ദാവീദിന്റെ വ്യഭിചാരം (continued)

ക്രി.മു. 1035

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 32–33

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം.

1 ലംഘനം ക്ഷമിച്ചും

പാപം മറച്ചും കിട്ടിയ മനുഷ്യർ,

അനുഗൃഹീതർ.

2 യഹോവ, പാപം കണക്കാക്കാതെയും

ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ,

അനുഗൃഹീതർ.

3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ,

ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം

എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.

4 രാവും പകലും

അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു;

വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ

എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.

5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു

എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല.

“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,”

എന്നു ഞാൻ പറഞ്ഞു.

അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം

അങ്ങു ക്ഷമിച്ചുതന്നു. സേലാ.

6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും

അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ;

അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം

അവരെ എത്തിപ്പിടിക്കുകയില്ല.

7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു;

ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു;

രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.

8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും;

നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.

9 വിവേകശൂന്യമായ

കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്,

അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു

അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.

10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം,

എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ

അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.

11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;

ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!

33:1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക;

പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.

2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക;

പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.

3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക;

വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.

4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു;

അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.

5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;

അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.

6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു,

തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.

7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു;

ആഴിയെ കലവറകളിൽ സംഭരിക്കുന്നു.

8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ;

ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.

9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി;

അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.

10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു;

ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.

11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.

12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്,

അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.

13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;

സകലമാനവവംശത്തെയും വീക്ഷിക്കുന്നു;

14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന്

ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—

15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു,

അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.

16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല;

തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.

17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം;

അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.

18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും

അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,

19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും

ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;

അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.

21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു,

കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.

22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ

യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.