ദാവീദ് സീഫിലെയും മാവോനിലെയും മരുഭൂമിയിൽ

ക്രി.മു. 1059

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 23:13–23

13 അങ്ങനെ ദാവീദും കൂടെയുള്ള ഏകദേശം അറുനൂറ് ആളുകളും കെയീലാ വിട്ടുപോന്നു. അവർ തരംപോലെ ഓരോരോ സ്ഥലത്തേക്കു നീങ്ങിക്കൊണ്ടിരുന്നു. ദാവീദ് കെയീലയിൽനിന്നും രക്ഷപ്പെട്ടു എന്നു ശൗൽ അറിഞ്ഞപ്പോൾ അവിടേക്കുള്ള യാത്ര നിർത്തിവെച്ചു.

14 ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല.

15 ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. 16 ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. 17 യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. 18 അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു.

19 ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. 20 ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.

21 ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! 22 നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. 23 അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.”

സങ്കീർത്തനങ്ങൾ 54

ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു.

1 ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ;

അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.

2 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ;

എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.

3 അപരിചിതർ എന്നെ ആക്രമിക്കുന്നു;

അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു—

അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ.

4 ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം;

കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.

5 എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ;

അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.

6 ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും;

യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.

7 അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു,

ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.

സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.

1 ശമുവേൽ 23:24–28

24 അങ്ങനെ അവർ ശൗലിനുമുമ്പായി സീഫിലേക്കു പോയി. അപ്പോൾ ദാവീദും കൂടെയുള്ളവരും യശിമോന് തെക്ക് അരാബയിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. 25 ശൗലും അദ്ദേഹത്തിന്റെ ആളുകളും തെരച്ചിൽ തുടങ്ങി. ദാവീദ് അതറിഞ്ഞപ്പോൾ മാവോൻ മരുഭൂമിയിലെ വലിയപാറയിൽ ചെന്നു താമസിച്ചു. ശൗൽ ഇതറിഞ്ഞപ്പോൾ ദാവീദിനെ പിൻതുടർന്നു. അദ്ദേഹവും മാവോൻ മരുഭൂമിയിലേക്കു പോയി.

26 ശൗൽ പർവതത്തിന്റെ ഒരുവശത്തുകൂടി നീങ്ങിക്കൊണ്ടിരുന്നു; ദാവീദും അനുയായികളും മറുവശത്തുകൂടിയും. ശൗലിനെ ഒഴിഞ്ഞുമാറിപ്പോകാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കുന്നതിനായി ശൗലും സൈന്യവും അടുത്തു വന്നുകൊണ്ടിരുന്നു. 27 അപ്പോൾ ഒരു സന്ദേശവാഹകൻ വന്ന്, “വേഗം വന്നാലും! ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു ശൗലിനെ അറിയിച്ചു. 28 അപ്പോൾ ശൗൽ ദാവീദിനെ പിൻതുടരുന്നതു മതിയാക്കി ഫെലിസ്ത്യരെ നേരിടാനായി മടങ്ങിപ്പോയി. അതിനാൽ ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.