യെശയ്യാവ് സോറിന്റെ നാശം പ്രവചിക്കുന്നു
ക്രി.മു. 715
Biblica® Open Malayalam Contemporary Version™ (OMCV)
1 സോരിനെതിരേയുള്ള പ്രവചനം:
തർശീശ് കപ്പലുകളേ, വിലപിക്കുക!
ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം
സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
കിത്തീം ദേശത്തുനിന്ന് അവർക്ക്
ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു.
2 ദ്വീപുനിവാസികളേ,
സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ,
നിശ്ശബ്ദരായിരിക്കുക.
3 സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും
നൈൽനദീതടത്തിലെ വിളവും
ആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം,
അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു.
4 സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക,
“ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല;
ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,”
എന്ന് സമുദ്രം പറയുന്നു.
5 ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ,
സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും.
6 ദ്വീപുനിവാസികളേ, മുറയിടുക;
തർശീശിലേക്കു കടന്നുചെല്ലുക.
7 പുരാതനകാലം മുതലേയുള്ള
നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്?
അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ
അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും.
8 കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ
അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ
മഹാനഗരമായ സോരിനെതിരേ
ആരാണ് ഈ പദ്ധതി ഒരുക്കിയത്?
9 അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും
ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി
സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
10 തർശീശ്പുത്രീ,
ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ
ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക.
11 അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി,
അവിടന്നു രാജ്യങ്ങളെ നടുക്കി.
യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ
തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു.
12 അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ,
നീ ഇനി ആനന്ദിക്കുകയില്ല!
“എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക;
അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.”
13 ഇതാ, ബാബേല്യരുടെ രാജ്യം,
അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി!
മരുഭൂമിയിലെ മൃഗങ്ങൾക്കായി
അശ്ശൂർ അതിനെ നിയമിച്ചു;
അവർ ഉപരോധഗോപുരങ്ങൾ പണിതു;
അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞു
അവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
14 തർശീശ് കപ്പലുകളേ, വിലപിക്കുക;
നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.
16 “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ,
നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക;
അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്,
അനവധി ഗാനങ്ങൾ ആലപിക്കുക.”
17 ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും. 18 എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.
യെശയ്യാവ് അശ്ശൂര്യരുടെ അധിനിവേശം പ്രവചിക്കുന്നു
അശ്ശൂര്യസൈന്യം പലസ്തീനിൽ നടത്തുന്ന അധിനിവേശത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം.
5 “എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം!
എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്.
6 അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു,
എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ,
കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും
തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ.
7 എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല,
അവന്റെ മനസ്സിലുള്ളതും അതല്ല;
അവന്റെ ലക്ഷ്യം നശീകരണമാണ്,
അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം.
8 അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ?
9 കൽനെ കർക്കെമീശുപോലെയല്ലേ?
ഹമാത്ത് അർപ്പാദുപോലെയും,
ശമര്യ ദമസ്കോസ്പോലെയും അല്ലേ?
10 എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു,
ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ—
11 ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ,
ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ”
12 സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. 13 അവൻ പറയുന്നു:
“ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്;
എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു.
ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും
അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു;
ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.
14 പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ,
എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു;
ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു;
ചിറകടിക്കുന്നതിനോ വായ് തുറന്നു
ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”
15 വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?
അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ?
വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും
ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്.
16 അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ,
കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും;
അവരുടെ ആഡംബരത്തിൻകീഴേ
അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.
17 ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും
അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും;
അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ
മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
18 അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം
പരിപൂർണമായും നശിപ്പിക്കും,
അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും.
19 അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ
ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.
20 ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും
യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും
തങ്ങളെ പ്രഹരിച്ചവനിൽ
ആശ്രയിക്കാതെ
ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ
ആത്മാർഥതയോടെ ആശ്രയിക്കും.
21 ഒരു ശേഷിപ്പു മടങ്ങിവരും, യാക്കോബിന്റെ ശേഷിപ്പുതന്നെ,
ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും.
22 ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും,
അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ.
നീതി കവിഞ്ഞൊഴുകുന്ന
സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
23 കർത്താവ്, സൈന്യങ്ങളുടെ യഹോവ,
ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും.
24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ,
ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ
തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും
ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട.
25 വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും
എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.”
26 സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു
മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും;
ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ
അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും.
27 അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും
നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ;
നിന്റെ പുഷ്ടി നിമിത്തം
ആ നുകം തകർക്കപ്പെടും.
28 അവർ അയ്യാത്തിൽ എത്തി,
മിഗ്രോനിൽക്കൂടി കടന്നുപോയി;
മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു.
29 അവർ ചുരം കടന്നു,
“ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു.
രാമാ വിറയ്ക്കുന്നു;
ശൗലിന്റെ ഗിബെയാ ഓടി മറയുന്നു.
30 ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക!
ലയേശേ, ശ്രദ്ധിക്കുക!
പീഡിതയായ അനാഥോത്തേ!
31 മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു.
ഗബീം നിവാസികൾ രക്ഷതേടി അലയുന്നു.
32 ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും;
സീയോൻപുത്രിയുടെ മലയുടെനേരേ,
ജെറുശലേം കുന്നിന്റെനേരേ
അവർ മുഷ്ടി ചുരുട്ടും.
33 നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ്
വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും;
പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും,
ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
34 അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും;
ലെബാനോനും ബലവാന്റെ കൈയാൽ വീഴും.