രണ്ടാമത്തെ ദൈവാലയത്തെക്കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനം (continued)
ക്രി.മു. 574
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം ആ പുരുഷൻ എന്നെ കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന കവാടത്തിലേക്കു കൊണ്ടുവന്നു. 2 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്നു വരുന്നതു ഞാൻ കണ്ടു. അവിടത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയായിരുന്നു. അവിടത്തെ തേജസ്സുകൊണ്ട് ഭൂമി ഉജ്ജ്വലമായി. 3 ഞാൻ കണ്ട ദർശനം നഗരത്തെ നശിപ്പിക്കാൻ അവിടന്നു വന്നപ്പോഴത്തെ ദർശനംപോലെയും, കേബാർനദീതീരത്തു ഞാൻ കണ്ട ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു. 4 യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ ആലയത്തിലേക്കു പ്രവേശിച്ചു. 5 അപ്പോൾ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.
6 ആ പുരുഷൻ എന്റെ അടുക്കൽ നിൽക്കുമ്പോൾ ഒരുവൻ ആലയത്തിന്റെ ഉള്ളിൽനിന്ന് എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു. 7 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിനായുള്ള സ്ഥലവും എന്റെ പാദങ്ങൾ വെക്കാനുള്ള ഇടവുമാകുന്നു. ഇസ്രായേല്യരുടെ മധ്യേ ഞാൻ എന്നേക്കും വസിക്കുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനമോ അവരുടെ രാജാക്കന്മാരോ അവരുടെ വ്യഭിചാരംകൊണ്ടും അവരുടെ രാജാക്കന്മാരുടെ മരണത്തോട് അനുബന്ധിച്ച് നടത്തുന്ന ശവസംസ്കാരയാഗങ്ങൾകൊണ്ടും ഇനിമേലാൽ എന്റെ വിശുദ്ധനാമത്തെ മലീമസമാക്കുകയില്ല. 8 എനിക്കും അവർക്കും ഇടയിൽ ഒരു ചുമർമാത്രം ഉണ്ടായിരിക്കുമാറ്, തങ്ങളുടെ ഉമ്മറപ്പടികൾ എന്റെ ഉമ്മറപ്പടികൾക്കു സമീപവും തങ്ങളുടെ കട്ടിളകൾ എന്റെ കട്ടിളകൾക്കു സമീപവും ആക്കിയിട്ടാണ് അവർ എന്റെ നാമം അശുദ്ധമാക്കിയത്. അവർ ചെയ്ത മ്ലേച്ഛകർമങ്ങളിലൂടെ അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കിയിരിക്കുന്നു. തന്മൂലം ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു. 9 ഇപ്പോൾ അവർ തങ്ങളുടെ വ്യഭിചാരവും തങ്ങളുടെ രാജാക്കന്മാർക്കുവേണ്ടി നടത്തുന്ന ശവസംസ്കാരയാഗങ്ങളും എന്റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ. അപ്പോൾ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും.
10 “മനുഷ്യപുത്രാ, ഇസ്രായേൽജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന് ഈ ആലയം അവർക്ക് വിവരിച്ചുകൊടുക്കുക. അവർ അതിന്റെ പരിപൂർണത പരിഗണിക്കുക. 11 അവർ തങ്ങൾചെയ്ത എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നെങ്കിൽ ആലയത്തിന്റെ രൂപകൽപ്പനയും—അതിന്റെ സംവിധാനവും അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും—അതിന്റെ സമ്പൂർണ രൂപകൽപ്പനയും അനുശാസനങ്ങളും നിയമങ്ങളും അവരെ അറിയിക്കുക. അവർ അതിന്റെ രൂപകൽപ്പനയോടു വിശ്വസ്തരായി അതിന്റെ എല്ലാ അനുശാസനങ്ങളും അനുസരിക്കേണ്ടതിന് അതെല്ലാം അവർ കാൺകെ എഴുതിവെക്കുക.
12 “ഇതാണ് ആലയത്തെ സംബന്ധിച്ചുള്ള പ്രമാണം: പർവതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം. ഇതാണ് ആലയത്തെക്കുറിച്ചുള്ള നിയമം.
13 “നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം: 14 നിലത്തുള്ള അതിന്റെ ചുവടുമുതൽ താഴത്തെ തട്ടുവരെ അതിന് രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. 15 യാഗപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരമുണ്ടാകണം. അടുപ്പിൽനിന്നു മുകളിലേക്ക് നാലുകൊമ്പ് ഉണ്ടായിരിക്കണം. 16 യാഗപീഠത്തിന്റെ അടുപ്പ് പന്ത്രണ്ടുമുഴം നീളത്തിലും പന്ത്രണ്ടുമുഴം വീതിയിലും സമചതുരമായിരിക്കണം. 17 മുകളിലത്തെ തട്ടും പതിന്നാലുമുഴം നീളത്തിലും പതിന്നാലുമുഴം വീതിയിലും സമചതുരമായിരിക്കണം. അതിന്റെ വക്ക് ചുറ്റും അര മുഴവും ചുവട് ചുറ്റും ഒരുമുഴവും ആയിരിക്കണം. യാഗപീഠത്തിലേക്കുള്ള പടികൾ കിഴക്കോട്ടായിരിക്കണം.”
18 പിന്നീട് അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാഗപീഠം നിർമിച്ചുകഴിയുമ്പോൾ ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും രക്തം തളിക്കുന്നതിനുമുള്ള അനുശാസനങ്ങൾ ഇവയായിരിക്കും: 19 സാദോക്കിന്റെ പുത്രന്മാരായി എനിക്കു ശുശ്രൂഷചെയ്യാൻ അടുത്തുവരുന്ന ലേവ്യരായ പുരോഹിതന്മാർക്ക് പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെ കൊടുക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 20 അതിന്റെ കുറെ രക്തം എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പുകളിലും മുകൾത്തട്ടിന്റെ നാലു കോണുകളിലും വക്കിന്മേൽ ചുറ്റിലും പുരട്ടി യാഗപീഠം ശുദ്ധീകരിച്ച് അതിനുള്ള പ്രായശ്ചിത്തം കഴിക്കുകയും വേണം. 21 കാളക്കിടാവിനെ പാപശുദ്ധീകരണയാഗത്തിനായി എടുത്തു വിശുദ്ധമന്ദിരത്തിനു പുറത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം.
22 “രണ്ടാംദിവസം നീ പാപശുദ്ധീകരണയാഗമായി ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ അർപ്പിക്കണം. കാളക്കിടാവിന്റെ യാഗംകൊണ്ട് ശുദ്ധീകരണം നടത്തിയതുപോലെ യാഗപീഠവും ശുദ്ധീകരിക്കപ്പെടണം. 23 അതിനു ശുദ്ധീകരണം വരുത്തിയശേഷം നീ ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം, രണ്ടും ഊനമില്ലാത്തവ ആയിരിക്കണം. 24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെമേൽ ഉപ്പുവിതറി അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം.
25 “ഏഴുദിവസത്തേക്ക് നീ ഓരോ കോലാട്ടുകൊറ്റനെ ദിനംപ്രതി പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയുംകൂടെ നീ അർപ്പിക്കണം. 26 ഏഴുദിവസത്തേക്ക് യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തി അതിനെ ശുദ്ധീകരിക്കണം; അങ്ങനെ അത് വിശുദ്ധ ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിക്കണം. 27 ഈ ദിവസങ്ങൾ തികഞ്ഞശേഷം എട്ടാംദിവസംമുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അപ്പോൾ ഞാൻ നിങ്ങളെ കൈക്കൊള്ളും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
44:1 അതിനുശേഷം ആ പുരുഷൻ എന്നെ പുറത്തോട്ടു ദർശനമുള്ള വിശുദ്ധമന്ദിരത്തിന്റെ കിഴക്കേ കവാടത്തിങ്കൽ കൊണ്ടുവന്നു, അത് അടച്ചിരുന്നു. 2 അപ്പോൾ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ കവാടം തുറക്കാതെ അടച്ചിട്ടിരിക്കണം; ആരും അതിലൂടെ കടക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടെ കടക്കുകയാൽ അത് അടച്ചിട്ടിരിക്കണം. 3 യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കാൻ ഗോപുരത്തിനുള്ളിൽ ഇരിക്കാൻ പ്രഭുവിനുമാത്രമേ അനുവാദമുള്ളൂ. പ്രവേശനകവാടത്തിന്റെ പൂമുഖംവഴി അദ്ദേഹം പ്രവേശിക്കുകയും അതേ വഴിയിൽക്കൂടി പുറത്തേക്കു പോകുകയും ചെയ്യണം.”
4 പിന്നീട് ആ പുരുഷൻ എന്നെ വടക്കേ കവാടത്തിൽക്കൂടെ ആലയത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
5 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക 6 മത്സരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇപ്രകാരം അറിയിക്കണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽഗൃഹമേ, നിങ്ങളുടെ മ്ലേച്ഛകർമങ്ങൾ മതിയാക്കുക! 7 നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള കടമകൾ നിറവേറ്റാതെ വിദേശികളെ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ ആക്കിയിരിക്കുന്നു. 9 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത ഒരു വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്. ഇസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്ന വിദേശികൾപോലും അവിടെ പ്രവേശിക്കരുത്.
10 “ ‘ഇസ്രായേൽ തെറ്റിപ്പോയകാലത്ത് എന്നെ വിട്ടകന്നുപോയവരും എന്നെ ഉപേക്ഷിച്ചു വിഗ്രഹങ്ങളുടെ പിന്നാലെ പോയവരുമായ ലേവ്യർ തങ്ങളുടെ പാപത്തിന്റെ അനന്തരഫലം അനുഭവിക്കണം. 11 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിലിന്റെ ഉത്തരവാദിത്വമുള്ളവരായി അതിൽ ശുശ്രൂഷചെയ്യാം; അവർ ജനങ്ങൾക്കുവേണ്ടി ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ച് അവരുടെമുമ്പിൽ നിന്ന് അവരെ ശുശ്രൂഷിക്കുകയുംചെയ്യാം. 12 എന്നാൽ, അവർ ജനത്തിന്റെ വിഗ്രഹങ്ങളുടെമുമ്പിൽ ശുശ്രൂഷിച്ച് ഇസ്രായേൽ പാപംചെയ്യാൻ പ്രേരിപ്പിച്ചതുകൊണ്ട് തങ്ങളുടെ അകൃത്യത്തിന്റെ അനന്തരഫലം അവർ അനുഭവിച്ചേ മതിയാകൂ എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു എന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 13 അവർ പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാനോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുക്കളെയോ അതിവിശുദ്ധയാഗവസ്തുക്കളെയോ സ്പർശിക്കാനോ എന്നോട് അടുത്തുവരരുത്; അവർ തങ്ങളുടെ നിന്ദ്യകർമങ്ങളുടെ ലജ്ജ വഹിക്കണം. 14 എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും.
15 “ ‘എന്നാൽ ഇസ്രായേൽജനം എന്നെ വിട്ടുപോയകാലത്ത് എന്റെ വിശുദ്ധമന്ദിരം കാവൽചെയ്തിരുന്നവരും സാദോക്കിന്റെ വംശത്തിലുള്ളവരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷചെയ്യേണ്ടതിന് എന്നോട് അടുത്തുവരണം; അവർ മേദസ്സും രക്തവും എനിക്ക് അർപ്പിക്കാൻ എന്റെമുമ്പാകെ നിൽക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 16 അവർമാത്രം എന്റെ വിശുദ്ധമന്ദിരത്തിലേക്കു പ്രവേശിക്കണം; അവർമാത്രം എന്റെ മേശയുടെ അടുക്കൽവന്ന് എനിക്ക് ശുശ്രൂഷചെയ്യണം. അവർ എനിക്കു കാവൽക്കാരായി ശുശ്രൂഷ അനുഷ്ഠിക്കണം.
17 “ ‘അവർ അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തു പ്രവേശിക്കുമ്പോൾ പരുത്തിനൂൽവസ്ത്രം ധരിക്കണം; അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തും ആലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോൾ അവർ ഒരുതരത്തിലുമുള്ള കമ്പിളിവസ്ത്രവും ധരിക്കരുത്. 18 അവർ തലയിൽ പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും അരയിൽ പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും ധരിക്കണം. വിയർപ്പുണ്ടാക്കുന്ന യാതൊന്നും അവർ ധരിക്കരുത്. 19 പുറത്തെ അങ്കണത്തിൽ ജനങ്ങളുടെ അടുക്കലേക്ക് അവർ ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രങ്ങളുമായുള്ള സമ്പർക്കത്താൽ ജനം വിശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി വിശുദ്ധമുറികളിൽ വെച്ചിട്ട്, മറ്റു വസ്ത്രം ധരിക്കണം.
20 “ ‘അവർ തങ്ങളുടെ തല ക്ഷൗരംചെയ്യുകയോ തലമുടി വളരാൻ അനുവദിക്കുകയോ ചെയ്യാതെ തങ്ങളുടെ തലമുടി കത്രിക്കുകമാത്രം ചെയ്യണം. 21 ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്. 22 അവർ വിധവകളെയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയോ വിവാഹംകഴിക്കരുത്. ഇസ്രായേൽ വംശത്തിലെ കന്യകളെയോ ഒരു പുരോഹിതന്റെ വിധവകളെയോമാത്രമേ അവർ വിവാഹംചെയ്യാവൂ. 23 അവർ വിശുദ്ധമായതും സാമാന്യമായതും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിനു പഠിപ്പിച്ചുകൊടുക്കണം; ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിൽ വിവേചിച്ചറിയാൻ അവരെ സഹായിക്കണം.
24 “ ‘ഏതൊരു വ്യവഹാരത്തിലും പുരോഹിതന്മാർ ന്യായാധിപന്മാരായിരിക്കണം; എന്റെ ചട്ടങ്ങൾ അനുസരിച്ച് അവർ തീർപ്പുകൽപ്പിക്കണം. നിശ്ചയിക്കപ്പെട്ട എല്ലാ ഉത്സവങ്ങളിലും അവർ എന്റെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധമായി പാലിക്കുകയും ചെയ്യണം.
25 “ ‘ഒരു പുരോഹിതൻ മരിച്ച ആളിന്റെ അടുക്കൽ ചെന്ന് തന്നെത്താൻ അശുദ്ധനാക്കരുത്; എങ്കിലും മരിച്ച വ്യക്തി തന്റെ പിതാവോ മാതാവോ മകനോ മകളോ സഹോദരനോ അവിവാഹിതയായ സഹോദരിയോ ആണെങ്കിൽ അശുദ്ധനാകാം. 26 പിന്നീട് ആചാരപരമായ തന്റെ ശുദ്ധീകരണം നിർവഹിച്ചശേഷം ഏഴുദിവസം അദ്ദേഹം കാത്തിരിക്കണം. 27 അതിനുശേഷം വിശുദ്ധമന്ദിരത്തിന്റെ അകത്തെ അങ്കണത്തിലേക്ക് മന്ദിരത്തിന്റെ ശുശ്രൂഷയ്ക്കായി പോകുന്ന ദിവസത്തിൽ അവൻ തനിക്കായിത്തന്നെ ഒരു പാപശുദ്ധീകരണയാഗം അർപ്പിക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
28 “ ‘ഞാൻമാത്രമായിരിക്കണം പുരോഹിതന്മാർക്കുള്ള ഏക ഓഹരി. ഇസ്രായേലിൽ അവർക്ക് ഒരവകാശവും നിങ്ങൾ നൽകരുത്. ഞാൻ ആയിരിക്കും അവരുടെ ഓഹരി. 29 അവർ ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം എന്നിവയാൽ ഉപജീവനം കഴിക്കണം; ഇസ്രായേലിൽ യഹോവയ്ക്കായി സമർപ്പിക്കപ്പെട്ടതെല്ലാം അവരുടെ വകയായിരിക്കണം. 30 ആദ്യഫലത്തിലും പ്രത്യേക വഴിപാടുകളിലും ഉത്തമമായതെല്ലാം പുരോഹിതന്മാർക്കുള്ളതായിരിക്കണം. നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ പൊടിച്ച ധാന്യമാവിന്റെ ആദ്യഭാഗമൊക്കെയും അവർക്കു നൽകണം. 31 താനേ ചത്തതോ വന്യമൃഗങ്ങളാൽ വലിച്ചുകീറപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ ഭക്ഷിക്കരുത്.