യെശയ്യാവ് അശ്ശൂര്യരുടെ അധിനിവേശം പ്രവചിക്കുന്നു (continued)
അശ്ശൂര്യസൈന്യം പലസ്തീനിൽ നടത്തുന്ന അധിനിവേശത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം.
ക്രി.മു. 715
Biblica® Open Malayalam Contemporary Version™ (OMCV)
1 യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും;
അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും.
2 യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും—
ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്,
ആലോചനയുടെയും ശക്തിയുടെയും ആത്മാവ്,
പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ—
3 അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും.
അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ
തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല;
4 എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും;
അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും.
തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും;
തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.
5 നീതി അവിടത്തെ അരപ്പട്ടയും
വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും,
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും,
പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും;
ഒരു ചെറിയ കുട്ടി അവയെ നയിക്കും.
7 പശുവും കരടിയും ഒരുമിച്ചു മേയും,
അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും,
സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും,
മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും
ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല,
സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
10 ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും. 11 ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.
12 അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും,
ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും;
യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ
ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും.
13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും,
യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും;
എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ
യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല.
14 അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും;
ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും.
ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും,
അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും.
15 ഈജിപ്റ്റുകടലിന്റെ നാവിനെ
യഹോവ പൂർണമായും നശിപ്പിച്ചുകളയും;
തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന്
യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും.
അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും
അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും.
16 ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ
അവർക്ക് ഉണ്ടായിരുന്നതുപോലെ
അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക്
കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.
12:1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും:
“യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു.
അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും,
അങ്ങയുടെ കോപം നീങ്ങിപ്പോകുകയും
എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു.
2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു;
ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല.
യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു;
അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”
3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന്
ആനന്ദത്തോടെ വെള്ളം കോരും.
4 അന്നാളിൽ നിങ്ങൾ പറയും:
“യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;
അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക,
അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.
5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു;
ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.
6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ,
നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”
13:1 ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:
2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക,
അവർ പ്രഭുക്കന്മാരുടെ കവാടങ്ങളിലേക്കു കടക്കാൻ
അവരെ ശബ്ദം ഉയർത്തി
കൈകാട്ടി വിളിക്കുക.
3 എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ,
എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ
എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു.
4 വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ
പർവതങ്ങളിലെ ഘോഷം കേൾക്കുക!
രാജ്യങ്ങളും ജനതകളും ഒത്തൊരുമിച്ചുകൂടിയതുപോലുള്ള
ഒരു മഹാഘോഷം ശ്രദ്ധിക്കുക!
സൈന്യങ്ങളുടെ യഹോവ
യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്നു.
5 അവർ ദൂരദേശത്തുനിന്ന്,
ആകാശത്തിന്റെ അതിരുകളിൽനിന്നുതന്നെ വരുന്നു—
യഹോവയും അവിടത്തെ ക്രോധംചൊരിയുന്ന ആയുധങ്ങളും
ദേശത്തെ മുഴുവനും നശിപ്പിക്കുന്നതിനായിത്തന്നെ വരുന്നു.
6 വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.
7 അതിനാൽ എല്ലാ കൈകളും തളരും,
ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും.
8 അവർ ഭയവിഹ്വലരാകും,
സങ്കടവും വേദനയും അവരെ പിടികൂടും;
പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും.
ജ്വലിക്കുന്ന മുഖത്തോടെ അവർ
അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും.
9 ഇതാ, യഹോവയുടെ ദിവസം വരുന്നു—
ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം—
ദേശത്തെ ശൂന്യമാക്കുന്നതിനും
അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.
10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും
പ്രകാശം കൊടുക്കുകയില്ല.
സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും,
ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.
11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും.
നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും,
നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
12 ഞാൻ മനുഷ്യരെ തങ്കത്തെക്കാളും
അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും.
13 അങ്ങനെ ഞാൻ ആകാശത്തെ നടുക്കും;
സൈന്യങ്ങളുടെ യഹോവയുടെ കോപത്താൽ,
അവിടത്തെ ഉഗ്രകോപത്തിന്റെ നാളിൽ
ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകും.
14 വേട്ടയാടപ്പെട്ട കലമാൻപോലെയും
ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും
അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും,
അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും.
15 കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും;
പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
16 അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും;
അവരുടെ വീടുകൾ കൊള്ളചെയ്യപ്പെടുകയും ഭാര്യമാർ അതിക്രമത്തിന് ഇരയാകുകയും ചെയ്യും.
17 ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും,
അവർ വെള്ളി വിലയുള്ളതായി കരുതുന്നില്ല,
സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
18 അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും;
ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ
കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല.
19 രാജ്യങ്ങളുടെ ചൂഡാമണിയും
ബാബേല്യരുടെ അഭിമാനവും മഹത്ത്വവുമായ ബാബേൽപട്ടണത്തെ,
സൊദോമിനെയും ഗൊമോറായെയും തകർത്തതുപോലെ
ദൈവം തകർത്തെറിയും.
20 തലമുറതലമുറയായി അതു നിർജനമായും
പാർക്കാൻ ആളില്ലാതെയും കിടക്കും;
ദേശാന്തരികൾ അവിടെ കൂടാരമടിക്കുകയില്ല,
ഇടയന്മാർ തങ്ങളുടെ കൂട്ടത്തെ അവിടെ കിടത്തുകയുമില്ല.
21 വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും,
അവരുടെ വീടുകളിൽ കുറുനരികൾ നിറയും;
ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും,
കാട്ടാടുകൾ അവിടെ നൃത്തംചെയ്യും.
22 അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും
അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും.
അവളുടെ സമയം അടുത്തിരിക്കുന്നു,
അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല.