനും അദ്ദേഹത്തോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം ഭടന്മാർ;
16 അതിനടുത്തായി, സിക്രിയുടെ മകനും യഹോവയുടെ ശുശ്രൂഷയ്ക്കായി സ്വമേധയാ സമർപ്പണം ചെയ്തവനുമായ അമസ്യാവ്; അദ്ദേഹത്തോടൊപ്പം രണ്ടുലക്ഷം യോദ്ധാക്കൾ;
17 ബെന്യാമീനിൽനിന്ന്:
വീരപരാക്രമിയായ ഭടൻ എല്യാദാ; അദ്ദേഹത്തോടുകൂടെ വില്ലും പരിചയുമേന്തിയ രണ്ടുലക്ഷം പടയാളികൾ;
18 അടുത്തതായി, യെഹോസാബാദ്; അദ്ദേഹത്തോടുകൂടെ യുദ്ധത്തിനു കോപ്പണിഞ്ഞ ഒരുലക്ഷത്തി എൺപതിനായിരം ഭടന്മാർ.
19 യെഹൂദ്യയിലുടനീളമുള്ള കോട്ടകെട്ടി ബലപ്പെടുത്തിയ സുരക്ഷിതനഗരങ്ങളിലെ പടയാളികൾക്കുപുറമേ രാജാവിനെ സേവിച്ചിരുന്ന യോദ്ധാക്കൾ ഇവരായിരുന്നു.
യെഹോശാഫാത്തിന്റെ യുദ്ധങ്ങളും സദ്ഭരണവും ക്രി.മു. 897
1 യെഹോശാഫാത്തിന് സമ്പത്തും ബഹുമതിയും വളരെ വർധിച്ചു. അദ്ദേഹം വിവാഹബന്ധത്തിലൂടെ ആഹാബുമായി സഖ്യം സ്ഥാപിച്ചു. 2 ചില വർഷങ്ങൾക്കുശേഷം ആഹാബിനെ സന്ദർശിക്കുന്നതിനായി അദ്ദേഹം ശമര്യയിലേക്കുചെന്നു. ആഹാബ് അദ്ദേഹത്തിനും കൂടെയുള്ള ആളുകൾക്കുംവേണ്ടി അനേകം ആടുകളെയും കാളകളെയും അറത്തു. അതിനുശേഷം ഗിലെയാദിലെ രാമോത്ത് ആക്രമിക്കുന്നതിന് തന്നോടൊപ്പം ചെല്ലാൻ അദ്ദേഹത്തെ നിർബന്ധിച്ചു.
1 യെഹൂദാരാജാവായ യെഹോശാഫാത്ത് ജെറുശലേമിൽ തന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി മടങ്ങിയെത്തിയപ്പോൾ 2 ഹനാനിയുടെ മകനും ദർശകനുമായ യേഹു രാജാവിനെ കാണാൻ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു. “നീ ദുഷ്ടനെ സഹായിക്കുകയും യഹോവയെ വെറുക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുന്നോ? നിന്റെ ഈ പ്രവൃത്തിമൂലം യഹോവയുടെ ക്രോധം നിന്റെമേൽ വീണിരിക്കുന്നു. 3 എന്നിരുന്നാലും നീ അശേരാപ്രതിഷ്ഠകളിൽനിന്ന് നാടിനെ മോചിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുന്നതിനു മനസ്സുവെക്കുകയും ചെയ്തിരിക്കുന്നതിനാൽ അൽപ്പം നന്മയും നിന്നിലുണ്ട്.”
4 യെഹോശാഫാത്ത് ജെറുശലേമിൽ താമസിച്ചു. അദ്ദേഹം ബേർ-ശേബാമുതൽ എഫ്രയീം മലനാടുവരെയുള്ള ജനങ്ങളുടെ മധ്യത്തിലേക്കു വീണ്ടും ഇറങ്ങിച്ചെന്ന് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരികെവരുത്തി. 5 അദ്ദേഹം രാജ്യമെങ്ങും, യെഹൂദ്യയിലെ കോട്ടകെട്ടി ബലപ്പെടുത്തിയ ഓരോ നഗരത്തിലും, ന്യായാധിപന്മാരെ നിയമിച്ചു. 6 അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണ് ന്യായം വിധിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു തീർപ്പുകൽപ്പിക്കുമ്പോൾ യഹോവ നിങ്ങളോടുകൂടെയുണ്ട്. അതിനാൽ നിങ്ങൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധാപൂർവം പരിഗണിച്ചുകൊള്ളണം. 7 യഹോവാഭക്തി നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ! നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ യാതൊരുവിധ അനീതിയോ പക്ഷപാതമോ കൈക്കൂലിയോ ഇല്ല. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ വിധിക്കണം.”
ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു;
അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
2 “എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും
ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. സേലാ
3 അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക;
ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
4 അഗതികളെയും ദുർബലരെയും മോചിപ്പിക്കുക;
അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
5 “അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല.
അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
6 “ ‘നിങ്ങൾ ദേവന്മാർ, എന്നും
നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
7 എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും;
ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
8 ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ,
കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.
8 യഹോവയുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും തർക്കമുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനുമായി ചില ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്യകുടുംബങ്ങളുടെ തലവന്മാരെയും യെഹോശാഫാത്ത് ജെറുശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനവും ജെറുശലേംതന്നെയായിരുന്നു. 9 അവർക്ക് അദ്ദേഹം ഈ കൽപ്പന നൽകി: “നിങ്ങൾ വിശ്വസ്തതയോടും പൂർണഹൃദയത്തോടും യഹോവാഭക്തിയോടുംകൂടി നിങ്ങളുടെ കർത്തവ്യം നിറവേറ്റണം. 10 നഗരങ്ങളിൽ പാർക്കുന്ന നിങ്ങളുടെ സഹപൗരന്മാരിൽനിന്നു നിങ്ങളുടെമുമ്പാകെവരുന്ന ഓരോ പരാതിയിലും—രക്തച്ചൊരിച്ചിലിനെക്കുറിച്ചോ, അല്ലെങ്കിൽ നിയമം, കൽപ്പന, ഉത്തരവുകൾ, അനുശാസനങ്ങൾ എന്നിവയെക്കുറിച്ചോ ഏതും ആയിക്കൊള്ളട്ടെ—യഹോവയ്ക്കെതിരേ പാപം ചെയ്യാതിരിക്കാനും അവിടത്തെ ക്രോധം നിങ്ങളുടെമേലും നിങ്ങളുടെ സഹപൗരന്മാരുടെമേലും പതിക്കാതിരിക്കുന്നതിനും നിങ്ങൾ അവർക്കുവേണ്ട മുന്നറിയിപ്പുകൾ നൽകണം. ഇങ്ങനെ ചെയ്താൽ നിങ്ങൾ കുറ്റക്കാരാകുകയില്ല.
11 “യഹോവയുമായി ബന്ധമുള്ള ഏതുകാര്യത്തിലും പുരോഹിതമുഖ്യനായ അമര്യാവു നിങ്ങളുടെ മേധാവിയായിരിക്കും. രാജകാര്യസംബന്ധമായ ഏതുകാര്യത്തിലും യെഹൂദാഗോത്രത്തിന്റെ നായകനായ യിശ്മായേലിന്റെ മകൻ സെബദ്യാവായിരിക്കും നിങ്ങളുടെ മേധാവി. ലേവ്യർ നിങ്ങളുടെമുമ്പാകെ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നതാണ്. ധൈര്യപൂർവം പ്രവർത്തിക്കുക! യഹോവ, നന്മ പ്രവർത്തിക്കുന്നവരുടെ പക്ഷത്ത് ഉണ്ടായിരിക്കട്ടെ.”