ദാവീദ് ജനങ്ങളെ എണ്ണുന്നു (continued)

ക്രി.മു. 1017

Biblica® Open Malayalam Contemporary Version™ (OMCV)

1 ദിനവൃത്താന്തം 21:1–5

1 ഈ സമയം സാത്താൻ ഇസ്രായേലിനെതിരേ ഉണർന്നുപ്രവർത്തിച്ചു; അവരുടെ ജനസംഖ്യയെടുക്കുന്നതിനുള്ള ഒരു പ്രേരണ അവൻ ദാവീദിനു നൽകി. 2 ദാവീദു യോവാബിനോടും മറ്റു സൈന്യാധിപന്മാരോടും കൽപ്പിച്ചു: “പോയി ബേർ-ശേബാമുതൽ ദാൻവരെയുള്ള ഇസ്രായേലിന്റെ കണക്കെടുക്കുക. അവർ എത്രയുണ്ടെന്ന് ഞാൻ അറിയേണ്ടതിന് എന്നെ അറിയിക്കുകയും ചെയ്യുക.”

3 എന്നാൽ യോവാബ് മറുപടി പറഞ്ഞു: “യഹോവ തന്റെ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേ! അവരെല്ലാവരും അങ്ങയുടെ പ്രജകളല്ലോ! എന്റെ യജമാനൻ ഇതു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്? എന്തിന് ഇസ്രായേലിന്മേൽ കുറ്റം വരുത്തിവെക്കുന്നു?”

4 എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബ് നിസ്സഹായനായിരുന്നു. അങ്ങനെ യോവാബു പുറപ്പെട്ടു. അദ്ദേഹം ഇസ്രായേലിൽ മുഴുവൻ സഞ്ചരിച്ച് ജെറുശലേമിലേക്കു മടങ്ങിവന്നു. 5 യോദ്ധാക്കളുടെ സംഖ്യ യോവാബ് ദാവീദിനെ അറിയിച്ചു. യെഹൂദാഗോത്രത്തിലെ നാലുലക്ഷത്തി എഴുപതിനായിരം ഉൾപ്പെടെ, വാളേന്താൻ പ്രാപ്തരായി, ഇസ്രായേലിൽ ആകെ പതിനൊന്നു ലക്ഷം പുരുഷന്മാർ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 21:8–14

8 അപ്പോൾ ദാവീദ് ദൈവത്തോടു പ്രാർഥിച്ചു: “ഞാൻ ഇതുമൂലം കൊടിയ പാപംചെയ്തിരിക്കുന്നു; ഇപ്പോൾ അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”

9 ദാവീദിന്റെ ദർശകനായ ഗാദിനോട് യഹോവ അരുളിച്ചെയ്തു: 10 ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”

11 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “യഹോവ അരുളിച്ചെയ്യുന്നു; ‘ഇഷ്ടമുള്ളതു നീ തെരഞ്ഞെടുക്കുക! 12 മൂന്നുവർഷത്തേക്കു ക്ഷാമം, മൂന്നുമാസം നിന്റെ ശത്രുക്കളുടെ വാൾ നിന്നെ കീഴടക്കി നീ അവരുടെമുമ്പിൽനിന്ന് പലായനംചെയ്യുക, അല്ലെങ്കിൽ മൂന്നുദിവസം യഹോവയുടെ വാൾ, യഹോവയുടെ ദൂതൻ ഇസ്രായേലിൽ എല്ലായിടവും നാശം വിതച്ചുകൊണ്ട് ദേശത്തു മഹാമാരിയുടെ മൂന്നു ദിനങ്ങൾ,’ എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”

13 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. ഞാൻ യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”

14 അങ്ങനെ യഹോവ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു; ഇസ്രായേലിൽ എഴുപതിനായിരംപേർ മരിച്ചുവീണു.

2 ശമുവേൽ 24:16

16 സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു.

2 ശമുവേൽ 24:18–25

18 അന്ന് ഗാദ് ചെന്ന് ദാവീദിനോടു പറഞ്ഞു: “ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.” 19 യഹോവ ഗാദ് പ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ ദാവീദ് പോയി. 20 രാജാവും അനുയായികളും തന്റെ അടുത്തേക്കു വരുന്നതായിക്കണ്ടപ്പോൾ അരവ്നാ ഓടിവന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

21 അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?”

“താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.”

22 അരവ്നാ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് പ്രസാദം തോന്നുന്നതെല്ലാം എടുത്ത് അർപ്പിച്ചാലും! ഇതാ! ഹോമയാഗത്തിനുള്ള കാളകൾ ഇവിടെയുണ്ട്. വിറകിനുവേണ്ടി മെതിവണ്ടികളും കാളയുടെ നുകങ്ങളും ഉണ്ടല്ലോ! 23 തിരുമനസ്സേ! ഇതെല്ലാം രാജാവിനുവേണ്ടി അരവ്നായുടെ തിരുമുൽക്കാഴ്ചയാകുന്നു.” അരവ്നാ തുടർന്നു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ.”

24 എന്നാൽ രാജാവ് അരവ്നായോടു മറുപടി പറഞ്ഞു: “അല്ല, അതിനു വിലതരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. എനിക്കു യാതൊരു ചെലവും വരാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുകയില്ല.”

അങ്ങനെ ദാവീദ് അൻപതുശേക്കേൽ വെള്ളികൊടുത്ത് ആ മെതിക്കളവും കാളകളും വാങ്ങിച്ചു. 25 ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ ദേശത്തിനുവേണ്ടിയുള്ള പ്രാർഥന യഹോവ കേട്ടു; ഇസ്രായേലിനെ ബാധിച്ചിരുന്ന മഹാമാരി നീങ്ങിപ്പോയി.

ദാവീദിന്റെ ഭരണത്തിന്റെ അവസാന ആറു മാസങ്ങൾ ക്രി.മു. 1015

ദാവീദ് ദേവാലയം പണിയാൻ ഒരുങ്ങുന്നു

1 ദിനവൃത്താന്തം 22

1 അതിനുശേഷം ദാവീദ്, “ദൈവമായ യഹോവയുടെ ആലയവും, ഇസ്രായേലിന് ഹോമയാഗം കഴിക്കുന്നതിനുള്ള യാഗപീഠവും ഇവിടെ ആയിരിക്കണം” എന്നു പറഞ്ഞു.

2 തുടർന്ന്, ഇസ്രായേലിലുള്ള പ്രവാസികളെ ഒരുമിച്ചുകൂട്ടാൻ ദാവീദ് കൽപ്പനകൊടുത്തു. ദൈവത്തിന്റെ ആലയം പണിയുന്നതിനുവേണ്ടി ചെത്തിയ കല്ലു തയ്യാറാക്കാൻ അവരിൽനിന്നു കൽപ്പണിക്കാരെ അദ്ദേഹം നിയോഗിച്ചു. 3 വാതിൽക്കതകുകൾക്കുവേണ്ട ആണിയും മറ്റു സാമഗ്രികളും ഉണ്ടാക്കുന്നതിനു വളരെയേറെ ഇരുമ്പും തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വെങ്കലവും അദ്ദേഹം ഒരുക്കിവെച്ചു. 4 എണ്ണമറ്റ ദേവദാരുക്കളും അദ്ദേഹം സംഭരിച്ചിരുന്നു; സീദോന്യരും സോർ നിവാസികളും ദാവീദിനുവേണ്ടി അവ ധാരാളമായി കൊണ്ടുവന്നിരുന്നു.

5 “എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; പരിചയസമ്പന്നനുമല്ല; യഹോവയ്ക്കുവേണ്ടി പണിയപ്പെടേണ്ട ആലയം സകലജനതകളുടെയും ദൃഷ്ടിയിൽ അത്യന്തം പ്രൗഢിയും കീർത്തിയും ശോഭയുംകൊണ്ടു മഹത്ത്വമേറിയതും ആയിരിക്കണം. അതിനാൽ ഞാൻ അതിനുവേണ്ടി ഒരുക്കങ്ങൾ കൂട്ടും,” എന്ന് ദാവീദു പറഞ്ഞു. അദ്ദേഹം തന്റെ മരണത്തിനു മുമ്പായി അതിവിപുലമായ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.

6 അതിനുശേഷം ദാവീദ് ശലോമോനെ വിളിച്ചുവരുത്തിയിട്ട് ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുന്നതിനു ചുമതലപ്പെടുത്തി. 7 ദാവീദ് ശലോമോനോട് ഇപ്രകാരം പറഞ്ഞു: “എന്റെ മകനേ, എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിയുന്നതിനു ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. 8 എന്നാൽ യഹോവയിൽനിന്ന് ഈ അരുളപ്പാടാണ് എനിക്കു ലഭിച്ചത്: ‘നീ വളരെയേറെ രക്തം ചിന്തിയിരിക്കുന്നു; വളരെയേറെ യുദ്ധങ്ങളും നീ നടത്തിയിരിക്കുന്നു; എന്റെ നാമത്തിന് ഒരാലയം പണിയേണ്ടതു നീയല്ല; കാരണം, എന്റെ കൺമുമ്പിൽ, നീ ഭൂതലത്തിൽ വളരെയേറെ രക്തം ചിന്തിയവനാണ്. 9 എന്നാൽ നിനക്കൊരു മകൻ ഉണ്ടാകും. അവൻ സമാധാനത്തിന്റെയും വിശ്രമത്തിന്റെയും പുരുഷനായിരിക്കും. സകലയിടങ്ങളിലുമുള്ള അവന്റെ സകലശത്രുക്കളിൽനിന്നും ഞാൻ അവനു വിശ്രമം നൽകും. അവന്റെ പേര് ശലോമോൻ എന്നായിരിക്കും. അവന്റെ ഭരണകാലത്തു ഞാൻ ഇസ്രായേലിനു സമാധാനവും ശാന്തിയും പ്രദാനംചെയ്യും. 10 എന്റെ നാമത്തിന് ഒരാലയം പണിയേണ്ടത് അവനാണ്. അവൻ എനിക്കു മകനും ഞാൻ അവനു പിതാവും ആയിരിക്കും. ഇസ്രായേലിന്മേൽ അവന്റെ രാജസിംഹാസനം ഞാൻ ശാശ്വതമാക്കും.’

11 “അതിനാൽ, ഇപ്പോൾ, എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നിനക്കു വിജയം ലഭിക്കുമാറാകട്ടെ! നിന്റെ ദൈവമായ യഹോവയുടെ ആലയം പണിയുക, അവിടന്ന് അരുളിച്ചെയ്തതുപോലെ നീ പണിയും. 12 യഹോവ നിന്നെ ഇസ്രായേലിനു ഭരണാധിപനാക്കിത്തീർക്കുമ്പോൾ, നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം അനുസരിക്കാൻ തക്കവണ്ണം അവിടന്നു നിനക്കു വിവേകവും പരിജ്ഞാനവും പ്രദാനം ചെയ്യട്ടെ! 13 യഹോവ ഇസ്രായേലിനുവേണ്ടി മോശയ്ക്കു നൽകിയ വിധികളും നിയമങ്ങളും ശ്രദ്ധയോടെ നീ പ്രമാണിച്ചാൽ നിനക്കു വിജയം ലഭിക്കും. ശക്തനും ധീരനും ആയിരിക്കുക! ഭീരുവോ ധൈര്യഹീനനോ ആകരുത്.

14 “യഹോവയുടെ ആലയത്തിനുവേണ്ടി ഒരുലക്ഷം താലന്തു സ്വർണവും പത്തുലക്ഷം താലന്തു വെള്ളിയും തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വെങ്കലവും ഇരുമ്പും ധാരാളം തടിയും കല്ലും ഞാൻ സംഭരിച്ചിട്ടുണ്ട്; അതിനുവേണ്ടി ഞാൻ വളരെ ക്ലേശം സഹിച്ചിട്ടുമുണ്ട്. ഇനിയും വേണ്ടതുകൂടി നിനക്കു സംഭരിക്കാമല്ലോ. 15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാരും കൽപ്പണിക്കാരും മരപ്പണിക്കാരും അതുപോലെതന്നെ ഓരോ തൊഴിലിലും വൈദഗ്ദ്ധ്യമുള്ള ആളുകളും ഉണ്ടല്ലോ. 16 സ്വർണവും വെള്ളിയും വെങ്കലവും ഇരുമ്പുംകൊണ്ടു പണിയുന്ന കരകൗശലവേലക്കാരും നിനക്കു സംഖ്യാതീതമായുണ്ട്. ഇപ്പോൾത്തന്നെ പണി തുടങ്ങുക. യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!”

17 തന്റെ മകനായ ശലോമോനെ സഹായിക്കാൻ ദാവീദ് ഇസ്രായേലിലെ സകലപ്രഭുക്കന്മാരോടും കൽപ്പിച്ചു. 18 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെകൂടെ ഉണ്ടല്ലോ! എല്ലാ രംഗത്തും അവിടന്ന് നിങ്ങൾക്കു വിശ്രമം നൽകിയിട്ടുമുണ്ടല്ലോ! അവിടന്ന് ദേശത്തിലെ പൂർവനിവാസികളെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇന്ന് യഹോവയ്ക്കും അവിടത്തെ ജനത്തിനും അധീനമായിരിക്കുന്നു. 19 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിന് നിങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും സമർപ്പിക്കുക! ദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിയാൻ തുടങ്ങുക; യഹോവയുടെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ മറ്റു വിശുദ്ധവസ്തുക്കളും യഹോവയുടെ നാമത്തിനുവേണ്ടി പണിയപ്പെടുന്ന ആലയത്തിലേക്കു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ.”