ദാവീദിന്റെ വ്യഭിചാരം (continued)
ക്രി.മു. 1035
Biblica® Open Malayalam Contemporary Version™ (OMCV)
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2 എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—
3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു
നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.
4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും
നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,
5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന്
അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.
6 പീഡിതരായ എല്ലാവർക്കുംവേണ്ടി
യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.
7 അവിടന്നു തന്റെ വഴികളെ മോശയ്ക്കും
തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:
8 യഹോവ കരുണാമയനും ആർദ്രഹൃദയനും
ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
9 അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല,
അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
10 അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല;
നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ,
തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
12 കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ,
അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,
യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു;
നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
15 മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു,
വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
16 അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു,
അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
17 എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ
നിതാന്തകാലം നിലനിൽക്കും
അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
18 അവിടത്തെ ഉടമ്പടികൾ പാലിക്കുകയും
അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
19 യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു,
സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
20 അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്,
അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ,
ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.
21 അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന
സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.
22 അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള
സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
16 ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു. 17 അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല.
18 ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു.
19 തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു.
“അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു.
20 അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.
21 ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!”
22 അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. 23 എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.”
26 ഈ സമയത്ത് യോവാബ് അമ്മോന്യരുടെ രബ്ബയ്ക്കെതിരേ പൊരുതി രാജകീയ കോട്ട പിടിച്ചെടുത്തു. 27 അപ്പോൾ യോവാബ് ദൂതന്മാരെ അയച്ചു ദാവീദിനോടു പറയിച്ചു. “ഞാൻ രബ്ബയ്ക്കെതിരേ പൊരുതി അതിന്റെ ജലസംഭരണികൾ കൈവശപ്പെടുത്തിയിരിക്കുന്നു, 28 അതിനാൽ ഇപ്പോൾ ശേഷമുള്ള പടയെക്കൂട്ടി നഗരത്തെ വളഞ്ഞ് അങ്ങുതന്നെ അതിനെ പിടിച്ചടക്കിയാലും! അല്ലാത്തപക്ഷം ഞാൻ അതിനെ പിടിച്ചടക്കുകയും അത് എന്റെ പേരിൽ അറിയപ്പെടുകയും ചെയ്യാൻ ഇടയാകുമല്ലോ!”
29 അതിനാൽ ദാവീദ് സകലസൈന്യത്തെയുംകൂട്ടി രബ്ബയിലേക്കു ചെന്നു; അതിനെ ആക്രമിച്ചു കീഴടക്കി. 30 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. 31 അവിടത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.
2 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു. 3 അദ്ദേഹം അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.