ശൗലിന്റെ രാജസദസ്സിൽനിന്ന് പലായനം ചെയ്യുന്നതുവരെയുള്ള ദാവീദിന്റെ ജീവിതം (continued)
ക്രി.മു. 1063
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം ദാവീദിനെ വധിക്കണമെന്ന് ശൗൽ തന്റെ പുത്രനായ യോനാഥാനോടും സകലഭൃത്യന്മാരോടും കൽപ്പിച്ചു. എന്നാൽ യോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു, 2 അദ്ദേഹം ദാവീദിനോടു പറഞ്ഞു: “നീ വളരെ കരുതിയിരിക്കണം, എന്റെ പിതാവായ ശൗൽ നിന്നെ കൊന്നുകളയാൻ തക്കംനോക്കിയിരിക്കുന്നു. നാളെ രാവിലെതന്നെ ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചിരിക്കണം. 3 നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.”
ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവയിൽ ഞാൻ അഭയംതേടുന്നു.
“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,”
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്,
അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു;
ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ
എയ്തുവീഴ്ത്തേണ്ടതിനാണത്.
3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ,
നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”
4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്;
യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു;
അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു.
എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും,
അവിടത്തെ ഹൃദയം വെറുക്കുന്നു.
6 ദുഷ്ടരുടെമേൽ അവിടന്ന്
എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു;
ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
7 കാരണം യഹോവ നീതിമാൻ ആകുന്നു,
അവിടന്ന് നീതി ഇഷ്ടപ്പെടുന്നു;
പരമാർഥികൾ തിരുമുഖം ദർശിക്കും.
സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.
4 യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്. 5 ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?”
6 ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു.
7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് ഉണ്ടായ സംഭാഷണമെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ദാവീദിനെ കൂട്ടിക്കൊണ്ട് ശൗലിന്റെ അടുത്തുവന്നു. ദാവീദ് മുമ്പിലത്തെപ്പോലെ ശൗലിന്റെ സന്നിധിയിൽ കഴിയുകയും ചെയ്തു.
8 വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരുമായി കഠിനമായി പൊരുതി. അവർ ദാവീദിന്റെ മുമ്പിൽനിന്ന് തോറ്റോടി.
9 ഒരിക്കൽ കൈയിൽ കുന്തവുമായി ശൗൽ തന്റെ അരമനയിൽ ഇരിക്കുമ്പോൾ യഹോവയിൽനിന്നുള്ള ദുരാത്മാവു ശൗലിന്റെമേൽ വന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. 10 അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു.
11 ആ രാത്രിതന്നെ ദാവീദിന്റെ വീടിനു കാവൽനിൽക്കുന്നതിന് ശൗൽ ഭടന്മാരെ അയച്ചു. രാവിലെ അദ്ദേഹം ഇറങ്ങിവരുമ്പോൾ കൊന്നുകളയുന്നതിനായി കൽപ്പനകൊടുക്കുകയും ചെയ്തു. ദാവീദിന്റെ ഭാര്യയായ മീഖൾ കാര്യം മനസ്സിലാക്കിയിട്ട് അദ്ദേഹത്തോട്: “ഇന്നു രാത്രി പ്രാണരക്ഷാർഥം ഓടിപ്പോകുന്നില്ലെങ്കിൽ നാളെ പ്രഭാതത്തിൽ അങ്ങു കൊല്ലപ്പെടും” എന്നു പറഞ്ഞു. 12 അങ്ങനെ മീഖൾ ദാവീദിനെ ഒരു ജനാലയിലൂടെ ഇറക്കിവിട്ടു. അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു. 13 പിന്നെ മീഖൾ ഒരു ബിംബമെടുത്ത് ദാവീദിന്റെ കിടക്കയിൽ കിടത്തി. അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയിട്ടു, ഉടൽ തുണികൊണ്ട് പുതപ്പിക്കുകയും ചെയ്തു.
14 ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച പ്രതിനിധികൾ വന്നപ്പോൾ, “അദ്ദേഹം സുഖമില്ലാതെ കിടക്കുന്നു” എന്നു മീഖൾ അറിയിച്ചു.
15 ശൗൽ ആ പ്രതിനിധികളെ വീണ്ടും ദാവീദിന്റെ ഭവനത്തിലേക്കയച്ചു. “അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെമുമ്പിൽ കൊണ്ടുവരിക,” എന്നു കൽപ്പിച്ചു. 16 എന്നാൽ അവർ മുറിയിൽ പ്രവേശിച്ചപ്പോൾ ദാവീദിന്റെ കിടക്കയിൽ ഒരു ബിംബം തലയ്ക്കൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയുമായി കിടക്കുന്നതു കണ്ടു.
17 ശൗൽ മീഖളിനോട്: “നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?” എന്നു ചോദിച്ചു.
“എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു,” എന്ന് മീഖൾ മറുപടി നൽകി.
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്.
1 ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ;
എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
2 അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ
രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ.
3 ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും!
നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു
യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ.
4 ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു.
എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ!
5 സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഇസ്രായേലിന്റെ ദൈവമേ,
സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ;
ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. സേലാ.
6 സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
7 അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ—
അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്,
“ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു.
8 എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു;
ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
9 അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,
10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും.
എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ
അവിടന്ന് എന്നെ അനുവദിക്കും.
11 ഞങ്ങളുടെ പരിചയായ കർത്താവേ, അവരെ കൊന്നുകളയരുതേ,
അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ.
അവിടത്തെ ശക്തിയാൽ അവരെ
വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ.
12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ;
അവരുടെ വായിലെ പാപങ്ങളാലും
അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ.
അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
13 അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ
അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ.
അപ്പോൾ ദൈവമാണ് ഇസ്രായേലിൽ വാഴുന്നതെന്ന്
അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. സേലാ.
14 സന്ധ്യക്ക് അവർ മടങ്ങിവരുന്നു,
നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ
നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
15 ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു
തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു.
16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും,
പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും;
കാരണം അവിടന്നാണെന്റെ അഭയസ്ഥാനം,
കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.
17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ,
അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും;
ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.
സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”