ദാവീദ് എൻ-ഗെദിയിൽ
ക്രി.മു. 1058
Biblica® Open Malayalam Contemporary Version™ (OMCV)
29 ദാവീദ് അവിടെനിന്നു പോയി എൻ-ഗെദിയിലെ സുരക്ഷിതമേഖലകളിൽ വസിച്ചു.
24:1 ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി. 2 ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി.
3 അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു. 4 ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5 അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി. 6 അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.” 7 ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു.
8 അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു. 9 അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു? 10 ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു. 11 എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു. 12 അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല. 13 ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
14 “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ? 15 യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!”
16 ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു. 17 അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു. 18 എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല. 19 ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ! 20 നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു. 21 എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”
22 അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി.
ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്.
1 എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ,
കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു.
ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ
അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.
2 അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു,
എന്നെ കുറ്റവിമുക്തനാക്കുന്ന ദൈവത്തോടുതന്നെ.
3 അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു,
എന്നെ വേട്ടയാടുന്നവരെ അവിടന്ന് ശകാരിക്കുന്നു—സേലാ.
ദൈവം അവിടത്തെ സ്നേഹവും വിശ്വസ്തതയും അയയ്ക്കുന്നു.
4 ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു;
അത്യാർത്തിയുള്ള ദുഷ്ടമൃഗങ്ങൾക്കിടയിൽത്തന്നെ കിടക്കുന്നു—
ആ മനുഷ്യരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും ആകുന്നു,
അവരുടെ നാവ് മൂർച്ചയേറിയ വാളുകളും.
5 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
6 അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു—
മനോഭാരത്താൽ ഞാൻ എന്റെ തല കുനിച്ചിരിക്കുന്നു.
അവർ എന്റെ വഴിയിൽ ഒരു കുഴികുഴിച്ചിരിക്കുന്നു—
എന്നാൽ അവർതന്നെ അതിൽ വീണിരിക്കുന്നു. സേലാ.
7 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു,
എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു;
ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.
8 എന്റെ ആത്മാവേ, ഉണരുക!
വീണയേ, കിന്നരമേ, ഉണരുക!
ഞാൻ ഉഷസ്സിനെ ഉണർത്തും.
9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും;
ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
10 കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം;
അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
11 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ;
അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.
ദാവീദിന്റെ ഒരു സ്വർണഗീതം.
58:1 ഭരണാധിപരേ, നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ?
നിങ്ങൾ ജനത്തെ മുഖപക്ഷമില്ലാതെയാണോ വിധിക്കുന്നത്?
2 അല്ല! നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും
നിങ്ങളുടെ കരങ്ങൾ ഭൂമിയിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
3 ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു;
ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
4 അവർക്കു സർപ്പസമാനമായ വിഷമുണ്ട്,
അവർ ചെവിയടഞ്ഞ മൂർഖനെപ്പോലെ ബധിരരാണ്,
5 അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല,
അതിവിദഗ്ദ്ധരായ മാന്ത്രികരുടെ സ്വരം ശ്രദ്ധിക്കുന്നതുമില്ല.
6 ദൈവമേ, അവരുടെ വായിലെ പല്ല് തകർക്കണമേ;
യഹോവേ, ആ സിംഹങ്ങളുടെ താടിയെല്ലുകൾ പറിച്ചുകളയണമേ!
7 ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ;
അവർ വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തുവിടുമ്പോൾ, അവ ലക്ഷ്യം കാണാതിരിക്കട്ടെ.
8 ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ,
ചാപിള്ളപോലെ അവർ ഒരിക്കലും സൂര്യപ്രകാശം കാണാത്തവരായിരിക്കട്ടെ.
9 നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന—അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ—ചൂടുതട്ടുന്നതിനുമുമ്പുതന്നെ
ദുഷ്ടർ തൂത്തെറിയപ്പെടും.
10 അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും,
അവർ അവരുടെ കാൽ ദുഷ്ടരുടെ രക്തത്തിൽ കഴുകുമ്പോൾത്തന്നെ.
11 അപ്പോൾ ജനം പറയും:
“നീതിനിഷ്ഠർക്ക് പ്രതിഫലമുണ്ട്, നിശ്ചയം;
ഭൂമിയിൽ ന്യായവിധി നടപ്പിലാക്കുന്ന ഒരു ദൈവവുമുണ്ട്, നിശ്ചയം.”
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ.
ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്.
1 ദൈവമേ, അങ്ങാണ് എന്റെ ദൈവം,
ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു;
വെള്ളമില്ലാതെ
ഉണങ്ങിവരണ്ട ദേശത്ത്,
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു,
എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.
2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു
അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.
3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു,
എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും,
അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
5 വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു;
എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
6 എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു;
രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.
7 അവിടന്ന് എന്റെ സഹായകനായതിനാൽ,
അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.
8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു;
അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.
9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും;
അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.
10 അവർ വാളിന് ഇരയാക്കപ്പെടും
കുറുനരികൾക്കവർ ഇരയായിത്തീരും.
11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;
ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും,
എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.
സംഗീതസംവിധായകന്.