ദാവീദ് ജനങ്ങളെ എണ്ണുന്നു
ക്രി.മു. 1017
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു.
2 അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.”
3 എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?”
4 എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു.
5 അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. 6 അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. 7 പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു.
8 ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി.
9 യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു.
6 രാജകൽപ്പന തനിക്ക് അറപ്പുളവാക്കിയതിനാൽ യോവാബ് ലേവ്യരെയും ബെന്യാമീന്യരെയും കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. 7 ദാവീദിന്റെ ഈ കൽപ്പന ദൈവമുമ്പാകെ ദുഷ്ടതനിറഞ്ഞതും ആയിരുന്നു; അതുകൊണ്ട് ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു.
23 ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല. 24 സെരൂയയുടെ മകനായ യോവാബ് ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തീകരിച്ചില്ല. ഈ സംഖ്യയെടുക്കൽമൂലം യഹോവയുടെ കോപം ഇസ്രായേലിന്മേൽ വന്നു. അതിനാൽ കണക്കെടുത്ത സംഖ്യ ദാവീദുരാജാവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല.
10 യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”
11 പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. 12 ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”
13 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”
14 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”
15 അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു.
15 ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ നിൽക്കുകയായിരുന്നു.
16 ദാവീദ് മേൽപ്പോട്ടു നോക്കി; യഹോവയുടെ ദൂതൻ ജെറുശലേമിനുനേരേ ഊരിപ്പിടിച്ചവാളും ഓങ്ങി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നതു കണ്ടു. അപ്പോൾ ദാവീദും ഇസ്രായേൽനേതാക്കന്മാരും, ചാക്കുശീല ധരിച്ചുകൊണ്ട്, മുഖം താഴ്ത്തി വീണു.
17 സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!”
17 ദാവീദ് ദൈവത്തോട് നിലവിളിച്ചു: “യോദ്ധാക്കളെ എണ്ണുന്നതിന് ആജ്ഞ കൊടുത്ത് തെറ്റുചെയ്തവൻ ഞാനല്ലയോ? പാപം ചെയ്തത് ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ! അങ്ങയുടെ ജനത്തിന്മേൽ ഈ മഹാമാരി വരുത്തരുതേ!”
18 അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ആജ്ഞാപിച്ചു: “ ‘ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക,’ എന്ന് ദാവീദിനെ അറിയിക്കുക!” 19 യഹോവയുടെ നാമത്തിൽ ഗാദു പറഞ്ഞവാക്കുകൾ അനുസരിച്ച് ദാവീദ് പോയി.
20 അരവ്നാ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞു ദൂതനെക്കണ്ടു. അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന നാലു പുത്രന്മാരും പോയി ഒളിച്ചുകളഞ്ഞു. 21 ആ സമയത്തു ദാവീദ് സമീപമെത്തി. അരവ്നാ ദാവീദിനെക്കണ്ടപ്പോൾ മെതിക്കളംവിട്ട് ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
22 ദാവീദ് അരവ്നായോടു പറഞ്ഞു: “ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം പണിയുന്നതിന് നിന്റെ മെതിക്കളം ഇരിക്കുന്ന ഭൂമി എനിക്കു തരിക; അതിന്റെ മുഴുവൻ വിലയും പറ്റിക്കൊണ്ട് അതെനിക്കു തരിക!”
23 അരവ്നാ ദാവീദിനോടു പറഞ്ഞു: “എടുത്തുകൊണ്ടാലും! എന്റെ യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും! ഹോമയാഗത്തിനുള്ള കാളകളെ ഞാൻ തരാം. വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും എല്ലാം ഞാൻ തരാം.”
24 എന്നാൽ ദാവീദുരാജാവ് അരവ്നായോട് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ല, മുഴുവൻ വിലയും തരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. നിന്റേതായ ഒന്നും, യഹോവയ്ക്ക് അർപ്പിക്കാനായി, ഞാൻ എടുക്കുകയില്ല; ചെലവില്ലാത്ത ഹോമയാഗം ഞാൻ അർപ്പിക്കുകയുമില്ല.”
25 അങ്ങനെ ദാവീദ് ആ സ്ഥലത്തിനു വിലയായി അറുനൂറു ശേക്കേൽ സ്വർണം അരവ്നായ്ക്കു കൊടുത്തു. 26 ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് യഹോവയോടു നിലവിളിക്കുകയും യഹോവ ആകാശത്തുനിന്നു ഹോമപീഠത്തിന്മേൽ തീയിറക്കി ഉത്തരമരുളുകയും ചെയ്തു.
27 അപ്പോൾ യഹോവ ദൂതനോടു കൽപ്പിച്ചു; ദൂതൻ വാൾ പിൻവലിച്ച് ഉറയിലിട്ടു. 28 യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരമരുളി എന്നുകണ്ടപ്പോൾ ദാവീദ് അവിടെ യാഗങ്ങൾ അർപ്പിച്ചു. 29 മോശ മരുഭൂമിയിൽവെച്ചുണ്ടാക്കിയ യഹോവയുടെ സമാഗമകൂടാരവും ഹോമപീഠവും അന്ന് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു. 30 യഹോവയുടെ ദൂതന്റെ വാളിനെ ഭയപ്പെട്ടിരുന്നതുകൊണ്ട് ദാവീദിന് അതിന്റെ മുമ്പാകെചെന്ന് ദൈവഹിതം ആരായുന്നതിനു കഴിഞ്ഞില്ല.
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം.
1 യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും,
ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു
എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു,
അങ്ങ് എന്നെ സൗഖ്യമാക്കി.
3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു;
കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.
4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക;
അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,
എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;
വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,
എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.
6 എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു,
“ഞാൻ ഒരുനാളും കുലുങ്ങുകയില്ല.”
7 യഹോവേ, അവിടത്തെ പ്രസാദത്താൽ
അങ്ങ് എന്നെ പർവതംപോലെ ഉറപ്പിച്ചുനിർത്തി;
എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ,
ഞാൻ പരിഭ്രമിച്ചുപോകുന്നു.
8 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു;
കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:
9 “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം
ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം?
ധൂളി അങ്ങയെ സ്തുതിക്കുമോ?
അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ?
10 യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ;
യഹോവേ, എന്നെ സഹായിക്കണമേ.”
11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു;
അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,
12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ.
എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.
സംഗീതസംവിധായകന്.