രണ്ടാമത്തെ ദൈവാലയത്തെക്കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനം (continued)
ക്രി.മു. 574
Biblica® Open Malayalam Contemporary Version™ (OMCV)
1 “ ‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം നീളവും 20,000 മുഴം വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും. 2 ഇതിൽ 500 മുഴം സമചതുരമുള്ള ഒരുഭാഗം വിശുദ്ധമന്ദിരത്തിനുവേണ്ടി ആയിരിക്കണം, അതിനുചുറ്റും 50 മുഴം തുറസ്സായസ്ഥലമായി കിടക്കണം. 3 ആ വിശുദ്ധഭൂമിയിൽനിന്ന് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള സ്ഥലം അളന്നു വേർതിരിക്കണം; അതിവിശുദ്ധസ്ഥലമായ വിശുദ്ധമന്ദിരം അതിൽ ആയിരിക്കണം. 4 അതു വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിക്കുന്നവരും യഹോവയുടെമുമ്പാകെ ശുശ്രൂഷയ്ക്കായി അടുത്തുവരുന്നവരുമായ പുരോഹിതന്മാർക്കായുള്ള വിശുദ്ധ ഓഹരി ആയിരിക്കും. അത് അവരുടെ ഭവനങ്ങൾക്കായുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനായുള്ള വിശുദ്ധസ്ഥലവുമായിരിക്കണം, 5 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരുഭാഗം ആലയത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്ക് അവകാശമാക്കി വസിക്കാനുള്ള പട്ടണങ്ങൾക്കുള്ള സ്ഥലമായിരിക്കും.
6 “ ‘വിശുദ്ധ ഓഹരിയായ ഈ സ്ഥലത്തോടു ചേർന്ന് 5,000 മുഴം വീതിയും 25,000 മുഴം നീളവുമുള്ള ഒരു സ്ഥലം നഗരസ്വത്തായി വിഭാഗിക്കണം. അത് ഇസ്രായേൽഗൃഹത്തിനു മുഴുവൻ ഉള്ളതായിരിക്കണം.
7 “ ‘പ്രഭുവിന്റെ സ്ഥലത്തിന്ന്, വിശുദ്ധ ഓഹരിയായ സ്ഥലവും നഗരത്തിനായി വേർതിരിച്ച സ്ഥലവും ഇരുവശങ്ങളിലും അതിരുകളായിരിക്കും. പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും നീണ്ടുകിടക്കുന്നതായിരിക്കും; അത് ഗോത്രങ്ങളുടെ അവകാശങ്ങളിൽ ഒന്നിനോടു ചേർന്നു പടിഞ്ഞാറേ അതിരിനും കിഴക്കേ അതിരിനും സമാന്തരമായിരിക്കും. 8 ഈ ഭൂമി ഇസ്രായേലിൽ അവന്റെ അവകാശമായിരിക്കണം. എന്റെ പ്രഭുക്കന്മാർ ഇനിയൊരിക്കലും എന്റെ ജനത്തെ പീഡിപ്പിക്കരുത്. എന്നാൽ അവർ ഇസ്രായേൽജനത്തെ അവരവരുടെ ഗോത്രങ്ങൾക്കുള്ള ഭൂപ്രദേശം അവകാശമാക്കാൻ അനുവദിക്കണം.
9 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽ പ്രഭുക്കന്മാരേ, നിങ്ങൾ പരിധി ലംഘിച്ചിരിക്കുന്നു. നിങ്ങളുടെ അതിക്രമവും പീഡനവും ഉപേക്ഷിച്ച് ന്യായമായതും നീതിയുള്ളതും പ്രവർത്തിക്കുക. എന്റെ ജനത്തെ കവർച്ചചെയ്യുന്നത് മതിയാക്കുക, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 10 നിങ്ങൾ കൃത്യതയുള്ള തുലാസ്, കൃത്യതയുള്ള ഏഫാ, കൃത്യതയുള്ള ബത്ത് എന്നിവ ഉപയോഗിക്കണം. 11 ഏഫായും ബത്തും ഒരേ അളവിലുള്ളവ ആയിരിക്കണം. ബത്ത് ഹോമറിന്റെ പത്തിലൊന്നും ഏഫാ ഹോമറിന്റെ പത്തിലൊന്നും തന്നെയായിരിക്കണം. രണ്ട് അളവുകളുടെയും മാനദണ്ഡം ഹോമറായിരിക്കണം. 12 ഇരുപതു ഗേരാ ആയിരിക്കണം ഒരു ശേക്കേൽ. ഇരുപതുശേക്കേൽ ഇരുപത്തിയഞ്ചു ശേക്കേൽ, പതിനഞ്ചുശേക്കേൽ എന്നിവയുടെ ആകത്തുകയായിരിക്കണം ഒരു മിന്നാ.
13 “ ‘നിങ്ങൾ വഴിപാടുകൾ അർപ്പിക്കേണ്ടത് ഈ വിധത്തിലാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്; ഓരോ ഹോമർ യവത്തിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്. 14 ഓരോ കോറിൽനിന്നും ഒരു ബത്തിന്റെ പത്തിലൊന്നു ഭാഗം ഒലിവെണ്ണയ്ക്കുള്ള പ്രമാണമാണ്. (ഒരു കോർ എന്നത്, പത്തുബത്ത് അഥവാ ഒരു ഹോമറിനു തുല്യമാണ്. 15 ഇസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരാടിനെ കൊടുക്കണം. ഇവ ജനങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഭോജനയാഗവും ഹനനയാഗവും സമാധാനയാഗവുമായി ഉപയോഗിക്കപ്പെടണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 16 ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം. 17 ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം.
18 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം. 19 പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം. 20 മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം.
21 “ ‘ഒന്നാംമാസം പതിന്നാലാംതീയതി നിങ്ങൾ പെസഹാ ആചരിക്കണം, ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 22 ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം. 23 ആ ഏഴുദിവസങ്ങളിൽ ഓരോ ദിവസവും അവർ ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം; പാപശുദ്ധീകരണയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം. 24 അവൻ കാളയൊന്നിന് ഒരു ഏഫായും ആട്ടുകൊറ്റനൊന്നിന് ഒരു ഏഫായും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും ഭോജനയാഗമായി അർപ്പിക്കണം.
25 “ ‘ഏഴാംമാസം പതിനഞ്ചാംതീയതി ആരംഭിക്കുന്ന ഉത്സവത്തിൽ ഈ ഏഴുദിവസവും അദ്ദേഹം പാപശുദ്ധീകരണയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും ഒലിവെണ്ണയ്ക്കും ഇതേരീതിയിലാണ് ക്രമീകരണം ചെയ്യേണ്ടത്.
46:1 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ അങ്കണത്തിന്റെ കിഴക്കോട്ടു ദർശനമുള്ള കവാടം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം; എന്നാൽ ശബ്ബത്ത് നാളിലും അമാവാസിയിലും അതു തുറന്നിടണം. 2 പ്രഭു പുറത്തുനിന്നു കവാടത്തിന്റെ പൂമുഖംവഴി പ്രവേശിച്ച് ഗോപുരത്തിന്റെ കവാടത്തൂണിനരികെ നിൽക്കണം. പുരോഹിതന്മാർ അദ്ദേഹത്തിന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. അദ്ദേഹം ഗോപുരത്തിന്റെ ഉമ്മറപ്പടിക്കൽ നിന്നുകൊണ്ട് നമസ്കരിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ കവാടം സന്ധ്യവരെ അടയ്ക്കരുത്. 3 ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം. 4 പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം. 5 മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം. 6 അമാവാസിദിനത്തിൽ അദ്ദേഹം ഒരു കാളക്കിടാവിനെയും ആറു കുഞ്ഞാടിനെയും ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം. എല്ലാം ഊനമില്ലാത്തവ ആയിരിക്കണം. 7 അദ്ദേഹം ഭോജനയാഗമായി കാളക്കിടാവിന് ഒരു ഏഫായും ആട്ടുകൊറ്റന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും അർപ്പിക്കണം, ഏഫ ഒന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം. 8 പ്രഭു കവാടത്തിന്റെ പൂമുഖത്തിലൂടെ അകത്തുകടക്കുകയും അതേവഴിയിലൂടെ പുറത്തുപോകുകയും ചെയ്യണം.
9 “ ‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം. 10 അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം. 11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം അർപ്പിക്കേണ്ടത് ഒരു കാളയ്ക്ക് ഒരു ഏഫായും ഒരു മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് അവരവരുടെ പ്രാപ്തിപോലെയും ആയിരിക്കണം. ഓരോ ഏഫായ്ക്കും ഒരു ഹീൻ ഒലിവെണ്ണ അർപ്പിക്കണം.
12 “ ‘പ്രഭു യഹോവയ്ക്കു സ്വമേധാദാനമായ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള കവാടം അദ്ദേഹത്തിനുവേണ്ടി തുറന്നുകൊടുക്കണം. അദ്ദേഹം ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അദ്ദേഹം പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.
13 “ ‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം. 14 ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്. 15 ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം.
16 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം. 17 എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം. 18 പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’ ”
19 അതിനുശേഷം ആ പുരുഷൻ എന്നെ കവാടത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി വടക്കോട്ടു ദർശനമുള്ളതും പുരോഹിതന്മാർക്കുള്ളതുമായ വിശുദ്ധമുറികളിലേക്കു കൊണ്ടുവന്നു; അവിടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു സ്ഥലം അദ്ദേഹം എനിക്കു കാണിച്ചുതന്നു. 20 അദ്ദേഹം എന്നോട്: “ഇതാണ് പുരോഹിതന്മാർ അകൃത്യയാഗവും പാപശുദ്ധീകരണയാഗവും പാകംചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം. അവയെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്ന് ജനംകൂടെ ശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യേണ്ടത്” എന്ന് അരുളിച്ചെയ്തു.
21 പിന്നീട് അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി; അതിന്റെ നാലു കോണിലൂടെയും എന്നെ നയിച്ചു. അതിന്റെ ഓരോ കോണിലും മറ്റൊരു മുറ്റം ഞാൻ കണ്ടു. 22 പുറത്തെ അങ്കണത്തിന്റെ നാലുകോണിലും നാൽപ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലുമുള്ള മുറ്റങ്ങൾ ഒരേ വലുപ്പമുള്ളവ ആയിരുന്നു. 23 നാലു മുറ്റങ്ങളിൽ ഓരോന്നിനും ചുറ്റുമായി ഒരുനിര കല്ലു കെട്ടിയിരുന്നു. ഈ കൽനിരകൾക്കുകീഴേ ചുറ്റും തീ കത്തിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു. 24 അദ്ദേഹം എന്നോട്: “ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവർ ജനങ്ങളുടെ യാഗങ്ങൾ പാകപ്പെടുത്തുന്നതിനുള്ള അടുക്കളകളാണിത്,” എന്ന് അരുളിച്ചെയ്തു.